മുംബൈ: കേരളത്തിൽ ലോകായുക്തയുടെ ചിറകരിയുന്നു. മഹാരാഷ്ട്രയിൽ കരുത്തു കൂട്ടുന്നു. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ലോകായുക്താനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ഇതുസംബന്ധിച്ച ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു. അണ്ണാ ഹസാരെയുടെ ആവശ്യങ്ങളാണ് മഹാരാഷ്ട്രാ സർക്കാർ അംഗീകരിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തൊടാൻ കഴിയാത്ത വിധം ലോകായുക്താ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ശ്രമിച്ചത്. ഈ ബിൽ നിയമസഭ പാസാക്കി. എന്നാൽ ഗവർണ്ണർ ഒപ്പിട്ടില്ല. ഇതിനിടെയാണ് മഹാരാഷ്ട്രയിലെ അഴിമതി വിരുദ്ധ ഇടപെടൽ ചർച്ചയാകുന്നത്.

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രീംകോടതി ജഡ്ജിയോ ആയിരിക്കും ലോകായുക്തയായി നിയമിക്കപ്പെടുന്നത്. നിലവിലുള്ള ലോകായുക്തനിയമത്തിൽ ഭേദഗതിവരുത്തിയാണ് പുതിയനിയമം കൊണ്ടുവരുന്നത്. അഴിമതിവിരുദ്ധനിയമംകൂടി സംയോജിപ്പിച്ചാണ് പുതിയനിയമമെന്നും ഫഡ്നവിസ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ലോക്പാൽനിയമത്തിന്റെ മാതൃകയിലാണ് ഭരണസുതാര്യതകൂടി മുൻനിർത്തി പുതിയ നിയമം കൊണ്ടുവരുന്നത്. സാമൂഹികപ്രവർത്തകനായ അണ്ണഹസാരെ നിരന്തരം അവശ്യപ്പെട്ടിരുന്ന കാര്യമാണ് സർക്കാർ നടപ്പാക്കുന്നതെന്നും ഫഡ്നവിസ് പറഞ്ഞു. ഇത് അഴിമതി കുറയ്ക്കുന്ന സ്ഥിതിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ശിവസേന വിമതരും ബിജെപിയും ചേർന്നാണ് മഹാരാഷ്ട്രയിൽ ഭരണം നടത്തുന്നത്.

ലോകായുക്തസംവിധാനം മഹാരാഷ്ട്രയിൽ നടപ്പായത് 1971-ലാണ്. 2001-ൽ മഹാരാഷ്ട്രസർക്കാർ നിയോഗിച്ച മാധവ് ഗോഡ്ബുലെ സമിതി വിജിലൻസ് സംവിധാനത്തിന്റെ ചുമതല ലോകായുക്തയുടെ കീഴിലാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അഴിമതിവിരുദ്ധ ബ്യൂറോയെ(എ.സി.ബി) ലോകായുക്തയുടെ കീഴിൽ കൊണ്ടുവരണമെന്നായിരുന്നു നിർദ്ദേശം. ഇത്തരം സംവിധാനമാണ് മഹാരാഷ്ട്രയിൽ വേണ്ടതെന്നാവശ്യപ്പെട്ട് 2019-ൽ അണ്ണഹസാരെ നിരാഹാരം സമരം നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നവിസ് ഹസാരെയുടെ ആവശ്യം അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീടുണ്ടായ ഭരണമാറ്റത്തെത്തുടർന്ന് തുടർനടപടികളുണ്ടായില്ല. ഇതാണിപ്പോൾ നടപ്പാക്കുന്നത്.

അതിനിടെ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ലോകായുക്ത നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി പുതിയനിയമം കൊണ്ടുവരാൻ തീരുമാനിച്ച ഷിന്ദേ-ഫഡ്നവിസ് സർക്കാരിനെ അഭിനന്ദിച്ച് അണ്ണഹസാരെ രംഗത്തു വന്നു. നിശ്ചയദാർഢ്യമുള്ള സർക്കാരിനുമാത്രമേ ഇത്തരം തീരുമാനങ്ങളെടുക്കാനാകൂ എന്നായിരുന്നു ഹസാരെയുടെ പ്രതികരണം. ലോക്പാൽ നിയമത്തിന് സമാനമായ നിയമം കൊണ്ടുവരണമെന്ന് താൻ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് ഹസാരെ പറഞ്ഞു.

ഒഡിഷ, ബിഹാർ, രാജസ്ഥാൻ, യു.പി. എന്നീ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ ലോകായുക്തയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്നില്ല. രാജ്യത്താദ്യമായി ലോകായുക്ത നിലവിൽവന്നത് മഹാരാഷ്ട്രയിലാണ്; 1971-ൽ. കേരളത്തിൽ അധികാരംകുറയ്ക്കുന്ന നിയമം ഗവർണറുടെ മുമ്പിലുമാണ്. കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ലോകായുക്തയുടെ പരിധിയിലുണ്ട്. എന്നാൽ, ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തി സർക്കാർ നിയമം ഭേദഗതിചെയ്തു. അഴിമതി തെളിയുന്നപക്ഷം പൊതുപ്രവർത്തകന് തത്സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടായിരുന്നു.

എന്നാൽ ഈ വകുപ്പ് ഭേദഗതിചെയ്ത്, മുഖ്യമന്ത്രിക്കെതിരേയാണ് വിധിയെങ്കിൽ നിയമസഭയ്ക്കും മന്ത്രിമാർക്കെതിരേയെങ്കിൽ മുഖ്യമന്ത്രിക്കും എംഎ‍ൽഎ.മാർക്കെതിരേയാണെങ്കിൽ സ്പീക്കർക്കും തീരുമാനമെടുക്കാൻ അധികാരം നൽകുംവിധമാക്കി. എന്നാൽ, ഈ ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ പഴയ നിയമം തന്നെയാണ് നിലവിൽ ബാധകം.