കണ്ണൂർ: യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്‌ഐ സംഘർഷം മുതിർന്ന് നേതാക്കൾ ഏറ്റുപിടിച്ചതോടെ പരസ്പ്പരം വായ് യുദ്ധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയവർക്കെതിരെ ഇനിയും നടപടിയുണ്ടായില്ലെങ്കിൽ എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി.

സതീശൻ ഗുണ്ടായിസം വ്യാപിപ്പിക്കുകയാണെന്ന് ജയരാജൻ പറഞ്ഞു. എണ്ണിയെണ്ണി അടിക്കാൻ വന്നാൽ എല്ലാവരും പുറംകാണിച്ച് നിൽക്കില്ല. അടിച്ചാൽ കൊല്ലത്തും കിട്ടുമെന്നത് എല്ലാവർക്കും ബാധകമെന്നും ജയരാജൻ പറഞ്ഞു. അടിച്ചാൽ തിരിച്ചടിക്കരുതെന്ന നിലപാട് തിരുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു.

''സതീശൻ പത്രസമ്മേളനം നടത്തി എണ്ണി എണ്ണി തിരിച്ചടിക്കാൻ പുറപ്പെടുമ്പോൾ സതീശാ എണ്ണി എണ്ണി കണക്കു തീർക്കാൻ മറുഭാഗവുമുണ്ടാകും നോക്കിക്കോ. അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്. അതുകൊണ്ട് ഇരിക്കുന്ന സ്ഥാനത്തെ കുറിച്ചാലോചിച്ചേ പ്രഖ്യാപനം നടത്താവൂ. നിങ്ങൾ അടിക്കാൻ വരുമ്പോൾ എല്ലാവരും പുറംകാണിച്ചു തരുമെന്ന് ധരിക്കേണ്ട. ആ പ്രഖ്യാപനം തന്നെ സംഘർഷവും സംഘട്ടനവും ഉണ്ടാക്കാനാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്നു മനസ്സിലാക്കി പിന്തിരിയുക'' ഇ.പി. ജയരാജൻ പറഞ്ഞു.

ഇന്ത്യൻ പാർലമെന്റിൽ 146 പ്രതിപക്ഷ എംപിമാരെ ബിജെപി ഗവൺമെന്റ് പുറത്താക്കിയിരിക്കുകയാണ്. അതാണിന്ന് കേരളത്തിന്റെയും ഇന്ത്യയുടെയും പ്രശ്‌നം. വി.ഡി സതീശന് അതേകുറിച്ച് ഒന്നും പറയാനില്ലേ എന്നും ജയരാജൻ ചോദിച്ചു. കേരളത്തിലെ കോൺഗ്രസ് എംപിമാരിൽ ഭൂരിഭാഗത്തെയും പുറത്താക്കി. പാർലമെന്റ് അംഗങ്ങളെ മുഴുവൻ പുറത്താക്കുന്നത് ഒരു ഫാസിസ്റ്റ് ഭരണ രീതിയുടെ ലക്ഷണമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള നിലപാടാണ് ഇന്ത്യക്ക് ആവശ്യം. അതിനു പകരം തെരുവിലിറങ്ങും അടിച്ചോടിക്കും എന്നുള്ള പ്രഖ്യാപനമല്ല പ്രതിപക്ഷ നേതാവേ ഇപ്പോൾ ജനങ്ങൾക്കു വേണ്ടത്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ഡി. സതീശന്റെ വാക്കുകൾ:

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കൊല്ലാൻ കരിങ്കല്ലെറിഞ്ഞപ്പോൾ അതിനെ ന്യായീകരിച്ച പാർട്ടി സെക്രട്ടറിയാണ് പിണറായി വിജയൻ. ഞങ്ങൾ പിണറായി വിജയന്റെ പാരമ്പര്യത്തിലുള്ളവരല്ല. ഒരു കടലാസ് പോലും ചുരുട്ടിയെറിയരുതെന്ന് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞവരാണ് ഞങ്ങൾ. അത് മാറ്റിപ്പറയാൻ വേണ്ടിയാണ് ഇന്നത്തെ മാർച്ചിൽ പങ്കെടുക്കുന്നത്.

പൊലീസിനോടാണ്, ഡിജിപിയോടാണ്, കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോടാണ്, കല്യാശ്ശേരി മുതൽ കൊല്ലം വരെ ഞങ്ങളെ ഉപദ്രവിച്ച കേസുകളിൽ ശരിയായ വകുപ്പുകൾ ചേർത്ത് ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം. നിങ്ങളുടെ ഗൺമാന്മാരും ടി.എസ്.ഒമാരും ക്രിമിനലുകളാണ്. അവരെ ആ സ്ഥാനത്തുനിന്ന് പുറത്താക്കണം. ഇതുരണ്ടും ചെയ്തില്ലെങ്കിലും തിരിച്ചടിക്കണം, തിരിച്ചടിക്കും. ഒരു സംശയവും വേണ്ട. എണ്ണിയെണ്ണി അടിക്കും.

കല്യാശ്ശേരി മുതൽ കൊല്ലം വരെ യൂത്ത് കോൺഗ്രസുകാരെ തെരുവിലിട്ട് പേപ്പട്ടിയെപ്പോലെ തല്ലിയവരുടെ പേരുകൾ മുഴുവൻ ഞങ്ങളുടെ കൈയിലുണ്ട്. വഴിയിലിട്ട് വയർലെസ് സെറ്റ് വെച്ച് തല്ലിയവരെ, മാരകായുധങ്ങൾവെച്ച് ആക്രമിച്ചവരെ, പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നവരെ ആലപ്പുഴയിൽവെച്ച് ക്രൂരമായി മർദിച്ചവരെ, പ്രിയപ്പെട്ട അജിമോനെ പുറകിൽനിന്ന് ചവിട്ടയവരെ, എല്ലാവന്റേയും പേരും മേൽവിലാസവും ഞങ്ങളുടെ കൈയിലുണ്ട്.

ഇത് ചെയ്തില്ലെങ്കിൽ കല്യാശ്ശേരിയിൽനിന്ന് തന്നെ തുടങ്ങും. അവരെ സംരക്ഷിക്കും. ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ, യൂത്ത് കോൺഗ്രസിന്റേയും കെ.എസ്.യുവിന്റേയും കുട്ടികളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ, ഉള്ള സ്ഥാനം വലിച്ചെറിഞ്ഞ് സന്ന്യാസത്തിനു പോവും. ഇവരുടെ ചോരവീണ, ചോരച്ചാലുകൾ ചവിട്ടി ഞങ്ങൾക്കാർക്കും അധികാരസ്ഥാനത്തേക്ക് പോവേണ്ട. അധികാരസ്ഥാനത്തേക്കാൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ് ഇവർ. അവരുടെ ദേഹം നൊന്തിട്ടുണ്ടെങ്കിൽ, നിലവിളിച്ചിട്ടുണ്ടെങ്കിൽ, പരിക്കേറ്റിട്ടുണ്ടെങ്കിൽ, അവരുടെ ചോര ഈ മണ്ണിൽ വീണിട്ടുണ്ടെങ്കിൽ, നിയമപരമായ നടപടി നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഉറപ്പായും തിരിച്ചടിക്കും. അതിന്റെ കൂടെ ഞങ്ങളുണ്ടാവും. പുറത്തുനിന്ന് പറയാനല്ല, കൂടെയുണ്ടാവും.