കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി എൻ.ഡി.എ. മുന്നണി പുനരുജ്ജീവിപ്പിക്കാൻ ബിജെപി.മുന്നണി ശക്തമാക്കണമെന്നും പ്രബലകക്ഷികളെ കൊണ്ടുവരണമെന്നും കേന്ദ്രനേതൃത്വം പലകുറി സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശംനൽകിയിട്ടുണ്ട്.നേതാക്കളായ കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം. ഗണേശൻ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.എല്ലാം ശരിയാക്കാമെന്ന ഉറപ്പാണ് നൽകിയിട്ടുള്ളത്.മുന്നണി സജീവമാക്കി സംസ്ഥാന സർക്കാരിനെതിരേയുള്ള സമരപരിപാടികൾ എൻ.ഡി.എ.യുടെ പേരിൽ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായിരുന്നു.

ചെറുകക്ഷികളുമായി ഉഭയകക്ഷിചർച്ച നടത്തി ആവശ്യങ്ങളും പരാതികളും കേൾക്കുകയാണിപ്പോൾ. നാലുകക്ഷികളുമായി ചർച്ചകൾ കഴിഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിൽ ന്യൂനപക്ഷങ്ങൾക്ക് പരിഗണനനൽകിക്കൊണ്ടുള്ള സ്ഥാനാർത്ഥിയെ കൊണ്ടുവരണമെന്ന ആവശ്യമാണ് ചർച്ചകളിൽ ഉയർന്നത്. മുന്നണിസംവിധാനം വന്നശേഷം, തുടർച്ചയായി കേന്ദ്രഭരണം ഉണ്ടായിട്ടും തങ്ങൾക്കൊന്നും കിട്ടിയില്ലെന്ന പരാതിയാണ് ചെറുകക്ഷികൾ പ്രധാനമായും ഉന്നയിച്ചത്.

എൻഡിഎ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ കേരളത്തിൽ എത്തിയപ്പോഴും കോർ-കമ്മിറ്റിയോഗത്തിൽ ഈ നിർദ്ദേശം നൽകിയിരുന്നു.പുതിയവരെ മുന്നണിയിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉള്ളത് തട്ടിക്കൂട്ടി പേരിനെങ്കിലും മുന്നണി സംവിധാനം നിലനിർത്താനാണ് ഇപ്പോഴത്തെ ശ്രമം.പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിനും ബിജെപി. നേതൃത്വത്തോട് പരിഭവമാണുള്ളത്.

ബിജെപി. കേന്ദ്രനേതൃത്വവുമായി അടുത്തബന്ധം തുഷാർ വെള്ളപ്പള്ളി പുലർത്തുമ്പോഴും അതിനനുസരിച്ചുള്ള പരിഗണനയൊന്നും പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്ന പരാതിയാണ് ബി.ഡി.ജെ.എസിന്.ബിജെപി. പ്രഭാരിയായി, മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വന്നശേഷം, മുന്നണിയോഗം വിളിക്കാത്തത് ചൂണ്ടിക്കാട്ടി ചെറുകക്ഷികൾ അദ്ദേഹത്തിന് കത്ത് നൽകിയിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് മുന്നണി സംവിധാനം ശക്തമാക്കാൻ ബിജെപി. വീണ്ടും ഇറങ്ങിയിരിക്കുന്നത്.