ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ജയിൽമോചിതനാകുമ്പോൾ കോൺഗ്രസ് പ്രതീക്ഷയിൽ. ജലന്തർ ലോക്‌സഭാ സീറ്റിലേക്ക് മെയ്‌ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ദു ജയിൽമോചിതനായത് പ്രചാരണത്തിൽ ഗുണം ചെയ്യുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. സിദ്ദുവിന് പാർട്ടിയിൽ എന്തു പദവി നൽകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ട്. പിസിസി പ്രസിഡന്റായിരുന്ന സിദ്ദു, പാർട്ടിയിൽ പ്രധാന പദവി പ്രതീക്ഷിക്കുന്നുണ്ട്.

'എന്നെ ആർക്കും ഭയപ്പെടുത്താനാവില്ല. എന്റെ ഭാര്യ അർബുദ ബാധിതയാണ്. ഞാൻ ജയിലിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിയിരുന്നെങ്കിൽ ഇപ്പോൾ മോചനം സാധ്യമാകുമായിരുന്നില്ല. ഏതൊരു കോൺഗ്രസ് പ്രവർത്തകനെയും പോലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പിന്നിൽ ഞാൻ അണിനിരക്കും.' -ഇതാണ് സിദ്ദുവിന്റെ പ്രഖ്യാപനം. എന്നാൽ മനസ്സിലുള്ളത് വിളിച്ചുപറയുന്ന സിദ്ദുവിനെ പിണക്കാതെ നിർത്തുക വരുംനാളുകളിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു വെല്ലുവിളിയാകും. ഹൈക്കമാൻഡിൽ പ്രിയങ്ക ഗാന്ധിയുടെ പിന്തുണയാണു സിദ്ദുവിന്റെ കരുത്ത്.

34 വർഷം മുൻപു വഴിയിലുണ്ടായ തർക്കത്തിനിടെ ഗുർണാം സിങ് എന്നയാളെ ആക്രമിച്ച കേസിൽ, ഒരു വർഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട സിദ്ദു കഴിഞ്ഞ മെയ്‌ മുതൽ പട്യാല സെൻട്രൽ ജയിലിലായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഗുർണാം സിങ് തുടർന്ന് ആശുപത്രിയിൽ മരിച്ചു. ജയിലിലെ നല്ല നടപ്പും പരോൾ ഉപയോഗിച്ചില്ല എന്നതും കണക്കിലെടുത്ത് ശിക്ഷയിൽ 2 മാസത്തെ ഇളവ് ലഭിച്ചു. ഇന്നലെ വൈകിട്ട് ആറിനു മോചിതനായ അദ്ദേഹത്തിനു ജയിലിനു പുറത്ത് അനുയായികൾ വൻ സ്വീകരണമൊരുക്കി.

സിദ്ദുവാണ് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത്. ദയനീയമായി തോറ്റതോടെ, അദ്ദേഹത്തിനെതിരെ സംസ്ഥാന ഘടകത്തിൽ ശക്തമായ എതിർപ്പുയർന്നിരുന്നു. സംസ്ഥാന നേതൃനിര അടിമുടി ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായി യുവനേതാവ് അമരിന്ദർ സിങ് രാജാ ബ്രാറിനെ പിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിച്ചു. ഇതിൽ നീരസമുണ്ടായിരുന്ന സിദ്ദു ജയിലിലായിരിക്കെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള സിദ്ദുവിന്റെ രാഷ്ട്രീയ ഭാവിയിലും സംശയമുണ്ട്. പഞ്ചാബിൽ കോൺഗ്രസ് അടിമുടി തളർച്ചയിലാണ് ഇപ്പോൾ.

സിദ്ദുവിനെ ജയിലാലാക്കിയത് 1988 ഡിസംബർ 27നുണ്ടായ സംഭവത്തിലാണ്. പഞ്ചാബിലെ പട്യാലയിൽ നടുറോഡിൽ വാഹനം പാർക്ക് ചെയ്ത സിദ്ദുവിനെ പിന്നാലെ മറ്റൊരു വാഹനത്തിലെത്തിയ ഗുർണാം സിങ് (65) ചോദ്യം ചെയ്തു. സിദ്ദുവും സുഹൃത്ത് രൂപിന്ദർ സിങ് സന്ധുവും ചേർന്ന് ഗുർനാം സിംഗിനെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയും അയാൾ പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തെന്നാണ് കേസ്.1999ൽ പാട്യാല സെഷൻസ് കോടതി സിദ്ദുവിനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി, സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതേ വിട്ടിരുന്നു. അതിനെതിരെ ഗുർനാംസിംഗിന്റെ ബന്ധുക്കൾ സമർപ്പിച്ച അപ്പീലിൽ പഞ്ചാബ് - ഹരിയാന ഹൈക്കോടതി സിദ്ദുവിനെ നരഹത്യയ്ക്ക് മൂന്ന് വർഷം തടവിന് വിധിച്ചു.

ഈ വിധിക്കെതിരായ അപ്പീലിൽ സിദ്ദുവിനെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയ സുപ്രീംകോടതി തടവ് ശിക്ഷ റദ്ദാക്കുകയും 1000 രൂപ പഴ ശിക്ഷ മാത്രം വിധിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ഉൾപ്പെട്ട ബെഞ്ചിന്റെ ആ വിധിക്കെതിരെ ഗുർനാം സിംഗിന്റെ ബന്ധുക്കൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് ജയിലിൽ കിടക്കേണ്ടി വന്ന വിധി. കുറ്റകൃത്യത്തിന്റെ ഗൗരവവും ശിക്ഷയും തമ്മിൽ ന്യായമായ അനുപാതം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 1000 രൂപ പിഴയോടൊപ്പം ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. അപര്യാപ്തമായ ശിക്ഷ നീതിന്യായ വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സമ്പത്തും സ്വാധീനവുമുള്ളവർ രാജ്യത്തെ നിയമവ്യവസ്ഥയിലെ പഴുതുകൾ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് സിദ്ധുവിനെതിരായ കേസും അതിന്റെ ചരിത്രവും. ഈ സംഭവം നടന്ന് മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോഴേക്കും സിദ്ദു അന്നത്തെ ക്രിക്കറ്റു കളിക്കാരനിൽ നിന്ന്, അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവായി വളർന്നു കഴിഞ്ഞു.

