ന്യൂഡൽഹി: ഉത്തരേന്ത്യയിലെ അതിശൈത്യത്തെയും അതിജീവിച്ച് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രയാണം. ഉത്തരേന്ത്യ കൊടുംതണുപ്പിലേക്ക് കടക്കുമ്പോഴും രാഹുൽ അതൊന്നും കൂസുന്നില്ല. പുലർച്ചെ മുതൽ ഭാരത് ജോഡോ യാത്രയിൽ നടക്കുമ്പോഴും തിങ്കളാഴ്ച അതിരാവിലെ വിവിധസ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തിയപ്പോഴും രാഹുൽ ധരിച്ചത് ടീഷർട്ടും പാന്റും മാത്രം. സ്മാരകങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ രാഹുൽ ചെരിപ്പും ധരിച്ചിരുന്നില്ല. എങ്ങനെ തണുപ്പ് കാര്യമാക്കാതെ നടക്കാനാവുന്നു എന്ന ചോദ്യത്തിന് രാഹുലിന് ഒരുത്തരമേയുള്ളൂ- ''ചൂടുവസ്ത്രം വാങ്ങാൻ ശേഷിയില്ലാത്ത കർഷകരോടും തൊഴിലാളികളോടും പാവംകുട്ടികളോടും നിങ്ങളീ ചോദ്യംചോദിക്കുമോ?''.

കഴിഞ്ഞദിവസം ചെങ്കോട്ടയിലെ പ്രസംഗത്തിൽ രാഹുൽ പറഞ്ഞു -''ഇതുവരെ ഞാൻ 2800 കിലോമീറ്റർ സഞ്ചരിച്ചു. ഞാൻ കരുതുന്നത് അതു വലിയകാര്യമല്ലെന്നാണ്. കർഷകർ ഒരുദിവസം ഒരുപാട് നടക്കുന്നു. അതുപോലെ ഫാംതൊഴിലാളികളും ഫാക്ടറിത്തൊഴിലാളികളും. ഇന്ത്യമുഴുവൻ അങ്ങനെയാണ്.'' രാഹുലിന്റെ തണുപ്പിനെ നേരിടാനുള്ള ശേഷിയിൽ മറ്റൊരുസിദ്ധാന്തമാണ് കോൺഗ്രസ് നേതാവ് കനയ്യകുമാർ മുന്നോട്ടുവെക്കുന്നത് -''അദ്ദേഹം ബിജെപി.യുടെയും ആർ.എസ്.എസിന്റെയും വിദ്വേഷത്തിന്റെ പ്രിയപ്പെട്ട ലക്ഷ്യമാണ്. നിങ്ങളുടെ ശരീരം 'തെളിവ്' ആകും.'' അതേസമയം ട്വിറ്ററിൽ പലരും ചൂണ്ടിക്കാട്ടുന്നത് ഇത് രാഹുലിന്റെ ആരോഗ്യസുസ്ഥിരതയുടെ തെളിവാണെന്നാണ്.

അതേസമയം ഭാരത് ജോഡോ യാത്രയുടെ ഉത്തർപ്രദേശ് പര്യടനത്തിൽ പങ്കുചേരാൻ ഇതര പ്രതിപക്ഷ പാർട്ടി നേതാക്കളെ ക്ഷണിച്ച് കോൺഗ്രസ് ജാഥ കൂടുതൽ സജീവമാക്കാൻ ഒരുങ്ങുകയാണ്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്‌പി. നേതാവ് മായാവതി, ആർ.എൽ.ഡി. നേതാവ് ജയന്ത് ചൗധരി തുടങ്ങിയവരെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സമാജ്വാദി പാർട്ടി എംഎ‍ൽഎ. ശിവ്പാൽ യാദവ്, ബി.എസ്‌പി. ജനറൽ സെക്രട്ടറി സതീഷ് മിശ്ര, എസ്.ബി.എസ്‌പി. അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ എന്നിവർക്കും യാത്രയിലേക്ക് ക്ഷണമുണ്ട്.

പ്രതിപക്ഷത്തെ പ്രമുഖനേതാക്കളെയെല്ലാം യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് അശോക് സിങ് അറിയിച്ചു. ആളുകൾക്ക് അവരുടെ കാഴ്ചപ്പാടുകൾ ഉന്നയിക്കാൻ അനുമതിയില്ലാത്ത കാലത്ത്, ജനങ്ങളുടെ മനസ്സറിയാനുള്ള ഏകമാർഗം ഭാരത് ജോഡോ യാത്രയാണ്. നിലവിലെ സർക്കാരിനെക്കുറിച്ച് പ്രതിപക്ഷപാർട്ടികൾക്കെല്ലാം ഒരേ അഭിപ്രായമായതിനാലാണ് ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി മൂന്നിനാണ് ഉത്തർപ്രദേശിൽ പ്രവേശിക്കുക. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ യാത്രയ്ക്ക് നിലവിൽ വിശ്രമമാണ്. ഗസ്സിയാബാദിലെ ലോനിയിൽ വെച്ച് ഉത്തർപ്രദേശിൽ പ്രവേശിക്കുന്ന യാത്ര ഭാഗ്പത്, ഷാംലി വഴി ഹരിയാണയിലേക്ക് പോകും.

മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിനാണ് സംസ്ഥാനത്ത് യാത്രയുടെ ഏകോപന ചുമതല. സംസ്ഥാനത്ത് യാത്ര കടന്നുപോകുന്ന മൂന്ന് ദിവസവും പ്രിയങ്കാ ഗാന്ധി മുഴുവൻ സമയവും യാത്രയിൽ പങ്കെടുക്കും.