ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചവരെ അവധി പ്രഖ്യാപിച്ചതിൽ പ്രതിഷേധം കടുത്തതോടെ തീരുമാനം പിൻവലിച്ച് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്). അവധി ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് പിൻവലിച്ചത്. നേരത്തെ ഒ.പി. വിഭാഗങ്ങൾക്ക് തിങ്കളാഴ്ച 2.30 വരെ അടച്ചിടാനായിരുന്നു തീരുമാനം. ഇതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങളും പ്രതിഷേധവും ഉയർന്നതോടെയാണ് എയിംസ് തീരുമാനം തിരുത്തിയത്.

രോഗികൾക്ക് അടിയന്തര ആശ്വാസമെത്തിക്കാനാവശ്യമായ ക്രിട്ടിക്കൽ കെയർ ക്ലിനിക്കുകളെല്ലാം സാധാരണപോലെ പ്രവർത്തിക്കുമെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഒ.പി. വിഭാഗങ്ങൾ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എയിംസ് അധികൃതർ അടച്ചിടൽ തീരുമാനം പിൻവലിച്ചത്.

രോഗികൾക്ക് ഉണ്ടാകാനിടയുള്ള അസൗകര്യം കണക്കിലെടുത്താണ് അവധിക്കുള്ള ഉത്തരവ് പിൻവലിക്കുന്നതെന്നാണ് അറിയിപ്പ്. നാളെ ഒപി വിഭാഗം ഉൾപ്പെടെ പതിവുപോലെ പ്രവർത്തിക്കും. ഭുവനേശ്വർ എയിംസും നാളെ ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു.

എയിംസിലെ ജീവനക്കാർക്ക് കൂട്ടഅവധി നൽകിയതിനെതിരെ രാജ്യസഭാ എംപി കപിൽ സിബൽ രംഗത്ത് വന്നിരുന്നു. രാമരാജ്യത്ത് ഇതൊരിക്കലും സംഭവിക്കില്ലെന്ന് കപിൽ സിബൽ പ്രതികരിച്ചു. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എയിംസിലെ ഒപിഡി ജനുവരി 22ന് ഉച്ചയ്ക്ക് 2.30 വരെ അടച്ചിടും. രാമരാജ്യത്ത് ഇതൊരിക്കലും സംഭവിക്കില്ല.' കപിൽ സിബൽ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി.

എല്ലാ ദേശീയ അവധി ദിനങ്ങളിലും എയിംസിലെ ഒപിഡി അടച്ചിടാറുണ്ട്. ഞായറാഴ്ചകളിലും അവധിയാണ്. എന്നാൽ അടിയന്തര ചികിത്സാ സഹായം 24 മണിക്കൂറും ലഭ്യമാണ്. ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശ്യമാണെന്നു വ്യക്തം എന്നായിരുന്നു കപിൽ സിബലിന്റെ കുറിപ്പിനു താഴെ പലരും കമന്റ് ചെയ്തത്.

അതേസമയം, പുതുച്ചേരിയിലെ ജിപ്മർ ആശുപത്രിയിൽ അവധി പ്രഖ്യാപിച്ചതിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി വന്നെങ്കിലും, രോഗികൾക്ക് ബുദ്ധിമുട്ടു വരാതെ നോക്കുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പ് ഹൈക്കോടതി അംഗീകരിച്ചു. അടിയന്തര ശസ്ത്രക്രിയകൾ നടത്താനുള്ള ആളുകൾ രാവിലെ ഡ്യൂട്ടിക്ക് ഉണ്ടാകുമെന്നും ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ ഉറപ്പു നൽകി.