ഇടുക്കി: ഇടുക്കിയിലെ വന്യമൃഗശല്യത്തിൽ വനംവകുപ്പിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകൾക്ക് ഓമനപ്പേരുകളിട്ട് ആനന്ദം കൊള്ളുകയാണ്. പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ല. ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ? ഡിഎഫ്ഒയുടെ അളിയനാണോ അരിക്കൊമ്പൻ. എൽ ഡി എഫ് സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. മേഖലയിൽ സ്ഥിരം ആക്രമണം നടത്തുന്ന മൂന്ന് ആനകളെ തുരത്തണമെന്നാണ് പ്രധാന ആവശ്യം. സിപിഎം.ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ശാന്തൻപാറ,ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരി ക്കൊമ്പൻ, ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാന്മാരെ നാട് കടത്തണമെന്നാണ് പ്രധാന ആവശ്യം. ഇതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനു പകരം വനം വകുപ്പ് ഉദ്യോഗസ്ഥർ എ.സി. റൂമുകളിൽ വിശ്രമിക്കുകയാണെന്നും അക്രമകാരികളായ ആനകളെ ഓമനപ്പേരിട്ട് ആനന്ദം കൊള്ളുകയാണെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത സിപിഎം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖാമൂലം ഉറപ്പ് നൽകും വരെ പ്രതിഷേധം തുടരാനാണ് സിപിഎം. തീരുമാനം.അക്രമകാരികളായ ആനകളെ മാറ്റുന്നതിന് ശിപാർശ നൽകുമെന്നും ഈ മാസം 31 ന് മന്ത്രിതല ചർച്ച നടത്തുമെന്നും വനം വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ഇതിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

വനംവകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാന കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് വനം വകുപ്പ് ഉറപ്പ് നൽകിയത്. നാലു മണിക്കൂറിനു ശേഷമാണ് കൊച്ചി ധനുഷ്‌കോടി ദേശീയ പാത ഉപരോധം അവസാനിപ്പിച്ചത്.

ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടു കൊമ്പന്മാരെ പിടിച്ചു മാറ്റുകയോ ഉൾക്കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. ദേവികുളം എംഎൽഎ എ രാജ അടക്കമുള്ള ജനപ്രതിനിധികളും സമരത്തിൽ അണി ചേർന്നു. പ്രദേശത്ത് ആറു കാട്ടാനകളാണ് ജനങ്ങൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്. ഇതിൽ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ രണ്ടെണ്ണത്തിനെയെങ്കിലും മാറ്റണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു.

വകുപ്പിനെതിരെ സിപിഎം തന്നെ രംഗത്തുവന്നത് ഇടത് മുന്നണിയിൽ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. സിപിഎം ജില്ല സെക്രട്ടറിയുടെ അട്ടിമറി ആരോപണം വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ ലക്ഷ്യമിട്ടാണെന്നാണ് ഉയരുന്ന ആക്ഷേപം.