തിരുവനന്തപുരം: മാത്യു കുഴൽനാടൻ എന്ന് കേട്ടാലേ മുഖ്യമന്ത്രി പിണറായി വിജയന് പ്രശ്‌നമാണത്രേ. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുമ്പോൾ പഴയ വിഷയങ്ങളാണ് ചർച്ചയാകുന്നത്. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയായി നിയമസഭയെ മാറ്റാൻ പാടില്ലെന്നും എന്തിനും ഒരു അതിരുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പക്ഷേ അത്ര അതിരുവിട്ടതൊന്നും ഇന്നലെ കുഴൽ നാടൻ പറഞ്ഞിരുന്നില്ല. ലഹരിക്കടത്തിനു സിപിഎം നേതാക്കളുടെ സഹായമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ തുടർന്നു നിയമസഭയിൽ ബഹളവും പ്രതിപക്ഷ വോക്കൗട്ടും നടന്നിരുന്നു. ആരോപണത്തെ സിപിഎം അംഗങ്ങൾ ശബ്ദം ഉയർത്തി നേരിട്ടതോടെ സഭ ബഹളത്തിൽ മുങ്ങി. ഇതിന് കാരണം കുഴൽനാടനായിരുന്നു.

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴൽനാടൻ, ലഹരിക്കടത്തിനു സിപിഎം പിന്തുണ നൽകുന്നതായി ആരോപിച്ചതാണ് ബഹളത്തിനു വഴിയൊരുക്കിയത്. മറുപടി പറഞ്ഞ മന്ത്രി എം.ബി.രാജേഷ് ആരോപണം നിഷേധിച്ചെങ്കിലും മിതത്വം പാലിച്ചു. എന്നാൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎമ്മിനെ കുറിച്ച് എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി. എന്താണ് മാത്യു കുഴൽനാടൻ അവതരിപ്പിച്ചത്? എന്തും വിളിച്ചു പറയുന്ന ആളായതു കൊണ്ട് കോൺഗ്രസ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? ഇങ്ങനെയാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്? എന്തിനും അതിരു വേണം. അതു ലംഘിക്കാൻ പാടില്ല- മുഖ്യമന്ത്രി പറഞ്ഞു. കുഴൽനാടന്റെ ആരോപണത്തിന് സമാനമായ പലതും മുമ്പും സഭയിൽ പലരും പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനെ ഓരോ വിഷയത്തിലും വിമർശിക്കുകയാണ് പ്രതിപക്ഷ കടമ. അതു ചെയ്ത കുഴൽനാടനെ മുഖ്യമന്ത്രി വ്യക്തിപരമായി തന്നെ അധിക്ഷേപിച്ചു. ഇതിന് കാരണം ആ പഴയ എക്‌സോലോജിക് ആരോപണമാണത്രേ.

അതിനിടെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് മോശമായി സംസാരിക്കുന്നുവെന്നു മാത്യു കുഴൽനാടൻ രംഗത്തു വന്നിട്ടുണ്ട്. താൻ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനെതിരെ 'എന്തും പറയാമെന്നാണോ' എന്നു ചോദിച്ചുകൊണ്ടു മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. അതിന്റെ ആവശ്യമൊന്നുമില്ല. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് അംഗത്തിന്റെ ബാധ്യതയാണ്. മുൻപ് സ്പ്രിൻക്ലർ ആരോപണത്തിൽ ഉൾപ്പെട്ട ജെയ്ക് ബാലകുമാർ പിണറായിയുടെ മകൾ വീണയുടെ മെന്ററാണെന്നു താൻ നിയമസഭയിൽ പറഞ്ഞപ്പോൾ പച്ചക്കള്ളം, അസംബന്ധം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. പിന്നീട് അതിന്റെ തെളിവു വന്നപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നെന്നും മാത്യു പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയെ മെന്റർ ചെയ്യാൻ ജെയ്ക്ക് ബാലകുമാർ ഉണ്ടായിരുന്നുവെന്ന കാര്യം മുഖ്യമന്ത്രിക്ക് അംഗീകരിക്കെണ്ടി വന്നതിന് പിന്നിൽ കുഴൽനാടനായിരുന്നു. താൻ പൊതുസമൂഹത്തിൽ പറഞ്ഞ കാര്യം തെളിയിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഈ അവകാശ ലംഘന നോട്ടീസിന് മുഖ്യമന്ത്രി നൽകിയ വിശദീകരണവും അതിന്മേൽ സ്പീക്കർ നടത്തിയ റൂളിങ്ങിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി കുഴൽനാടൻ പറഞ്ഞിരുന്നത് നേരത്തെ വൈറലായിരുന്നു. വീണ വിജയന്റെ എക്സാലോജിക്ക് എന്ന കമ്പനിയുടെ മെന്ററായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായിരുന്ന ജെയ്ക്ക് ബാലകുമാർ പ്രവർത്തിച്ചിരുന്നു എന്ന ഫാക്ടിനെ ഇതുവരെ അംഗീകരിച്ചിരുന്നില്ല. ജൂറിസ്റ്റിക് പേഴ്സണാലിറ്റി ഉള്ള ഒരു കമ്പനിയുടെ മെന്ററായാണ് ജേയ്ക്ക് പ്രവർത്തിച്ചിരുന്നതെന്നും അതുകൊണ്ട് മകളെ മെന്റർ ചെയ്തു എന്ന് പറയാനാകില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ എക്സാലോജിക്ക് എന്ന കമ്പനിക്ക് മറ്റ് ഡയറക്ടേഴ്സ് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു

