ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പ്രസ്താനത്തിൽ ഇനിയും ജനാധിപത്യം അവശേഷിച്ചിട്ടുണ്ടോ? ഈ ചോദ്യം ഉയർത്തേണ്ട അവസ്ഥ വരുന്നത് കോൺഗ്രസ് പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള സംഘടനാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയെ ചൊല്ലിയുള്ള തർക്കം മുറുകുമ്പോഴാണ്. ആർക്കൊക്കെ വോട്ടവകാശം ഉണ്ട് എന്നതും എന്താണ് ഇതിന്റ മാനദണ്ഡം എന്നതും ആർക്കും അറിയാത്ത അവസ്ഥയിലാണ്. കേരളത്തിൽ ആരൊക്കെയാണ് വോട്ടമാരെന്ന് ആർക്കും അറിയില്ലെന്നതാണ് മറ്റൊരു വിചിത്രമായ അവസ്ഥ. സുതാര്യമല്ലാത്ത രീതിയിലാണ് വോട്ടെടുപ്പു നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ആരൊക്കെയാണ് വോട്ടർമാർ എന്നറിയാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് പറഞ്ഞു കൊണ്ട് ജി 23 നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. പട്ടിക പരസ്യപ്പെടുത്തണമെന്നു തിരുത്തൽവാദി സംഘത്തിലെ (ജി 23) മനീഷ് തിവാരി ആവശ്യപ്പെട്ടു. പട്ടിക സുതാര്യമായിരിക്കണമെന്നു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നു കരുതപ്പെടുന്ന ശശി തരൂർ ചൂണ്ടിക്കാട്ടിയപ്പോൾ പട്ടിക പൊതുസമൂഹത്തിൽ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന പിസിസികളെ സമീപിച്ചാൽ അതു ലഭിക്കുമെന്നും സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പു പ്രക്രിയ സുതാര്യമാണെന്നും അതിൽ അഭിമാനിക്കുകയാണു വേണ്ടതെന്നും ഔദ്യോഗിക പക്ഷത്തുള്ള മാണിക്കം ടഗോർ എംപി പറഞ്ഞു. ക്ലബ് തിരഞ്ഞെടുപ്പിൽ പോലും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടിക കാണാൻ പിസിസി ആസ്ഥാനത്തേക്കു പോകണമെന്നു പറയുന്നത് അന്യായമാണെന്നും തിവാരി തിരിച്ചടിച്ചു. തിരുത്തൽവാദികളെല്ലാം വിമതരല്ലെന്നും പട്ടിക രൂപീകരണം സുതാര്യമായിരിക്കണമെന്നും അഭിപ്രായപ്പെട്ട് കാർത്തി ചിദംബരം പിന്നാലെ രംഗത്തുവന്നു.

ജി 23 സംഘത്തിൽ അംഗമല്ലാത്ത കാർത്തി അവർക്കു പിന്തുണയുമായി എത്തിയത് ശ്രദ്ധേയമായി. വോട്ടർ പട്ടികയിലെ 10 പേർ പിന്തുണച്ചെങ്കിലേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാധിക്കൂ. കേരളത്തിൽനിന്ന് മുന്നൂറോളം പ്രതിനിധികളടക്കം ഒൻപതിനായിരത്തിലധികം പേരാണു പട്ടികയിലുള്ളത്. പട്ടിക പരസ്യപ്പെടുത്തണമെന്നു ഞായറാഴ്ച ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ജി 23 അംഗം ആനന്ദ് ശർമ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി അമിത് ഷായെ കേരള മുഖ്യമന്ത്രി ക്ഷണിച്ച സാഹചര്യവും സന്ദർഭവും അനുയോജ്യമല്ല. നെഹ്‌റുവിനെ ഏറ്റവും അധികം എതിർക്കുന്ന ആളാണ് അമിത് ഷായെന്നും വേണുഗോപാൽ പറഞ്ഞു.

