കണ്ണൂർ: തനിക്കെതിരെ കോൺഗ്രസ് വിമതനും സ്റ്റാൻഡിങ് ചെയർമാനുമായ പി.കെ.രാഗേഷ് ഉയർത്തിയ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി അവസാനം നടന്ന കൗൺസിൽ യോഗത്തിൽ മറുപടി പറഞ്ഞു കൊണ്ടു കണ്ണൂർ കോർപറേഷൻ പദവി കോൺഗ്രസിലെ ടി.ഒ.മോഹനൻരാജി വെച്ചു.

തിങ്കളാഴ്‌ച്ച ഉച്ചയോടെ നടന്ന കൗൺസിൽ യോഗത്തിന് ശേഷമാണ് മേയർ ടി.ഒ.മോഹനൻ നഗരസഭാ സെക്രട്ടറിക്ക് രാജി കത്ത് നൽകിയത്. ഈ കാര്യം. ഇലക്ഷൻ കമ്മിഷനെ അറിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന രണ്ടാഴ്‌ച്ചക്കാലം മേയറുടെ എല്ലാ പൂർണാധികാരവുമുള്ള ചുമതലവഹിക്കും. ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ.കെ.ഇ. ഇന്ദിര, സുരേഷ് ബാബു മറ്റ് കൗൺസിലർമാർ എന്നിവരോടൊപമാണ് മേയർ ടി.ഒ.മോഹനൻ സെക്രട്ടറിയുടെ മുൻപാകെ എത്തി രാജി സമർപിച്ചത്.

തന്റെ കൂടെ ഭരണം നടത്തിയ ഭരണസമിതിക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാത്ത ഒറ്റകെട്ടായി കണ്ണൂർ കോർപറേഷനെ പുരോഗതിയിലേക്ക് നയിക്കാൻ കഴിഞ്ഞുവെന്ന് മേയർ ടി.ഒ.മോഹനൻരാജിക്കു മുൻപെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രതിസന്ധിയും ഫണ്ടിന്റെ ലഭ്യത കുറവും വിലങ്ങുതടിയായി നിന്നപ്പോഴും ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. കണ്ണൂർ കോർപറേഷൻ ആസ്ഥാന മന്ദിരം സർക്കാർ കീഫ് ബി ഫണ്ടു ലഭ്യമാക്കിയതോടെ തുടങ്ങാൻ കഴിഞ്ഞു.

മാലിന്യ സംസ്‌കരണത്തിൽ മുന്നേറ്റം നടത്താൻ കണ്ണൂരിന് കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി കണ്ണൂർ മാറി. കോർപറേഷൻ ആരംഭിച്ച സ്മാർട്ടപ്പ് സംരഭമായ നെല്ലികയ്ക്ക് ന്യൂഡൽഹിയിൽ നടന്ന സ്വച്ഛതാ സ്റ്റാർട്ട് കോൺ ക്‌ളൈവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് സ്റ്റാർട്ടപ്പുകളിലൊന്നായി മാറി. കേന്ദ്ര നഗര കാര്യവകുപ്പ് കീഴിലെ വിവരണ ശേഖരണ പ്‌ളാറ്റ് ഫോമായ ഇന്ത്യാ ഡാറ്റാ അർബൻ എക്‌സ്‌ചേഞ്ചിൽ കണ്ണൂർ കോർപറേഷനും ഉൾപ്പെട്ടത് ദേശീയ ശ്രദ്ധ നേടിയെന്നും മേയർ പറഞ്ഞു.

കോർപറേഷൻ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുമായും വിവരങ്ങൾ ജി.ഐ. എസ് മാപ്പിങ്ങിൽ ഉൾപ്പെടുത്തിയ ആദ്യ കോർപറേഷനായി കണ്ണൂർ മാറി. പടന്നപ്പാലത്തെ മാലിന ജലശുദ്ധീകരണ പ്‌ളാന്റ്, ചേലോറയിലെ മാലിന്യനിർമ്മാർജ്ജനം, 90 കേന്ദ്രങ്ങളിൽ ആധുനിക ക്യാമറകൾ സ്ഥാപിക്കൽ പയ്യാമ്പലം പുലിമുട്ട് നിർമ്മാണം, നഗര സൗന്ദര്യവൽക്കരണം, കണ്ണൂർ ജവഹർ സ്റ്റേഡിയം നവീകരണം, ഡയാലിസമ്പ് സെന്റർ യൂനിറ്റ് സ്ഥാപിക്കൽ ,കണ്ണൂർ ദസറ തുടങ്ങിയ ഒട്ടേറെ നേട്ടങ്ങളും പദ്ധതികളിലുടെ കൈവരിക്കാൻ കഴിഞ്ഞുവെന്ന് മേയർ പറഞ്ഞു.

മേയർക്കെതിരെ അഴിമതി ആരോപണമുന്നയിച്ച പി.കെ രാഗേഷിനെ വിമർശിച്ചു കൊണ്ടു താൻ യാതൊരു സമ്മർദ്ദങ്ങൾക്കും വഴങ്ങു ന്ന യാളല്ലെന്നും എതിർക്കുന്നവരെ കൂടി അവർ പറയുന്നതിൽ മെറിറ്റുണ്ടെങ്കിൽ അംഗികരിച്ചും തെറ്റുതിരുത്തിയുമാണ് മുൻപോട്ടു പോയതെന്നും വിമർശകരോട് തനിക്ക് നന്ദിയുണ്ടെന്നും അവർ കാരണം ജാഗ്രതയോടെ പ്രവർത്തിക്കാൻ കഴിഞ്ഞു വെന്നും മേയർ പറഞ്ഞു. തിങ്കളാഴ്‌ച്ച വൈകിട്ട് മൂന്നു മണിക്ക് നടന്ന കൗൺസിൽ യോഗത്തിൽ പി.കെ.രാഗേഷ് മേയർക്കെതിരെ വീണ്ടും ആരോപണമുന്നയിച്ചത് കൗൺസിൽ യോഗത്തെ ബഹളമയമാക്കി.

എന്നാൽ രാഗേഷിന്റെ ആരോപണങ്ങൾ പ്രതിപക്ഷമായ എൽ.ഡി.എഫ് ഏറ്റെടുക്കാത്തതിനാൽ അതു കേവലം ഒറ്റയാൾ പോരാട്ടമായി. കോൺഗ്രസ് വിമത കൗൺസിലർ പി.കെ അനിത മാത്രമാണ് പി.കെ രാഗേഷിനെ പിൻതുണച്ചത്. യു.ഡി.എഫ് കൗൺസിലർമാർ കൂക്കിവിളിയും ബഹളവുമായി എതിരേറ്റതോടെ രാഗേഷ് കൗൺസിൽ യോഗത്തിൽ നിന്നും ഏകാധിപതിയെപ്പോലെ മേയർ പെരുമാറുന്നുവെന്നു ആരോപിച്ചു യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. മേയർ രാജി വയ്ക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നാട്ടുകാരും കൗൺസിൽ ഹാളിലെത്തിയിരുന്നു.