മെന്റർ ആയി പ്രവർത്തിച്ചയാളുടെ പേര് കമ്പനി വെബ് സൈറ്റിൽ നിന്ന് നീക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ആരെയും വ്യക്തിപരമായി ആക്രമിക്കുക എന്ന ഉദ്ദേശം തനിക്കില്ലെന്നും താൻ പൊതു സമൂഹത്തിന് മുന്നിൽ വിഷയം വ്യക്തമാക്കിക്കഴിഞ്ഞതായും മാത്യു കുഴൽനാടൻ പ്രതികരിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തിനിടെ താൻ, മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ മുഖ്യമന്ത്രി എതിർത്തിരുന്നുവെന്നും എംഎൽഎ പറഞ്ഞത് പച്ചക്കള്ളമാണെന്ന് സഭയിൽ പറഞ്ഞതിലൂടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണോയെന്ന് ജനം വിലയിരുത്തട്ടെയെന്നും താൻ ഈ വിഷയുമായി മുന്നോട്ടുപോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. തന്റെ വാദം മുഖ്യമന്ത്രി തള്ളിയതോടെ ഇത് അവകാശ ലംഘനമാണെന്ന് കാണിച്ചുകൊണ്ട് വാദം ശരിയാണെന്ന് തെളിയിക്കുന്ന രേഖകളുൾപ്പെടെ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് മാത്യു കുഴൽനാടൻ നൽകിയിരുന്നു. ഇതെല്ലാം പിണറായിയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് മറ്റൊരു അടിയന്തര പ്രമേയ ചർച്ചയിൽ കുഴൽനാടനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത്.

കഞ്ചാവ് കേസിൽ അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ മാത്യു കുഴൽനാടനു നിർദ്ദേശം നൽകിയതു താനാണെന്നും തെളിവുകളുടെ ബലത്തിലും ഉത്തരവാദിത്ത ബോധത്തോടെയുമാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കുകയും ചെയ്തു. ബഹളത്തിൽ പങ്കാളികളാവാതെ സിപിഐ അംഗങ്ങൾ മൗനം പാലിച്ചതു ശ്രദ്ധേയമായി. അങ്ങനെ സഭയിൽ സിപിഎം ഒറ്റപ്പെട്ടു. കുഴൽനാടൻ താരവുമായി. സിപിഎം ബന്ധമുള്ളവരുടെ നേതൃത്വത്തിലാണ് ലഹരിക്കടത്ത് നടക്കുന്നതെന്ന് ആരോപിച്ച കുഴൽനാടൻ, ഒരുവിഭാഗം നേതാക്കൾ പാർട്ടിയുടെ ചവിട്ടുപടി കയറുന്നത് ഈ പണം ഉപയോഗിച്ചാണെന്നും കുറ്റപ്പെടുത്തി. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സിപിഎം നേതാവിന് സംഭവത്തിൽ ബന്ധമില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കിയത്. കുട്ടനാട്ടിലെ സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു പോകുന്നത് ലഹരി മാഫിയ ബന്ധത്തിൽ മനംമടുത്തിട്ടാണെന്നും കുഴൽനാടൻ പറഞ്ഞു. ഇതോടെ സിപിഎം അംഗങ്ങൾ ബഹളം തുടങ്ങുകയും പ്രതിപക്ഷം അതിനെ നേരിടുകയുമായിരുന്നു. സ്പീക്കർ എ.എൻ.ഷംസീർ ഇരു കൂട്ടരെയും ശാന്തരാക്കാൻ ശ്രമിച്ചു.

ലഹരി കടത്തുകളിൽ പിടിയിലായവരുടെ പട്ടിക വായിച്ചാൽ പ്രതിപക്ഷത്തിന് സഭയ്ക്കു പുറത്തിറങ്ങി പോകേണ്ടി വരുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞപ്പോൾ, തന്റെ കൈവശമുള്ള പ്രതിപ്പട്ടിക വായിച്ചാൽ ഭരണപക്ഷത്തിനു ബഹളം വയ്ക്കുക മാത്രമല്ല, വോക്കൗട്ടും നടത്തേണ്ടി വരുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ തിരിച്ചടി. തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച സജി ചെറിയാൻ, അതു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നു വെല്ലുവിളിച്ചു. അതിനിടെ കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരിമരുന്നു പിടിച്ചത് ആലപ്പുഴയിലെ സിപിഎം നഗരസഭാംഗം വാടകയ്ക്കു നൽകിയ വാഹനത്തിൽ ആണെങ്കിലും സംഭവത്തിൽ അദ്ദേഹത്തിനു പങ്കുണ്ടെന്നു തെളിവ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. അന്വേഷണം നടക്കുകയാണ്. വാഹന ഉടമയെ പ്രതിയാക്കാനുള്ള തെളിവു ലഭിച്ചിട്ടില്ല. ലഭിച്ചാൽ പ്രതിയാക്കും. ജാഗ്രതക്കുറവ് കണ്ടെത്തിയതിനെത്തുടർന്ന് പാർട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുണ്ട്.

മട്ടന്നൂരിൽ മുസ്‌ലിംലീഗിന്റെ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ പേരിലുള്ള വാഹനത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തിയതിനു ലീഗ് പ്രവർത്തകനായ ഡ്രൈവറുടെ പേരിലാണ് കേസെടുത്തത്; അല്ലാതെ വാഹന ഉടമയുടെ പേരിലല്ല. അവിടെ പിടികൂടിയ സാധനങ്ങൾക്കു രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും വിൽപനാനുമതി ഉണ്ട്. എന്നാൽ കേരളത്തിൽ നിരോധനമുണ്ട്. ലഹരി കേസുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ശിക്ഷ നടപ്പാക്കിയത് കേരളമാണ്. മുൻവർഷത്തെക്കാൾ ഇത്തരം കേസുകളുടെ എണ്ണത്തിൽ 166% വർധന ഉണ്ടായി.