പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഹർജി തള്ളിയതന് താനെന്തിന് മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിന് വന്ന ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അത് അവരുടെ കമ്പനി കൈകാര്യം ചെയ്തോളും. പാർട്ടിയെ തകർക്കാനാണ് ഇത്തരം ആരോപണങ്ങളെന്ന് നേരത്തെ പറഞ്ഞതാണ്. പിണറായിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമേ പ്രതികരിച്ചിട്ടുള്ളൂ. ഏത് കേന്ദ്ര ഏജൻസിയെ കൊണ്ടുവന്നാലും കേരളത്തിൽ വിലപ്പോകില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം ഇല്ലെന്നും പത്തനംതിട്ടയിൽ ഗൗരവമുള്ള സ്ഥാനാർത്ഥി വരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

സമൂഹം അംഗീകരിക്കാത്ത തെറ്റായ ഒരു പ്രവണതയും സിപിഎം വച്ചു പൊറുപ്പിക്കില്ലെന്ന് ഗ്യാരണ്ടിയെന്ന് പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളും ചേർത്ത് പിടിച്ചാണ് പാർട്ടി മുന്നോട്ടു പോകുന്നത്. പാർട്ടി വിട്ട മുൻ മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിനെയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോയെയും സിപിഎമ്മിലേക്ക് സ്വീകരിക്കുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റ് താൽപര്യം മാത്രമാണ് മോദി സർക്കാർ നടപ്പാക്കുന്നത് കടം എഴുതി തള്ളിയും പൊതുമേഖലാസ്ഥാപനങ്ങൾ വിട്ടുകൊടുത്തും അവർ കോർപ്പറേറ്റുകളെ വളർത്തുകയാണ്. ഹിന്ദുത്വത്തിന്റെ മറവിൽ സഹായിക്കുന്നതും കോർപ്പറേറ്റുകളെയാണ്. ഹിന്ദു രാഷ്ട്രത്തിന് എതിരുനിന്നതിന്റെ പേരിലാണ് ഗാന്ധിജിക്ക് ജീവൻ നഷ്ടമായത്. ഇപ്പോൾ ഭരണഘടനാ മൂല്യങ്ങൾ ചവിട്ടി മെതിച്ച് അതിനുള്ള ശ്രമമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കരുത്തോടെ മുന്നോട്ട് പോയില്ലെങ്കിൽ ഇന്ത്യ ഉണ്ടാകില്ല. കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല നിലപാടിന്റെ ബദലാണ് കേരളമോഡൽ.

പാവപ്പെട്ടവരുടെ ജീവിതം കൂടുതൽ ഗുണമേന്മയുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനം നടക്കുന്നു. എന്നാൽ ഒന്നും ചെയ്യാൻ അനുവദിക്കില്ലെന്ന വാശിയിലാണ് കേന്ദ്രം. കേസു കൊടുത്തതിന്റെ പേരു പറഞ്ഞാണ് ഇപ്പോൾ അർഹതപ്പെട്ട സഹായം നിഷേധിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങളോട് കേന്ദ്രം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനോട് ചേർന്ന് ഇവിടെ പ്രതിപക്ഷവും ശുദ്ധ അസംബന്ധം പ്രചരിപ്പിക്കുന്നു. നാട്ടിൽ വികസനം അനുവദിക്കില്ലെന്ന വാശിയിലാണ് പ്രതിപക്ഷ നേതാവ് വ.ഡി. സതീശൻ. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവ് ലോകത്ത് വേറെ ഉണ്ടാകില്ല. സർക്കാർ വികസന പ്രവർത്തനം നടത്തിയാൽ പ്രതിപക്ഷത്തിന് വോട്ടു കിട്ടില്ലെന്ന ഭയമാണ്.

യോഗത്തിൽ മുൻ എംഎ‍ൽഎ രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, എ. പത്മകുമാർ, ബാബു ജോർജ്, സജി ചാക്കോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ എന്നിവർ പ്രസംഗിച്ചു.