കണ്ണൂർ: രാമക്ഷേത്ര വിഷയത്തിൽ സംസ്ഥാന കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കോൺഗ്രസിനെതിരെ സമസ്ത മുഖപത്രത്തിലെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്ന് കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ പ്രതികരിച്ചു. രാമക്ഷേത്ര ഉദ്ഘാടനം സംബന്ധിച്ച് നിലപാട് സ്വീകരിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചാൽ പാർട്ടിയെ അറിയിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ വ്യക്തമാക്കി. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി പറഞ്ഞു. പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായമുണ്ട്. കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ല.

ഇന്നലെ കോൺഗ്രസിനെതിരായ സമസ്ത മുഖപത്രത്തിലെ വിമർശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ കെ.സി. വേണുഗോപാലും തയാറായിരുന്നില്ല. മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ കോൺഗ്രസ് ജനറൽ സെക്രട്ടറി മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് സമസ്ത മുഖപത്രമായ 'സുപ്രഭാതം' മുഖപ്രസംഗത്തിലൂടെ നടത്തിയത്. കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട് തന്നെയാണെന്നും ക്ഷേത്രോദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് പറയാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാണിച്ച ആർജവമാണ് സോണിയ ഗാന്ധി അടക്കമുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.

ഒരു വിഭാഗത്തിന്റെ ആരാധനാലയത്തിന്റെ തറയടക്കം മാന്തിയെറിഞ്ഞ് അവിടെ മുഷ്‌ക് മുടക്കി സ്ഥാപിച്ച ആരാധനാലയത്തിന്റെ 'കുറ്റൂശ'ക്ക് പങ്കെടുക്കുമെന്നോ ഇല്ലെന്നോ പറയാതെ പറയുന്ന ആശയക്കുഴപ്പത്തിലേക്ക് ഒട്ടകപ്പക്ഷിയെ പോലെ തലപൂഴ്‌ത്തുകയല്ല കോൺഗ്രസ് ചെയ്യേണ്ടതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.