ന്യൂഡൽഹി: പൊതുവേദിയിലെ രാഷ്ട്രീയ പ്രസംഗം കണ്ട് നേതാക്കളെ വിലയിരുത്തരുത്. അവിടെ അവർ രാഷ്ട്രീയ മേൽക്കൈക്കായി എന്തും പറയും. നേരിൽ കണ്ടാലോ, പലരും പരമശാന്തരും, മാന്യരും. രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടേയും വിദ്വേഷ പ്രസംഗങ്ങളുടേയും പശ്ചാത്തലത്തിൽ ചില മുസ്ലിം മത നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയ ശേഷം പറഞ്ഞതും ഇതുതന്നെയാണ്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു കൂടിക്കാഴ്ച.

ജംഇയ്യത്തുൽ ഉലമ-ഇ- ഹിന്ദ് അധ്യക്ഷൻ മൗലാന മഹമൂദ് മദനി, സെക്രട്ടറി നിയാസ് ഫാറൂഖി, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗങ്ങളായ കമാൽ ഫാറൂഖി, പ്രൊഫസർ അക്തറുൽ വാസി എന്നിവരാണ് അമിത് ഷായെ സന്ദർശിച്ചത്. രാജ്യം നേരിടുന്ന 14 വെല്ലുവിളികളാണ് പ്രതിനിധി സംഘം ഉന്നയിച്ചതെന്ന് നിയാസ് ഫറൂഖി എൻഡി ടിവിയോട് പറഞ്ഞു. ബിഹാറിലെയും, ബംഗാളിലെയും, മഹാരാഷ്ട്രയിലെയും വർഗ്ഗീയ സംഘർഷങ്ങളാണ് ഉന്നയിച്ചതിൽ ചില മുഖ്യവിഷയങ്ങൾ.

' വ്യത്യസ്തനായ അമിത്ഷായെ ആണ് ഞങ്ങൾ കണ്ടത്. പൊതുവേദികളിലെ രാഷ്ട്രീയ പ്രസംഗങ്ങളിൽ കാണുന്ന ആളേയല്ല. ക്ഷമയോടെ, എല്ലാം വിശദമായി കേട്ടു. നിഷേധാത്മക നിലപാടേയല്ലായിരുന്നു.' നിയാസ് ഫറൂഖി പറഞ്ഞു. ബിഹാറിൽ മദ്രസ കത്തിച്ചത്,പശു സംരക്ഷണത്തിന്റെ പേരിൽ നടത്തുന്ന കൊലപാതകങ്ങൾ, ഏക സിവിൽ കോഡ്, സ്വവർഗ വിവാഹം തുടങ്ങിയ വിഷയങ്ങളെല്ലാം ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ' രാജ്യത്ത് എല്ലാ തരത്തിലുമുള്ള ആൾക്കാരുണ്ട്. എല്ലാവരെയും ഒരുകണ്ണിലൂടെ കാണുന്നത് ശരിയാകില്ല. സർക്കാരിന് ഇക്കാര്യത്തിൽ പങ്കാളിത്തമില്ല.'അമിത് ഷാ പറഞ്ഞു. ഉന്നത നേതാക്കളുടെ ഭാഗത്ത് നിന്നുള്ള മൗനം പലപ്പോളും മുസ്ലീങ്ങളിൽ നിരാശയുണ്ടാക്കുന്നു എന്ന് പറഞ്ഞപ്പോൾ, അക്കാര്യം പരിശോധിക്കാമെന്നായിരുന്നു ഷായുടെ മറുപടി.

ഏതെങ്കിലും, നേതാവിനെ ഞങ്ങൾ ലക്ഷ്യമിട്ടിരുന്നില്ല, രാജ്യത്ത് സഹകരണത്തിന്റെയും മാറ്റത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം, നിയാസ് ഫറൂഖി പറഞ്ഞു.

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)