തിരുവനന്തപുരം: അധികാരത്തിലിരിക്കുന്നവരുടെ അടുത്ത ബന്ധുക്കളാണ് സർവകലാശാലകളിൽ നിയമനം നേടുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകരുകയാണെന്നും ഗവർണ്ണർ തുറന്നടിച്ചു.ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ തകർച്ച കാരണമാണ് കേരളത്തിലെ വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത്്. സർവകലാശാലകളിൽ കഴിവുള്ളവർ വിട്ടുനിന്നാൽ വിവരമില്ലാത്തവർ അധികാരം നേടുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമുണ്ടെങ്കിലും ചില ഘട്ടങ്ങൾ കൂടി കടക്കേണ്ടതുണ്ട്. അതിനുശേഷമേ നിയമമാകൂ. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിൽ സർവകലാശാലയുമായോ കോളജുമായോ ബന്ധമുള്ളവർ പാടില്ലെന്നാണ് യുജിസി നിയമം.

എന്നാൽ, ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർനാണ് ഇവിടെ സേർച്ച് കമ്മിറ്റി മേധാവി. സഭ പാസാക്കിയ ബില്ലുകൾ തന്റെ മുന്നിലെത്തുമ്പോൾ നിയമവശങ്ങൾ പരിശോധിക്കും. ചരിത്ര കോൺഗ്രസ് വേദിയിൽ തനിക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കണ്ണൂർ വൈസ് ചാൻസലർക്ക് പങ്കുണ്ടെന്ന് ഗവർണർ ആവർത്തിച്ചു. ആക്രമണം നടക്കുന്നതിനു മൂന്നു ദിവസം മുൻപ് ഇതു സംബന്ധിച്ച ഗൂഢാലോചന ഡൽഹിയിൽ നടന്നതായി അന്വേഷണ ഏജൻസികളിൽനിന്ന് അറിയാൻ കഴിഞ്ഞു.

ഗൂഢാലോചന നടത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ക്രിമിനൽ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നു ഗവർണർ ചോദിച്ചു. കണ്ണൂർ വിസിയെ പുനർനിയമിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ്. കണ്ണൂർ തന്റെ സ്ഥലമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനെ മാനിച്ചാണ് കണ്ണൂർ വിസിക്ക് നിയമനം നൽകിയതെന്നും ഗവർണർ പറഞ്ഞു.