കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴിലുള്ള പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി കണ്ണൂരിലെ പാർട്ടി നേതൃത്വം. സി.പി. എം മാടായി ഏരിയാ കമ്മിറ്റി പഴയങ്ങാടിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പൊലീസിനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സി.പി. എം മാടായി ഏരിയാ സെക്രട്ടറി വി.വിനോദ് രംഗത്തെത്തിയത്. കയ്യൂരിന്റെയും ചീമേനിയുടെയും രക്തസാക്ഷികളുടെ ചരിത്രം മനസിലാക്കാതെ ഇവിടെ പൊലിസ് രാജ് നടപ്പിലക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും വിനോദ്് മുന്നറിയിപ്പു നൽകി. സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം വിജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ഏരിയാസെക്രട്ടറിയുടെ പൊലിസിനെതിരെയുള്ള വിമർശനം.

ചില പൊലിസ് ഉദ്യോഗസ്ഥർ പിണറായി സർക്കാരിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന നവകേരളയാത്രയിൽ ജനബാഹുല്യം കണ്ടു വിറളി പിടിച്ച യൂത്ത് കോൺഗ്രസുകാർ ജാഥയെ അക്രമിക്കുമെന്ന വിവരം കിട്ടിയിട്ടും പഴയങ്ങാടി പൊലിസ് കാണിച്ച അനാസ്ഥ അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇക്കാര്യത്തിൽ തലേദിവസം തന്നെ കണ്ണൂർ പൊലിസ് കമ്മിഷണർക്ക് ഉൾപ്പെടെ നവകേരളയാത്രയ്ക്കെതിരെ അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾ വിവരം നൽകിയിരുന്നു. വിശ്വസീനമായ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരമാണ് കൈമാറിയത്. എന്നാൽ പൊലിസ് സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയില്ല. ഇതുകൊണ്ടാണ് ജനനേതാവായ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നത്. അക്രമം നടന്നതിനെ ആരും ന്യയാീകരിക്കുന്നതില്ല. എന്നാൽ സംഘർഷമൊഴിവാക്കാൻ ഇടപെട്ടവർ നിരപരാധികളാണെന്ന ബോധ്യത്തെ തുടർന്നാണ് അവർ ജയിൽ മോചിതരായപ്പോൾ പാർട്ടി സ്വീകരണം നൽകിയത്. പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസുകാരോ അവരെ പ്രതിരോധിച്ചവരോയല്ല കുറ്റക്കാർ പൊലിസാണ് ഇതിന് ഉത്തരവാദികൾ. ക്രമസമാധാനം പാലിക്കേണ്ട ഇടങ്ങളിൽ ഇടപെടേണ്ട ശേഷിക്കുറവ് പൊലിസിനുണ്ടെന്നും വി.വിനോദ് ആരോപിച്ചു.

കണ്ണൂരിലെ പൊലിസിനെ വിമർശിച്ചു എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജനും കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സി.പി. എം നേതാക്കൾ പരസ്യവിമർശനവുമായി രംഗത്തുവന്നത് അസാധാരണ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള അണിയറ നീക്കങ്ങളായി ഇതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ട്. പഴങ്ങാടി എസ്. ഐയ്ക്കെതിരെ എം.വി ജയരാജനും അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. നവകേരളസദസ് കഴിഞ്ഞു മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന ബസിന്റെ മുൻപിലേക്ക് ചാവേറുകളായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടിവീണതിനെ പൊലിസിന്റെ വീഴ്‌ച്ചയായിട്ടാണ് എം.വി ജയരാജൻ കുറ്റപ്പെടുത്തിയത്. പൊലിസിലെ ഉത്തരവാദിത്വങ്ങളില്ലാത്ത ഉദ്യോഗസ്ഥർക്ക് പറ്റിയ പാളിച്ചയാണ് ഇതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

ഇതിനിടെ നഴ്സുമാരുടെ കണ്ണൂർ കലക്ടറേറ്റ് മാർച്ചിൽ എം.വിജിൻ എംഎൽഎയുമായി വാക്കേറ്റം നടത്തിയ കണ്ണൂർ ടൗൺ എസ്. ഐയ്ക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ ഉന്നയിച്ചത്. തെറ്റായ നിലപാടുകളാണ് പൊലിസ് സ്വീകരിക്കുന്നതെന്നും കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്‌ച്ചയാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ഇ.പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. ചില ഉദ്യോഗസ്ഥർ പൊലിസിനെ തന്നെ അപകീർത്തിപ്പെടുത്തുന്നനയമാണ് സ്വീകരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന പൊലിസ് വകുപ്പ് കുത്തഴിഞ്ഞുകിടക്കുകയാണെന്നും പാർട്ടിക്കെതിരെ കേസെടുക്കുകയും പ്രവർത്തകരെ വേട്ടയാടുകയുമാണെന്ന ആരോപണങ്ങൾ കണ്ണൂർ ജില്ലയിലെ മറ്റു ഏരിയാകമ്മിറ്റികളിൽ നിന്നും ഉയർന്നിട്ടുണ്ട്. ചുരുക്കത്തിൽ പിണറായി പൊലിസിന്റെ ക്രമസമാധാനം സ്വന്തം പാർട്ടിക്കാർക്ക് തന്നെ മടുത്ത സാഹചര്യമാണ് കണ്ണൂരിലെ അപശബ്ദങ്ങളിൽ നിന്നുയരുന്ന സൂചനകൾ.