ന്യൂഡൽഹി: ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെ എപ്പോഴും കീരിയും പാമ്പും പോലെയാണെന്ന് തോന്നാം. എന്നാൽ, എപ്പോഴും അങ്ങനെയല്ല. നേതാക്കൾ തമ്മിൽ ഒരു പരസ്പര ബഹുമാനവും, സ്‌നേഹവും ഒക്കെ കാത്തുസൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, നേതാക്കളുടെ കൂട്ടായ്മകളുടെ ഊഷ്മളമായ ചിത്രങ്ങൾ കാണുന്നതും ഒരു പോസിറ്റീവ് എനർജി നൽകും.പരസ്പരം പഴിചാരലും, ചെളിവാരി എറിയലും അല്ലാതെ മുതിർന്ന നേതാക്കൾ കാക്കുന്ന ആ അടുപ്പത്തിന്റെ ചൂട് പകരുന്ന ചില ചിത്രങ്ങൾ പുറത്തുവന്നു. പുറത്തുവരേണ്ട താമസം, അവ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനിൽ നടത്തിയ സർവകക്ഷിയോഗത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരെയും ഹസ്തദാനം ചെയ്തും കുശലം പറഞ്ഞും, കൂടുതൽ അടുപ്പിച്ചത്.

യെച്ചൂരിയുടെ കൈപിടിച്ച് പൊട്ടിച്ചിരിക്കുന്ന മോദിയുടെ ചിത്രം കണ്ട് എന്തായിരിക്കാം അവർ പറഞ്ഞ തമാശ എന്ന് ചിന്തിക്കുന്നത് സ്വാഭാവികം. തൊട്ടടുത്ത് തന്നെ സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും ഉണ്ട്.

മോദിയുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ചിത്രവും സവിശേഷം തന്നെ.

പ്രധാനമന്ത്രിയോട് കുശലം പറഞ്ഞ് ജോസ് കെ മാണിയും, മമതയും എല്ലാം നിൽക്കുന്നത് കാണാം.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ (എഎപി) അരവിന്ദ് കേജ്രിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് എൻ.ചന്ദ്രബാബു നായിഡു, കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ.മാണി എന്നിവരുൾപ്പെടെ വിവിധ പാർട്ടി നേതാക്കളും മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) തലവനുമായ എച്ച്.ഡി.ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, രാജ്നാഥ് സിങ്, എസ്.ജയ്ശങ്കർ, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, ഭൂപേന്ദർ യാദവ് എന്നിവരും യോഗത്തിനെത്തി. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി, രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ പശുപതിനാഥ് പരാസ്, മുസ്ലിം ലീഗ് (ഐയുഎംഎൽ) ദേശീയ പ്രസിഡന്റ് കെ.എം.കാദർ മൊഹിദീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം, തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവു (കെസിആർ) യോഗത്തിൽനിന്ന് വിട്ടുനിന്നതിനെതിരെ വിമർശനം ഉയർന്നു.

ഇന്ത്യയുടെ ജി20 അദ്ധ്യക്ഷസ്ഥാനം രാജ്യത്തിന്റെ ശക്തി ലോകത്തിന് മുഴുവൻ പ്രകടിപ്പിക്കാനുള്ള അതുല്യ അവസരമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജി20 അധ്യക്ഷസ്ഥാനം രാജ്യത്തിനു മുഴുവൻ അവകാശപ്പെട്ടതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി