വിജയവാഡ: കുറച്ചു കാലങ്ങൾക്ക് ശേഷമാണ് സിപിഐ പാർട്ടി കോൺഗ്രസിന് വിദേശ പ്രതിനിധികൾ എത്തിയിരിക്കുന്നത്. വിജവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ 17 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തര കൊറിയയിൽ നിന്നുള്ള പ്രതിനിധി വരെ എത്തിയിട്ടുണ്ട്. അകിമ്മിന്റെ വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയെ പ്രതിനിധീകരിച്ച് എത്തിയ ചോ ഹു ചോൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കിമ്മിന്റെ നാട്ടിൽ നിന്നും പ്രതിനിധി എത്തിയതോടെ വിജയവാഡയിൽ വെട്ടിനിരത്തൽ ഉണ്ടാകുമോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. 75 വയസ്സ് എന്ന പ്രായപരിധി നടപ്പാക്കാനായി ഭരണഘടനാ ഭേദഗതി സിപിഐ ഇന്ന് പാർട്ടി കോൺഗ്രസിൽ കൊണ്ടുവരുന്നത് അംഗീകരിക്കപ്പെട്ടാൽ കേരളത്തിൽ നിന്നുള്ള നേതാക്കളും വെട്ടിനിരത്തലിന് ഇരയായേക്കും. ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് ഉയരുമെന്ന് ഉറപ്പാണ്.

കേരളത്തിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗം വി.ബി.ബിനു ദേശീയ കൗൺസിലിന്റെ ഈ നിർദേശത്തോട് വിയോജിച്ച് ഭേദഗതി നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അഞ്ചിലേറെ ഭേദഗതികൾ ലഭിച്ചു. 'ഭരണഘടനപരിപാടി 'വിഷയത്തിൽ ഇന്ന് രാവിലെ ആരംഭിക്കുന്ന കമ്മിഷൻ ചർച്ച നിർണായകമാകും. പൊതു ചർച്ച അവസാനിച്ചതോടെ പാർട്ടി കോൺഗ്രസ് പ്രതിനിധികൾ നാലു കമ്മിഷനുകളായി പിരിഞ്ഞു. രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകനം, സംഘടന എന്നിവയെ ആസ്പദമാക്കി ഉള്ളതാണ് മറ്റു 3 കമ്മിഷനുകൾ.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പല്ലബ് സെൻ ഗുപ്തയ്ക്കു ഭരണഘടനപരിപാടി കമ്മിഷന്റെ ചുമതല കൈമാറി. ഇരുനൂറിലേറെ പേർ ഉള്ള ഈ കമ്മിഷനിൽ കേരളത്തിൽ നിന്ന് കാനം രാജേന്ദ്രനും കെ.പ്രകാശ് ബാബുവും അംഗങ്ങളാണ്. ദേശീയ കൗൺസിലിന്റെ മാർഗരേഖയിലെ നിർദ്ദേശം കമ്മിഷനിൽ ഔദ്യോഗിക ഭരണഘടനാ ഭേദഗതിയായി ഇന്നു കൊണ്ടുവരും.

അപ്പോൾ ഉയരുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ഭൂരിപക്ഷാഭിപ്രായ പ്രകാരം കമ്മിഷൻ ശുപാർശ തയാറാക്കും. ഇതു പൊതു ചർച്ചയിൽ പാർട്ടി കോൺഗ്രസിന്റെ പരിഗണനയ്ക്ക് വിട്ട് അന്തിമ തീരുമാനം എടുക്കും. പാർട്ടി കോൺഗ്രസിനു മാർഗരേഖ തയാറാക്കാൻ ദേശീയ കൗൺസിലിന് അധികാരം ഉണ്ടെങ്കിലും പ്രായപരിധി നിർദ്ദേശം ആ മാർഗരേഖയിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമായതിനാൽ പിൻവലിക്കണം എന്നാണ് വി.ബി.ബിനുവിന്റെ ഒന്നാം ഭേദഗതി. പല ഘടകങ്ങൾക്കും പല പ്രായപരിധി ഏർപ്പെടുത്തിയതിൽ അനൗചിത്യം ഉണ്ടെന്നും 80 ആക്കി നിജപ്പെടുത്തണമെന്നുമുള്ളതാണു അദ്ദേഹത്തിന്റെ രണ്ടാമത്തെ നിർദ്ദേശം. കോട്ടയത്ത് കാനം രാജേന്ദ്രന്റെ നോമിനിയെ അട്ടിമറിച്ച് ജില്ലാ സെക്രട്ടറി ആയ ബിനു പ്രായപരിധിയോടുള്ള ഇസ്മായിൽ പക്ഷത്തിന്റെ എതിർപ്പ് കൂടിയാണ് പ്രകടിപ്പിക്കുന്നത്.

