കോഴിക്കോട്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ നടക്കവേ തന്റെ അഭിപ്രായം പറഞ്ഞ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പുതുപ്പള്ളിയിൽ തിരക്കിട്ട് സ്ഥാനാർത്ഥി നിർണയത്തിന് കടക്കേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. എല്ലാ കാര്യങ്ങളും പരിഗണിച്ച് കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകും. സ്ഥാനാർത്ഥി നിർണയം ഒരു തർക്കവും കൂടാതെ നടത്താനാവുമെന്നും മുരളീധരൻ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുടെ വിയോഗം വഴിയുണ്ടായ വിടവ് നികത്തുന്ന കാര്യം ഇപ്പോൾ ആലോചിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കെ. കരുണാകരന് ശേഷം കോൺഗ്രസിലെ അന്തിമ വാക്ക് ഉമ്മൻ ചാണ്ടിയുടേത് ആയിരുന്നു. അങ്ങനെ ഒരു വ്യക്തി ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ കാണുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടി വേറിട്ട കാലത്ത് ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. അതൊക്കെ ഇപ്പോൾ ഉയർത്തി കൊണ്ടുവരുന്നത് ചീപ്പായ കാര്യമാണ്. വ്യത്യസ്ത പാർട്ടികളിൽ നിന്ന കാലത്ത് പല തരത്തിൽ വിമർശിച്ചതൊന്നും ആജീവനാന്തകാലം നിലനിൽക്കുന്നതാണോ എന്നും മുരളീധരൻ ചോദിച്ചു. മരിച്ച ഒരാളെ സിനിമ നടൻ അപമാനിക്കുന്നു. ഇതെല്ലാം സൈബർ ആക്രമണത്തിന്റെ വൃത്തിക്കെട്ട മുഖങ്ങളാണ്. ഈ വിഷയത്തിൽ മറുപടി പറയേണ്ട കാര്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

നേരെത്തെ പുതുപ്പള്ളിയിൽ ചെറിയാൻ ഫിലിപ്പിനെ പിന്തുണച്ച് ചെറിയാൻ ഫിലിപ്പ്് രംഗത്തു വന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാ വിധ അർഹതയുമുള്ളത് ചാണ്ടി ഉമ്മനാണെന്നാണ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കുന്നത്. ജനിച്ച നാൾ മുതൽ രാഷ്ട്രീയവായു ശ്വസിക്കുകയും കോൺഗ്രസിന്റെ സംസ്‌ക്കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസ്സിലാക്കി വ്യക്തിയാണ് ചാണ്ടി ഉമ്മനെന്നും സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായതെന്നുമാണ് ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്‌ന പാദനായി അനേക കിലോമീറ്റർ നടന്നയാളാണ്. കൂടാതെ ഒരു വീട്ടിൽ നിന്നും ഒരാൾ മതിയെന്നായിരുന്നു ചാണ്ടി ഉമ്മനെന്നും ചെറിയാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. കെ.എസ്.യു കാലത്തിന് ശേഷം അച്ചു രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. വിവാഹ ശേഷം അച്ചു സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയെന്നും ചെറിയാൻ ചൂണ്ടിക്കാട്ടുന്നു.