തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനവേളയിൽ സംവാദം പോയിട്ട് ഒരു ചോദ്യം പോലും യുവം പരിപാടിയിൽ അനുവദിച്ചിട്ടില്ല എന്നത് നരേന്ദ്ര മോദി ചോദ്യങ്ങളെ ഭയപ്പെടുന്ന ഭീരുവാണെന്ന ആരോപണം ശരിവയ്ക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ. കേരള സന്ദർശന വേളയിൽ ചില മത നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തി. എന്നാൽ ഹിന്ദു-മുസ്ലിം മത നേതൃത്വത്തെ എന്തു കൊണ്ടാണ് പ്രധാനമന്ത്രി കാണാതിരുന്നത്. അതു പോലെ ചരിത്രപരമായ കാരണത്താൽ സാമൂഹ്യ പിന്നോക്കാവസ്ഥയിൽ കഴിയുന്ന വിവിധ ജനവിഭാഗങ്ങളെ കാണാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം,ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കപട സംവാദങ്ങളുടെ പേരിൽ യുവതയെ പറ്റിക്കുന്ന പ്രധാനമന്ത്രിയെ തിരിച്ചറിയണമെന്ന് സനോജ് ആവശ്യപ്പെട്ടു. ബിജെപിയുടെ പരിപാടിയാണെന്ന് പറഞ്ഞ് ക്ഷണിച്ചാൽ യുവാക്കളെ കിട്ടില്ലെന്നതിനാലാണ്, രാഷ്ട്രീയ പരിപാടിയല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് യുവം സംഘടിപ്പിച്ചതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയമില്ലാതെ യുവാക്കളുമായി സംവദിക്കാനെന്ന് സംഘാടകർ പറഞ്ഞ പരിപാടിയിൽ പങ്കെടുത്ത ചെറുപ്പക്കാരെ മോദിയും ബിജെപിയും പറ്റിക്കുകയാണ് ചെയ്തത്. ബിജെപിക്ക് സ്വാധീനമുള്ള കോളേജുകളിലും സ്‌കൂളുകളിലും നിന്ന് കുട്ടികളെ നിർബന്ധിച്ച് പരിപാടിക്ക് എത്തിച്ചതായി ഡിവൈഎഫ്‌ഐ ആരോപിച്ചു.

ഡിവൈഎഫ്‌ഐയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:

പ്രധാനമന്ത്രിയുടെ കേരള സന്ദർശന വേളയിൽ ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ ഉയർത്തിരുന്നു. ഇത്തരം ചോദ്യങ്ങൾ ഉയർന്ന് വരുമെന്ന് ഭയന്നാണ് സംവാദം നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന യുവം പരിപാടി മറ്റൊരു മൻകീബാത്ത് മാത്രമാക്കി മാറ്റിയത്. രാഷ്ട്രീയമില്ലാതെ യുവാക്കളുമായി സംവദിക്കാൻ സംഘടിപ്പിച്ചതാണെന്ന് സംഘാടകർ പറഞ്ഞ യുവം പരിപാടിയിൽ പങ്കെടുത്ത ചെറുപ്പക്കാരെ മോദിയും ബിജെപിയും പറ്റിക്കുകയാണ് ചെയ്തത്. സംവാദം പോയിട്ട് ഒരു ചോദ്യം പോലും യുവം പരിപാടിയിൽ അനുവദിച്ചിട്ടില്ല എന്നത് പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്ന ഭീരുവാണെന്ന ഡിവൈഎഫ്‌ഐയുടെ ആരോപണം ശരിയാണെന്ന് ഉറപ്പിക്കുന്നതാണ്. അങ്ങനെ യുവം പരിപാടി കാറ്റ് പോയ ബലൂണായി മാറി എന്നതാണ് യാഥാർത്ഥ്യം.

കേരളത്തിൽ ബിജെപി പരിപാടിക്കാണെന്ന് പറഞ്ഞാൽ യുവാക്കളെ കിട്ടില്ല എന്ന കാരണത്താലാണ് കള്ളം പറഞ്ഞ് പറ്റിച്ച് യുവം പരിപാടി സംഘടിപ്പിച്ചത്. മാത്രമല്ല വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഈ രാഷ്ട്രീയ പരിപാടിയിലേക്ക് വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചത് ശരിയാണോ. കേരള സന്ദർശന വേളയിൽ ചില മത നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തി എന്നാൽ ഹിന്ദു-മുസ്ലിം മത നേതൃത്വത്തെ എന്തു കൊണ്ടാണ് പ്രധാനമന്ത്രി കാണാതിരുന്നത്. ഇപ്പോൾ നടത്തിയ കൂടിക്കാഴ്‌ച്ചയുടെ രാഷ്ട്രീയ ഉദ്ദേശം എല്ലാവർക്കും മനസിലാവും. അതു പോലെ ചരിത്രപരമായ കാരണത്താൽ സാമൂഹ്യ പിന്നോക്കാവസ്ഥയിൽ കഴിയുന്ന വിവിധ ജനവിഭാഗങ്ങളെ കാണാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം.

കേരളം തൊഴിൽ നൽകുന്നില്ല എന്നാക്ഷേപിച്ച പ്രധാനമന്ത്രി കേന്ദ്ര സർക്കാർ വിവിധ റിക്രൂട്ടിങ്ങ് ഏജൻസികൾ വഴി നടത്തിയിട്ടുള്ള നിയമനത്തിന്റെ എണ്ണം എത്രയാണെന്ന് പറയാൻ തയ്യാറുണ്ടോ ?കേരളത്തിൽ 2016-23 കാലഘട്ടത്തിൽ 206513 നിയമനങ്ങൾ നടത്തിയപ്പോൾ കേന്ദ്രം എത്ര നടത്തിയെന്ന് പറയാൻ തയ്യാറാകണം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽ വെട്ടിക്കുറച്ചും തൊഴിൽ കരാർവത്ക്കരിച്ചും മുന്നോട്ട് പോകുന്ന യുവജന വിരുദ്ധമായ സമീപനം കേന്ദ്രം തിരുത്താൻ തയ്യാറുണ്ടോ എന്നും പ്രധാനമന്ത്രി വ്യക്തമാക്കണം.
ഇത്തരത്തിൽ യുവജനങ്ങളെ വഞ്ചിക്കുന്ന പ്രധാനമന്ത്രി യുവജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറാകണമെന്നും എക്കാലവും ഭീരുവായി ഒളിച്ചോടി മൻകീ ബാത്ത് നടത്തി കപട സംവാദങ്ങളുടെ പേരിൽ യുവതയെ പറ്റിക്കുന്ന പ്രധാനമന്ത്രിയെ തിരിച്ചറിയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെസനോജ് പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗം വി എസ് ശ്യാമ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.