എൺപതുകളിലും തൊണ്ണൂറുകളിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളെ തന്റെ സിക്‌സറുകൾ കൊണ്ട് ആവേശത്തിൽ ആറാടിച്ചിരുന്ന ബാറ്റ്‌സ്മാനായിരുന്നു ുസിദ്ദു. ക്രിക്കറ്റിങ് കരിയർ പോലെ തന്നെ തികച്ചും അപ്രവചനീയമായിരുന്നു സിദ്ദുവിന്റെ രാഷ്ട്രീയഭൂതകാലവും. ഇന്ത്യയുടെ ഈ 'സിക്സർ കിങ്' ആയിരുന്നു സിദ്ദു. 1988 ഡിസംബർ 27 -ന് നടുറോഡിൽ തന്റെ മാരുതി ജിപ്സിയിൽ സ്നേഹിതൻ രൂപീന്ദർ സാന്ധുവുമൊത്ത് ഇരിക്കുകയായിരുന്ന സിദ്ദുവിനോട്, ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ പോവുകയായിരുന്ന ഗുർനാം സിങ് എന്ന അറുപത്തഞ്ചുകാരൻ വാഹനം വഴിയിൽ നിന്ന് നീക്കാൻ ആവശ്യപ്പെടുന്നു.

അതിന്റെ പേരിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ, ഗുർനാമിനെ മർദ്ദിച്ച് അവശനാക്കി സിദ്ദുവും സ്നേഹിതനും സ്ഥലം വിടുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച ഗുർനാം സിങ് മരണത്തിനു കീഴടങ്ങുന്നു. 2018 -ൽ ഈ കേസിൽ സിദ്ദു കുറ്റക്കാരനാണ് എന്ന് കണ്ടെത്തി പഞ്ചാബ് ഹൈക്കോടതി മൂന്നുവർഷത്തെ കഠിന തടവിന് സിദ്ദുവിനെ ശിക്ഷിച്ചു എങ്കിലും, ആ വിധി റദ്ദാക്കിയ സുപ്രീം കോടതി, കേസ് മുപ്പതു വർഷം പഴയതാണ്, സിദ്ദു ആയുധങ്ങൾ ഒന്നും ഉപയോഗിച്ചിരുന്നില്ല എന്നീ കാരണങ്ങൾ മുൻ നിർത്തി ശിക്ഷ ആയിരം രൂപ പിഴ മാത്രമായി ഇളവുചെയ്യുന്നു.

എന്നാൽ, നീതിക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടർന്ന ഗുർനാം സിങിന്റെ ഉറ്റവർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിവ്യൂ പെറ്റീഷനിലാണ് 'കയ്യൂക്കുള്ളവന് കൈ പോലും ആയുധമാണ്' എന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി സിദ്ദു ജയിൽ ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്ന അന്തിമ വിധിയിലേക്ക് എത്തിച്ചേർന്നത്. കേസിന്റെ വിചാരണ തുടങ്ങിയ അന്നുതൊട്ട് ജാമ്യത്തിലായിരുന്ന സിദ്ദു, ക്രിക്കറ്റ് കമന്റേറ്റർ ആയും കോമഡി ഷോയിൽ വിധികർത്താവായും കോടികൾ സമ്പാദിച്ചു കൂട്ടി. പഞ്ചാബിൽ ബിജെപി-കോൺഗ്രസ് പാളയങ്ങൾ മാറിമാറി ചാടിക്കൊണ്ടിരുന്ന അദ്ദേഹം അമൃത്സറിൽ നിന്ന് മൂന്നുവട്ടം പാർലമെന്റിലെത്തിയിട്ടുണ്ട്.

ക്രിക്കറ്റിൽ എന്ന പോലെ രാഷ്ട്രീയത്തിലും സിദ്ദു തന്റെ ക്യാപ്റ്റനുമായ നിരന്തരം അസ്വാരസ്യത്തിലായിരുന്നു. ക്യാപ്റ്റൻ അസറുദ്ദീനുമായുള്ള അഭിപ്രായ ഭിന്നതകൾ മൂർച്ഛിച്ച് ഒടുവിൽ 1996 -ൽ ഇംഗ്ലണ്ട് ടൂറിനിടയിൽ ഏറെ അപ്രതീക്ഷിതമായി സിദ്ദു തന്റെ റിട്ടയർമെന്റ് പ്രഖ്യാപിക്കുന്നു. സമാനമായ സാഹചര്യത്തിൽ പഞ്ചാബ് രാഷ്ട്രീയത്തിലെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങുമായി യോജിച്ചു പോവാനാകാതെ 2019 -ൽ സിദ്ദു തന്റെ മന്ത്രിപദവും രാജിവെച്ചിറങ്ങിയിരുന്നു. എന്നാൽ, എല്ലാം അവസാനിച്ചു എന്ന് തോന്നിച്ച ഘട്ടങ്ങളിൽ ക്രിക്കറ്റിലും രാഷ്ട്രീയത്തിലും ഒരുപോലെ തിരിച്ചുവരവുകൾ നടത്തിയ ചരിത്രവും സിദ്ദുവിനുണ്ട്.