അതേസമയം പാർട്ടി സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും സംസ്ഥാനങ്ങളിൽ ചുമതലക്കാരെ നിയോഗിക്കാനും സിപിഐ തീരുമാനമുണ്ട്. ദേശീയ തലത്തിൽ പാർട്ടി വളരാത്തതിൽ കേന്ദ്ര നേതൃത്വത്തിന് വീഴ്ച ഉണ്ടെന്ന വിമർശനം കണക്കിലെടുത്താണ് ഈ നീക്കം. ഇന്നലെ പൊതു ചർച്ചയിൽ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം അഴിച്ചുവിട്ടിരുന്നു.

ജനറൽ സെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളും പൂർണമായും ഡൽഹിയിലെ പാർട്ടി ആസ്ഥാനം കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്ന നിർദേശമാണ് മുന്നിൽ ഉള്ളത്. നിലവിൽ ചില സെക്രട്ടേറിയറ്റ് അംഗങ്ങൾ അവരുടെ പ്രവർത്തനം സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. സെന്ററിൽ തന്നെ സഹായിക്കാൻ ഇതു മൂലം ആളില്ലെന്ന പരിദേവനം ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് ഉണ്ട്. കോവിഡ് സമയത്ത് ജനറൽ സെക്രട്ടറി ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു.

ദേശീയ നിർവാഹകസമിതി, കൗൺസിൽ അംഗങ്ങൾക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകും. നേരത്തെയും ഈ നിർദ്ദേശം പാർട്ടിക്ക് മുന്നിൽ ഉണ്ടായിരുന്നെങ്കിലും പൂർണ തോതിൽ നടപ്പായിട്ടില്ല. പുതിയ സെക്രട്ടേറിയറ്റ്, ദേശീയ നിർവാഹകസമിതി അംഗങ്ങളെ 18ന് തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യത്തിനാകും മുൻഗണന.

പാർട്ടി അംഗത്വം പുതുക്കുമ്പോൾ പ്രവർത്തനം വിലയിരുത്തണം. പാർട്ടി വിരുദ്ധ ചിന്തകൾ വച്ചു പുലർത്തുന്നവർക്ക് അംഗത്വം പുതുക്കരുത്, കോർപറേഷൻ, മുനിസിപ്പാലിറ്റി തുടങ്ങിയ നഗരപ്രദേശങ്ങളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കും, ലെവി കൃത്യമായി പിരിക്കുന്നതിൽ കേരളത്തെ മാതൃകയാക്കണം, എഐഎസ്എഫ്, എഐവൈഎഫ് എന്നിവയുടെ പ്രവർത്തനത്തിൽ വരുന്ന ഒരു വർഷം പാർട്ടി കൂടുതൽ ശ്രദ്ധ പുലർത്തും, പണപ്പിരിവു നടത്തുന്നത് വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാകണം. ചെറിയ തുകകൾ സമാഹരിച്ച് വലിയ തുക ആക്കുന്ന കേരള ഘടകത്തിന്റെ രീതി മറ്റുള്ളവർ പിന്തുടരണം തുടങ്ങിയവാണ് നിർദേശങ്ങൾ,