തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം നേതാക്കൾ. ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള കേന്ദ്ര നീക്കമെന്നാണ് ഇതിനെ സിപിഎം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ കരുതലോടെ പ്രതികരിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ആരാഞ്ഞപ്പോൾ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് നേതാക്കൾ. ഈ വിഷയത്തിൽ എനിക്കൊന്നും അറിഞ്ഞു കൂടെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രതികരണം. എന്ത് കേന്ദ്ര ഏജൻസിയെന്ന് ചോദിച്ച അദ്ദേഹം, സംഭവം നോക്കിയിട്ടു പറയാമെന്നും പ്രതികരിച്ചു. ഈ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസും എ.കെ.ബാലനും ഒഴിഞ്ഞുമാറി. സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിലേക്ക് എത്തിയതായിരുന്നു നേതാക്കൾ.

അതേസമയം വിഷയം പ്രതിപക്ഷം വിഷയം ആയുധമാക്കുകയാണ്. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസർക്കാർ അന്വേഷണത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മൗനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നവകേരള സദസ്സിനിടെ തരംതാണ രീതിയിൽ പ്രതിപക്ഷത്തുള്ള നേതാക്കളെ അധിക്ഷേപിച്ചയാളാണ് പൊതുമരാമത്ത് മന്ത്രി. ഇപ്പോൾ അദ്ദേഹത്തിന്റെ നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയാണോയെന്ന് വി.ഡി സതീശൻ ചോദിച്ചു.

കേരളത്തിൽ സിപിഎമ്മും സംഘ്പരിവാറും തമ്മിൽ രഹസ്യധാരണയുണ്ട്. സ്വർണ്ണക്കടത്ത് കേസിലും കരുവന്നൂർ കേസിലും ഈ ധാരണ പ്രകാരമാണ് അന്വേഷണം നിലച്ചത്. എക്‌സാലോജിക്കിനെതിരായ അന്വേഷണവും നീതിപൂർവമായി നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. അന്വേഷണപരിധിയിലേക്ക് കെ.എസ്‌ഐ.ഡി.സി കൂടി എത്തിയത് ഗൗരവതരമായ കാര്യമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിനെതിരെയും രൂക്ഷവിമർശനമാണ് വി.ഡി സതീശൻ നടത്തിയത്.

കഴിഞ്ഞ ദിവസം കണ്ണൂരിൽ ക്രൂരമർദനമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുരോധ്യനന്റെ സഭയിൽ സംഭവിച്ചതാണ് ഇന്നലെ കണ്ണൂരും ആവർത്തിച്ചത്. പെൺകുട്ടികളെയടക്കം പൊലീസ് ക്രൂരമായി മർദിച്ചു. നട്ടെല്ല് ഇല്ലാത്ത ഡി.ജി.പിയാണ് കേരളത്തിന്റെ പൊലീസ് തലപ്പത്തുള്ളതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വീണയ്ക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനുപിന്നാലെയാണ് അന്വേഷണം. വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിലുള്ളത്.

കർണാടക ഡപ്യൂട്ടി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് ബി.എസ്. വരുൺ, പോണ്ടിച്ചേരി ആർഒസി എ. ഗോകുൽനാഥ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം.ശങ്കര നാരായണൻ, എന്നിവർക്കാണ് അന്വേഷണ ചുമതല. സിഎംആർഎൽ, കെഎസ്‌ഐഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കും. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവർത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും കുറ്റപ്പെടുത്തിയിരുന്നു.