ന്യൂഡൽഹി: അഭ്യൂഹങ്ങൾക്ക് വിട നൽകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മത്സരത്തിനിറങ്ങും. സ്വന്തം മണ്ഡലമായ ബുധിനിയിൽ തന്നെയാണ് ശിവരാജ് സിങ് ചൗഹാൻ മത്സരിക്കുക. ബുധിനിയിൽ ്അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ അടുത്തഘട്ട സ്ഥാനാർത്ഥിപ്പട്ടികയിലാണ് ശിവരാജ് സിങ് ചൗഹാന്റെ പേരുള്ളത്. ഇതോടെ മധ്യപ്രദേശിൽ 136 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ശിവരാജ് സിങ് ചൗഹാന് പുറമേ 56 സ്ഥാനാർത്ഥികളെ കൂടി മധ്യപ്രദേശിൽ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ വേണ്ടെന്ന തീരുമാനം ബിജെപി എടുത്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പേര് ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ ഉണ്ടാകാതിരുന്നത് നിരവധി അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു. മധ്യപ്രദേശിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ കൈലാഷ് വിജയ്വർഗിയ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ഒരു ശതമാനം പോലും ആഗ്രഹമില്ലെന്ന് ഒരു പൊതുവേദിയിൽ പറഞ്ഞത് ബിജെപിയെ വെട്ടിലാക്കിയിരുന്നു.

രാജസ്ഥാനിൽ 41പേരുടെയും മധ്യപ്രദേശിൽ 57 പേരുടെയും, ഛത്തീസ്‌ഗഡിൽ 64പേരുടെയും പട്ടികയാണ് പുറത്തുവിട്ടത്. രാജസ്ഥാനിൽ രാജ്യവർധൻ സിങ് റാത്തോഡ് ഉൾപ്പടെ ഏഴ് എംപിമാർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചു. അതേസമയം മുൻ മുഖ്യമന്ത്രി വസുന്ധര രാജെ പട്ടികയിൽ ഇല്ല. വസുന്ധരയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പു നേരിടാൻ ബിജെപിക്ക് താൽപ്പര്യമില്ലെന്നാണ് സൂചനകൾ. ഇന്ന് ഉച്ചക്ക് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഛത്തീസ്‌ഗഢിൽ രണ്ട് ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടുമാണ് തെരഞ്ഞെടുപ്പ്. മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്‌ഗഢിൽ ആദ്യഘട്ടം നവംബർ ഏഴിനും രണ്ടാം ഘട്ടം നവംബർ 17നും നടക്കും. ഛത്തീസ്‌ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനിൽ ഒറ്റഘട്ടമായി നവംബർ 23ന് നടക്കും. ഏറ്റവും ഒടുവിൽ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയിൽ നവംബർ 30നാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് അഞ്ചിടത്തേയും വോട്ടെണ്ണൽ നടക്കുമെന്ന് മുഖ്യ തെരഞ്ഞടുപ്പ്കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേക്കും രാജസ്ഥാനിൽ 200 മണ്ഡലങ്ങളിലേക്കും തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്കും ഛത്തീസ്‌ഗഡിൽ 90 മണ്ഡലങ്ങളിലേക്കും മിസോറാമിൽ 40 മണ്ഡലങ്ങൽലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തീയതി പ്രഖ്യാപിച്ചതോടെ അഞ്ച് സംസ്ഥാനങ്ങളിലും മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു.

അഞ്ച് സംസ്ഥാനങ്ങളിലായി 16.14 കോടി വോട്ടർമാരാണ് ഉള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ഇതിൽ 60.2 ലക്ഷം പുതിയ വോട്ടർമാരാണ്. 8.2 കോടി പുരുഷന്മാരും 7.8 കോടി വനിതാ വോട്ടർമാരുമാണ് ഉള്ളത്. രാജ്യത്തെ ആകെ വോട്ടർമാരിൽ ആറിൽ ഒന്ന് പേർ ബൂത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചിടത്തുമായി 1.77 ലക്ഷം പോളിങ് ബുത്തുകൾ ഉണ്ടായിരിക്കും. 1.01 ലക്ഷം പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തും. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസാണ് നിലവിലെ ഭരണകക്ഷി. മധ്യപ്രദേശിൽ ബിജെപിയും തെലങ്കാനയിൽ ഭാരത് രാഷ്ട്രസമിതിയും മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടുമാണ് അധികാരത്തിൽ. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്കും, പ്രതിപക്ഷ പാർട്ടികൾക്കും നിർണായകമാണ്. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി ഒരുമിച്ച് നിൽക്കുമോയെന്നതും പ്രധാനമാണ്.

2023 ഡിസംബറിനും 2024 ജനുവരിക്കുമിടയിൽ അഞ്ച് സംസ്ഥാനങ്ങളിലേയും നിയമസഭാ കാലാവധി അവസാനിക്കും. തെലങ്കാന, രാജസ്ഥാൻ, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമിൽ ഡിസംബർ 17-ന് കാലാവധി പൂർത്തിയാകും.