അതേസമയം മത്സരിക്കാൻ ഒരുങ്ങി തന്നെയാണ് ശശി തരൂർ എംപി രംഗത്തുള്ളത്. കോൺഗ്രസ് എന്നതു കേവലം വ്യക്തിയല്ലെന്ന് ശശി തരൂർ എംപി. ജനാധിപത്യ പാർട്ടിയിൽ തിരഞ്ഞെടുപ്പു വേണമെന്നാണു താൻ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി മേഖലയിൽനിന്നു പാർട്ടി പ്രസിഡന്റ് വേണമോ എന്ന ചോദ്യത്തിന്, ഭാരതീയനാവുകയാണ് വേണ്ടതെന്നും മറ്റൊന്നും പ്രസക്തമല്ലെന്നും ഹിന്ദിയിൽ തരൂർ മറുപടി നൽകി.

മത്സരം കോൺഗ്രസിനു ഗുണം ചെയ്യും. ഒരു കുടുംബത്തിൽനിന്നു തന്നെ പ്രസിഡന്റ് വേണോ കുടുംബത്തിന്റെ പ്രതിനിധി വേണോ അതോ പുറത്തുനിന്നുള്ള ആൾ വേണോ എന്നീ കാര്യങ്ങളെല്ലാം മത്സരത്തിലൂടെ കണ്ടെത്താവുന്നതാണ്. പ്രസിഡന്റ് പദവിയിലെ ഒഴിവു നികത്തുന്നതിലൂടെ ഇന്നു പാർട്ടി നേരിടുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനാകും. താൻ മത്സരിക്കുന്ന കാര്യം നേതാക്കളും പ്രവർത്തകരുമായി ആലോചിച്ചു തീരുമാനിക്കും. മറ്റു നേതാക്കളും മത്സരത്തിനു തയ്യാറെടുക്കുന്നുണ്ടെന്നും തരൂർ പറഞ്ഞു.

അതേസമയം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് ഉറപ്പായതോടെ, പതിവില്ലാത്ത ഒരു മത്സരാന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന്റെ പ്രതിനിധിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് കളത്തിലിറങ്ങുമെന്നാണ് സൂചന. ജി-23 ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ സജീവമായ പേര് ശശിതരൂരിന്റേതാണ്. ഏറ്റവും ഒടുവിൽ കെ പി സി സി അദ്ധ്യക്ഷൻ കെ.സുധാകരൻ തന്നെ തരൂർ മത്സരിക്കുന്നതിനെ പിന്തുണച്ച് പരസ്യമായി രംഗത്ത് എത്തിയതും ശ്രദ്ധേയമായി.

'എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ യോഗ്യനാണ്. മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം മത്സരിക്കട്ടെ. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ജനാധിപത്യ പ്രക്രിയയിലൂടെ കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തും. കൂടുതൽ വോട്ടു കിട്ടുന്നവർ വിജയിക്കും' സുധാകരൻ പറഞ്ഞു. രാഹുലും, സോണിയയും പ്രിയങ്കയും അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക നൽകില്ല. താൻ മത്സരിക്കാനില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു. 136 വർഷം പഴക്കമുള്ള പാർട്ടിയെ നയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് രാഹുൽ വ്യക്തമാക്കി കഴിഞ്ഞു. 2017 മുതൽ 19 വരെയായിരുന്നു രാഹുൽ അദ്ധ്യക്ഷനായിരുന്നത്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രിയങ്കയും ഉന്നത പദവി ഏറ്റെടുക്കാൻ സന്നദ്ധയല്ല. സോണിയയാകട്ടെ,രോഗാതുരയുമാണ്.

.കുടുംബ പാർട്ടി എന്ന ബിജെപിയുടെയും മറ്റും അധിക്ഷേപം ചെറുക്കാൻ ഗാന്ധി കുടുബത്തിന് പുറത്ത് നിന്നൊരാൾ അദ്ധ്യക്ഷ പദവിയിലേക്ക് വരുന്നതാണ് നല്ലതെന്ന ആലോചന നേരത്തെയുണ്ടായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് സൂചന. ഗാന്ധി കുടുംബം മത്സരിക്കാത്ത സാഹചര്യത്തിൽ, ജി-23 ഗ്രൂപ്പിലെ ഒരാൾ മത്സരിക്കാനുള്ള സാധ്യത തുറന്നിരിക്കുകയാണ്.