ന്യൂഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസും. കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശാണ് അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്.

വയനാട് ഉരുള്‍പൊട്ടലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ്. മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പ്രധാന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് എന്ന് കോണ്‍ഗ്രസ് നോട്ടീസില്‍ വ്യക്തമാക്കി. സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നും ജയറാം രമേശ്, ദിഗ്വിജയ് സിംഗ് എന്നിവര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാണ്. ഒരു മന്ത്രിയോ അംഗമോ തെറ്റിദ്ധരിപ്പിക്കുന്നത് സഭയോടുള്ള അവഹേളനമാണെന്നും നോട്ടീസില്‍ പറയുന്നു.

ജൂലൈ 23ന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് 31ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത്. ഒരാഴ്ച മുന്‍പ് എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെ മറുപടി നല്‍കി. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടില്‍ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ പറയുന്ന മുന്നറിയിപ്പ് കാലാവസ്ഥാ മുന്നറിയിപ്പാണ്. ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് എന്നൊരു ചോദ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ ചോദിച്ചിട്ടുള്ളത്. വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ദുരന്തം ഉണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് ആ ഘട്ടത്തില്‍ നിലനിന്നിരുന്നത്. 115 നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

'കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണ്', ജയ്റാം രമേശ് നോട്ടീസില്‍ വ്യക്തമാക്കി.

കനത്ത മഴകാരണമുള്ള പ്രകൃതിക്ഷോഭ സാധ്യത സംബന്ധിച്ച് കേരളത്തിന് ഏഴുദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. കേരളം മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അദ്ദേഹം വയനാട് ദുരന്തം ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ അവകാശപ്പെടുകയുണ്ടായി.

ഇത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത് അപകടംനടന്ന ദിവസമായ ജൂലായ് 30-ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരിച്ചു.

വയനാട്ടില്‍ ചുവപ്പു ജാഗ്രതാമുന്നറിയിപ്പു നല്‍കിയത് ഉരുള്‍പൊട്ടല്‍ ദുരന്തംവിതച്ച ജൂലായ് 30-ന് അതിരാവിലെയാണെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മേധാവി മൃത്യുഞ്ജയ് മൊഹാപത്രയും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രാജ്യസഭയിലെ സിപിഎം എംപിമാരും കഴിഞ്ഞ ദിവസം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ഇത്തരത്തില്‍ അമിത് ഷായ്ക്കെതിരേ നീക്കം നടത്തിയിരിക്കുന്നത്.