തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പോരു തുടരാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. ഇക്കാര്യം അടിവരയിട്ടു വ്യക്തമാക്കി രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി രംഗത്തുവന്നു. ഗവർണർ ആണ് തെരുവ് ഗുണ്ട അല്ലെന്ന് ഓർമ്മിപ്പിച്ച് മുഖപ്രസംഗം. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരം ഒന്നും ഗവർണർക്കില്ല. നിയമസഭയെയും കേരള ജനതയേയും നിരന്തരം അപമാനിക്കുന്നു. ഗവർണർക്ക് ആർഎസ്എസിന് വേണ്ടി എന്ത് നാണംകെട്ട പണിയും ചെയ്യാൻ മടിയില്ലെന്നും വാർത്താ പ്രാധാന്യം കിട്ടാൻ വേണ്ടിയാണ് ഗവർണറുടെ കൗശലക്കളിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ആരുടെ നിർദ്ദേശപ്രകാരമാണ് ഈ കോമാളി വേഷം കെട്ടുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാകും. പ്രതിഷേധങ്ങളെ മാന്യമായി നേരിടാനുള്ള വിവേകം വേണം.അത് ആർജിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ സ്വയം സാക്ഷ്യപ്പെടുത്തുന്നു. നിലമേലിൽ ഗവർണർ സ്വയം അപഹാസ്യനായി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവർണർക്കെന്നും ദേശാഭിമാനി മുഖപത്രത്തിൽ പറയുന്നു.

'ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണെന്ന് തോന്നുന്നു ഗവർണർ. രാഷ്ട്രത്തലവനായ രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കുന്ന കേവല ഉദ്യോഗമാണ് ഗവർണർ പദവി. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള അധികാരമാണ് ഗവർണർക്ക് ഭരണഘടന നൽകുന്നത്. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല. അതിനിവിടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുണ്ട്.' മുഖപത്രത്തിൽ വിമർശിക്കുന്നു.

ആർഎസ്എസിന് വേണ്ടി എന്ത് നാണം കെട്ട പണിയും ചെയ്യാൻ ഗവർണർക്ക് മടിയില്ല. വാർത്താ പ്രാധാന്യം കിട്ടാൻ വേണ്ടിയാണ് ഗവർണറുടെ കൗശലക്കളി. പ്രതിഷേധിക്കുന്ന കുട്ടികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സംഘർഷം ഉണ്ടാക്കി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവർണറുടെ പൊറാട്ട് നാടകമെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാകും. നിയമസഭയേയും കേരള ജനതയേയും നിരന്തരം അപമാനിക്കുന്ന ഗവർണർ ആരുടെ നിർദ്ദേശം അനുസരിച്ചാണ് ഈ കോമാളിവേഷം കെട്ടുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാവുമെന്നും എഡിറ്റോറിയലിൽ നിലപാട് വ്യക്തമാക്കി.

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാചുമതല സി.ആർ.പി.എഫിന് കൈമാറിയെങ്കിലും സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം പ്രകടനമാണ്. ഗവർണർക്ക് ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രസേന നൽകുമെങ്കിലും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്ഭവന്റെ സുരക്ഷ സി.ആർ.പി.എഫിന് ഏറ്റെടുക്കാനാകില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.

സിആർപിഎഫ്. സുരക്ഷ സംബന്ധിച്ച് കേന്ദ്രത്തിൽനിന്ന് രാജ്ഭവനാണ് അറിയിപ്പ് ലഭിച്ചത്. സർക്കാരിന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം കൈക്കൊണ്ടിട്ടുമില്ല. ശനിയാഴ്ച കൊല്ലം നിലമേലിൽ നടന്ന നാടകീയസംഭവങ്ങൾക്കു പിന്നാലെ വൈകീട്ടോടെ ഇരുപതോളം സിആർപിഎഫ്. ഉദ്യോഗസ്ഥരെത്തി. ഇതിൽ ഒരുവിഭാഗം വൈകീട്ട് നടന്ന പരിപാടികളിൽ ഗവർണറുടെ സുരക്ഷ ഏറ്റെടുക്കുകയും ചെയ്തു. ബാക്കിയുള്ളവർ രാജ്ഭവനിലായിരുന്നു.

രാജ്ഭവനിലെ സുരക്ഷ പതിവുപോലെ സംസ്ഥാന പൊലീസാണ് കൈകാര്യംചെയ്തത്. ഇക്കാര്യത്തിൽ കേന്ദ്രത്തിൽനിന്നുള്ള അറിയിപ്പ് ലഭിച്ചശേഷമാവും തുടർനടപടികൾ. ചൊവ്വാഴ്ച രാജ്ഭവനും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും തമ്മിൽ ചർച്ചനടക്കും.

സി.ആർ.പി.എഫാണ് ഇനിമുതൽ ഗവർണർക്ക് സുരക്ഷയൊരുക്കുന്നതെങ്കിലും അത് സംസ്ഥാന പൊലീസുമായി സഹകരിച്ചുമാത്രമേ സാധ്യമാകുകയുള്ളൂവെന്നും പൊലീസിലെ ഉന്നതവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ വ്യക്തിസുരക്ഷയ്ക്കാകും കേന്ദ്രസേന മുൻതൂക്കം നൽകുക. അനിഷ്ടസംഭവങ്ങളുണ്ടായാൽ വിശിഷ്ട വ്യക്തിയെ എത്രയും പെട്ടെന്ന് സംഭവസ്ഥലത്തുനിന്ന് മാറ്റുകയെന്നതാകും പ്രാഥമിക ഉത്തരവാദിത്വം. വാഹനം നിർത്തുന്നതിനോ വിശിഷ്ട വ്യക്തി പുറത്തിറങ്ങുന്നതിന് അവസരമുണ്ടാക്കുന്നതിനോ പ്രോട്ടക്കോൾ പ്രകാരം സാധ്യമല്ല.