പാനൂർ: രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിക്കെതിരെ രാഷ്ട്രീയ വ്യത്യാസം മറന്നുകൊണ്ടു ജീവന്മരണ പോരാട്ടപാതയിൽ ജനങ്ങൾ. പാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി. എം പ്രതിനിധിയുമായി എ. ശൈലജ, വാർഡ് മെംപർ സ്മിത സജിത്ത് എന്നിവരും സമരത്തിൽ അണിനിരന്നു. ഇടതുസർക്കാർ നടപ്പിലാക്കുന്ന പദ്ധതിക്കെതിരെ സി.പി. എം പ്രതിനിധികൾ തന്നെ സമരത്തിനിറങ്ങുന്ന അപൂർവ്വ കാഴ്‌ച്ചയാണ് പാനൂരിൽ ജലപാതാവിരുദ്ധ സമരത്തിൽ ദൃശ്യമാകുന്നത്.

മൂന്നുപ്രാവശ്യം തന്നെ ജയിപ്പിച്ച ജനങ്ങളോടൊപ്പം അവരുടെ വീടുനഷ്ടപ്പെടുന്നതിനെതിരെ നടത്തുന്ന സമരത്തിനൊപ്പം മരണംവരെ താനുണ്ടാകുമെന്ന് എ. ശൈലജ പറഞ്ഞു. വിദേശികളെ നാടുകാണിക്കാനായി വിനോദസഞ്ചാരത്തിന്റെ മറവിൽ നാടിനെ കീറിമുറിച്ചു നിർമ്മിക്കുന്ന ജലപാതയ്ക്കെതിരെ പാനൂരിൽ ജനങ്ങൾ കൈയ്മെയ് മറന്നുസമരം ചെയ്യുമ്പോൾ ഇടപെടാനും ഇടപെടാതിരിക്കാനും കഴിയാത്ത അവസ്ഥയിൽ ഒളിച്ചും പാത്തുംകളിക്കുകയാണ് സി.പി. എം.

പാർട്ടി ജനപ്രതിനിധികൾക്കു പ്രാദേശികവികാരത്തിനൊപ്പം നിന്നുകൊണ്ടു സമരത്തിൽ അണിചേരാം.എന്നാൽ സംഘടന സർക്കാർ പദ്ധതിയോടൊപ്പമാണെന്ന നിലപാടാണ് സി.പി. എം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റേത്. നേരത്തെ കെ.റെയിലിനെ അനുകൂലിച്ചുകൊണ്ടു പാർട്ടിപ്രവർത്തകർ സർവേ നടത്തുന്നതിനായി എതിർപ്പുള്ളവർക്കു നേരെ കായിക ആക്രമണം നടത്തിയിരുന്നുവെങ്കിലും ജലപാതാ വിരുദ്ധ സമരത്തിൽ ഈ സമീപനം വേണ്ടെന്നാണ് തീരുമാനം.

കൃത്രിമജലപാത പദ്ധതിക്കെതിരെ സമരപരമ്പര തന്നെയാണ് പാനൂരിലെ പന്ന്യന്നൂർ പഞ്ചായത്തിലും മറ്റിടങ്ങളിലും നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി മാഹി മുതൽ വളപട്ടണം വരെ കോടികൾ മുടക്കി നടപ്പിലാക്കുന്ന മലബാർക്രൂയിസ് ടൂറിസം പദ്ധതിയെന്ന നിർദ്ദിഷ്ട ജലപാതയ്ക്കെതിരെ ചൊവ്വാഴ്‌ച്ച രാവിലെ ഭരണസിരാകേന്ദ്രമായ തലശേരിയിൽ ജനകീയ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുന്നൂറിലേറെ സമരമടന്മാരാണ് തലശേരി സബ് കലകടർ സന്ദീപ് കുമാറിന്റെ ഓഫീസിലേക്ക് ടൗൺ ഹാൾ പരിസരത്തുനിന്നും പൊരിവെയിലിനെ മറന്നുകൊണ്ടു ഉറക്കെ മുദ്രാവാക്യങ്ങൾ വിളിച്ചു സബ് കലക്ടർ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്.

