തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്ക് കേന്ദ്രത്തിൽ അധികാരം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ സ്വന്തം പാളയത്തിലെ നേതാക്കൾക്ക് പോലുമില്ല. കേരളത്തിൽ അധികാരം പിടിക്കാൻ വേണ്ടി കേരള മോഹവുമായാണ് നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. ശശി തരൂർ അടക്കമുള്ളമുള്ളവർ കേരള നിയമസഭയിൽ മത്സരിക്കാനാണ് താൽപ്പര്യമെന്ന് പരസ്യമായി പറഞ്ഞു കഴിഞ്ഞു. ഇതോടെ കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനത്ത് ഇക്കുറി ലോക്‌സഭയിൽ സീറ്റുകൾ കുറയാനാണ് സാധ്യത.

കഴിഞ്ഞ തവണത്തേതു പോലൊരു സാഹചര്യമല്ല ഇക്കുറിയെന്ന് നേതാക്കൾക്കെല്ലാം ബോധ്യമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായേക്കാവുന്ന തോൽവി, നിയമസഭയിൽ മത്സരിച്ച് സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഈ രണ്ടേ രണ്ട് കാരണങ്ങളാണ് സിറ്റിങ് എംപിമാരിൽ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തിൽ ശശി തരൂർ സജീവമാകുകയും പാർട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നത് എംപിമാരുടെ തീരുമാനങ്ങൾക്ക് ആക്കം കൂട്ടുകയാണ്.

രാജ്‌മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, തരൂർ തുടങ്ങിയവർക്ക് ഇക്കുറി ലോക്‌സഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. ആരോഗ്യ പ്രശ്‌നങ്ങളാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കാൻ ഉണ്ടാകില്ല. എം കെ രാഘവൻ എംപി കോഴിക്കോട് മത്സരിക്കുന്ന കാര്യത്തിൽ മനസ്സു തുറന്നിട്ടില്ല. അദ്ദേഹവും നിയമസഭിലേക്കാണ് കണ്ണുവെക്കുന്നത്. കോഴിക്കോട് നോർത്തിലാണ് അദ്ദേഹവും കണ്ണുവെക്കുന്നത്.

അതേസമയം മത്സര രംഗത്തുണ്ടാകാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഇവരാണ്: പാലക്കാട്- വി കെ ശ്രീകണ്ഠൻ, ആലത്തൂരിൽ- രമ്യ ഹരിദാസ്, ചലക്കുടി- ബെന്നി ബെഹനാൻ, ഇടുക്കി- ഡീൻ കുര്യാക്കോസ്, മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ്. അതേസമയം ആന്റോ ആന്റണിയും ലോക്‌സഭയിലേക്ക് തന്നെ മത്സരിക്കാനാണ് സാധ്യത. വടകരയിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് കെ മുരളീധരൻ പറയുമ്പോഴും അദ്ദേഹത്തിനും നിയമസഭയിലെ സീറ്റിലാണ് കണ്ണ്. ചുരുക്കത്തിൽ കോൺഗ്രസിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ നിന്നുമാണ് മുതിർന്ന നേതാക്കളുടെ പിന്മാറ്റം.

കോൺഗ്രസിന്റെ തിരിച്ചുവരവിനാണ് പരിശ്രമമെന്നും എംപിമാരിൽ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്നും ശശി തരൂർ തന്നെ മുന്നറിയിപ്പ് നൽകുന്നു. ശശി തരൂർ മാറിയാൽ തിരുവനന്തപുരത്ത് വിജയിക്കാൽ കെൽപ്പുള്ള സ്ഥാനാർത്ഥി കോൺഗ്രസ് കണ്ടെത്തേണ്ടിയും വരും. മുഖ്യമന്ത്രിയാകാൻ താല്പര്യമുണ്ടെന്ന ശശി തരൂരിന്റെ പ്രഖ്യാപനവും മതസാമുദായിക നേതൃത്വങ്ങളിൽ നിന്ന് തരൂരിന് ലഭിക്കുന്ന സ്വീകാര്യതയും കൂടുതൽ എംപിമാരെ സ്വാധീനിക്കുന്നുണ്ട്.

അതേസമയം പരാജയഭീതിയും എഐസിസി നേതാക്കളിലുള്ള വിശ്വാസക്കുറവും പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്. എഐസിസി തീരുമാനം കെ സി വേണുഗോപാലിന്റെ കൈയിലാണെന്നതും അത് വിനയാകുമെന്നും ഒരു വിഭാഗം എംപിമാർ കണക്കൂകൂട്ടുന്നു. എന്നാൽ, മത്സരിക്കേണ്ടത് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും പറയുന്നത്.

ഇപ്പോഴത്തെ നിലയിൽ ഇടതു മുന്നണി കൂടുതൽ സീറ്റുകൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടാനുള്ള സാധ്യതയുമുണ്ട്. ന്യൂനപക്ഷ വേട്ടുകൾ കൂടുതലായി നേടാനുള്ള പരിപാടികളിലേക്ക് എൽഡിഎഫ് കടന്നിട്ടുണ്ട്. അത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതും. ഇതിനിടെ വിവാദങ്ങൾക്കിടെ കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഭാരവാഹി യോഗവും നാളെ എക്‌സിക്യൂട്ടീവും ചേരും. പുനഃസംഘടന വൈകുന്നതിൽ നേതൃത്വത്തിനു എതിരായ വിമർശനം ഉണ്ടാകും. തരൂർ വിവാദവും എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതും ചർച്ചയാകും. താഴെ തട്ട് മുതൽ കെപിസിസി പുനഃസംഘടന വരെ വൈകിയിരിക്കുകയാണ്. ബൂത്ത് തലം മുതൽ ഉള്ള പുനഃസംഘടന വേഗത്തിലാക്കാൻ തീരുമാനം ഉണ്ടാകും. കെപിസിസി ട്രഷറുടെ മരണവും ബന്ധുക്കൾ ഇന്ദിര ഭവൻ കേന്ദ്രീകരിച്ച് പരാതി നൽകിയതും ചർച്ചയാകും.