കോട്ടയം: മന്ത്രി പി രാജീവ് നോക്കാൻ ഏൽപ്പിച്ച വീട് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ സിപിഎം ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി നൽകി പാർട്ടി. വൈക്കത്താണ് സംഭവം. വൈക്കം നോർത്ത് ലോക്കൽ സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എം.സുജിനെതിരേയാണ് പാർട്ടി നടപടി എടുത്തത്. സംഭവം പാർട്ടിക്കുള്ളിൽ ചർച്ചയായതോടെ സുജിൻ നേരത്തെ അവധി ചോദിച്ചിരുന്നു എന്നു ചൂണ്ടിക്കാട്ടി വിഷയം ഒതുക്കാനാണ നേതൃത്വത്തിന്റെ ശ്രമം.

സംസ്ഥാനകമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം നടപടി. രാജീവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വൈക്കത്തെ വീടാണ് ഇപ്പോൾ വിവാദ കേന്ദ്രമായത്. സുജിനെതിരേ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രാദേശിക നേതാവിന്റെ ഭർത്താവ് പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്കിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണക്കമ്മിഷനെ വെച്ചത്.

അന്വേഷണത്തിൽ, പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. മന്ത്രിയുടെ വസതിയോട് ചേർന്ന് സുജിന്റെ നേതൃത്വത്തിൽ കൃഷിചെയ്തിരുന്നു. സഹായത്തിനായി, ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രാദേശികനേതാവായ യുവതിയെയും കൂട്ടി. ഈ വിഷയമാണ് ഭർത്താവിന് മുന്നിൽ പരാതിയുമായി എത്തിയത്.

സംഭവത്തെ തുടർന്ന് മന്ത്രി താക്കോൽ തിരിച്ചുവാങ്ങുകയും ചുമതല മറ്റൊരാളെ ഏല്പിക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് നിർബന്ധിത അവധിയിൽ പോകാൻ നേതൃത്വം നിർദേശിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ യുവതിയെ സംഘടനാ സ്ഥാനങ്ങളിൽനിന്നെല്ലാം ഒഴിവാക്കുകയുംചെയ്തു.

പ്രശ്നം പുറത്തറിയാതിരിക്കാനും സിപിഎം. പ്രാദേശിക നേതൃത്വം തന്ത്രപരമായ നീക്കം നടത്തി. വൈക്കം സൗത്ത് ലോക്കൽ സെക്രട്ടറി ജയരാജ് വീടുനിർമ്മാണത്തിനായി അവധി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജയരാജിന് ഇത് അനുവദിച്ചതിനൊപ്പം സുജിനെ അവധി എടുപ്പിക്കുകയായിരുന്നു. ചികിത്സാർത്ഥം അവധിയിലായി എന്നാണ് പ്രചരിപ്പിക്കുന്നത്.

അതേസമയം സുജിൻ അസുഖത്തെത്തുടർന്നും ജയരാജ് വീടുപണിക്കായും അവധി ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകിയത്. സുജിനെതിരേയുള്ളത് വെറും ആരോപണം മാത്രമാണെന്നും ഏരിയാ സെക്രട്ടറി കെ. അരുണൻ പറഞ്ഞു.