ജലപാതയുടെ ഒന്നാം റീച്ചായ മാഹി മുതൽ ചാടാല പുഴവരെയുള്ള കൃത്രിമ ജലപാത നിർമ്മാണത്തിനെതിരെ അതിശക്തമായ പ്രതിഷേധവുമായി കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമസമിതി രംഗത്തുവന്നത്. പുല്ലൂക്ക, അണിയാരം, പൂക്കാം, പന്ന്യന്നൂർ,മനേക്കര, ചാമ്പാട്, മാക്കുനി പ്രദേശത്തെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. പദ്ധതി നടപ്പിലായാൽ പ്രദേശം മുഴുവനും കുടിവെള്ളത്തിനും ജലമലിനീകരണത്തിനും അതുവഴി സമ്പൂർണ്ണ കൃഷി നാശത്തിനുംകാരണമാവുമെന്ന ആശങ്കയിലാണ് ജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുന്നത്.

പിറന്നമണ്ണിൽ ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ച് നൂറുണക്കണക്കിനാളുകൾ വീടുകളും മറ്റു സ്ഥാപനങ്ങളും തകർത്തുകൊണ്ടു പാത നിർമ്മിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. അതിനാൽ ഈ പദ്ധതി മാഹി പുഴ വഴി അറബിക്കടലിന്റെ തീരപ്രദേശത്ത് കൂടി ബേക്കലിലേക്ക് കൊണ്ടുപോകാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംയുക്തസമരസമിതി നടത്തിയ പ്രതിഷേധ മാർച്ച് സബ് കലക്ടറുടെ കാര്യാലയത്തിന് മുൻപിൽനിന്നും പൊലിസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ ഓഫീസിനു മുൻപിൽ കുത്തിയിരുന്നു.

പരിസ്ഥിതി പ്രവർത്തകൻ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിനാശകരമായ ജലപാതാ പദ്ധതികൊണ്ടു നാടുമുഴുവൻ ദുരിതമനുഭവിക്കാൻ പോവുകയാണെന്ന്അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളും ധാരാളമായി തെരുവിലിറങ്ങുന്ന അവസ്ഥ നാട്ടിലുണ്ടായിരിക്കുന്നു. സ്ത്രീകൾ മുന്നിട്ടിറങ്ങി നടത്തിയ സമരം ലോകത്തിലൊരിടത്തും പരാജയപ്പെട്ടിട്ടില്ലെന്നതാണ് അനുഭവമെന്നു മനസിലാക്കണമെന്നും സുരേന്ദ്രനാഥ് പറഞ്ഞു. ടൂറിസ്റ്റുകളെ നാടുമുഴുവൻ കാണിക്കാനാണ് കൃത്രിമ ജലപാത നിർമ്മിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ നമ്മുടെ പ്രകൃതിസമ്പത്ത ്കാണാനാണ് ടൂറിസ്റ്റുകൾ ഇവിടേക്ക് വരുന്നതെന്നും കൃത്രിമമായി ഉണ്ടാക്കുന്നവ കാണാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിനേശൻ പാച്ചോൾ അധ്യക്ഷനായി.ഇ.മനീഷ്, പാനൂർബ്ളോക്ക് പഞ്ചായത്ത്പ്രസിഡന്റ് എ. ശൈലജ,വാർഡ് മെംപർ സ്മിത സജിത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു,അഡ്വ. രത്നാകരൻ, ഷാനിദ് മേക്കുന്ന്. എൻ.പി മുകുന്ദൻ, പന്ന്യന്നൂർ രാമചന്ദ്രൻ, മനോജ് ടി.സാരംഗ്, സികേഷ്മാക്കുനി എന്നിവർ പ്രസംഗിച്ചു. ഒടക്കോത്ത് സന്തോഷ് സ്വാഗതവും കെ.പി പ്രഭാകരൻ നന്ദിയും പറഞ്ഞു.