തിരുവനന്തപുരം: ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിലെ പ്രശ്‌നത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പരാമർശവും പിന്നാലെ പ്രതിപക്ഷം മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നതും സമൂഹമാധ്യമങ്ങളിലുൾപ്പടെ ചർച്ചയാണ്.തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവിന് അതേ നാണയത്തിൽ തന്നെ മറുപടി നൽകി മുഹമ്മദ് റിയാസ് വൈകാതെ രംഗത്ത് വരികയും ചെയ്തിരുന്നു.

ഇപ്പോഴിത മുഹമ്മദ് റിയാസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം റിയാസിനുള്ള പിന്തുണയും വിഷയത്തിൽ തന്റ നിലപാടും വ്യക്തമാക്കിയത്.മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യം വിശദീകരിച്ച ശിവൻകുട്ടി, അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുന്നവർ ദേശീയതലത്തിലെ ഫാഷിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണമെന്നും ഫേസ്‌ബുക്കിൽ കുറിച്ചു.

മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാം എന്നു പറഞ്ഞാണ് വിശദമായ കുറിപ്പ് ആരംഭിക്കുന്നത്.

മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്.

1 എസ്എഫ്‌ഐ പ്രവർത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം.
2 എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സെന്റ് ജോസഫ് സ്‌കൂൾ യൂണിറ്റ് പ്രസിഡന്റ്.
3 പിന്നീട് യൂണിറ്റ് സെക്രട്ടറി
4 ഫറൂഖ് കോളജിൽ യൂണിറ്റ് സെക്രട്ടറി
5 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹി
6 എസ്എഫ്‌ഐ ജില്ലാ ഭാരവാഹി
7 ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെ
8 സിപിഎം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വരെ
9 വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച കാലയളവിൽ കൊടിയ പൊലീസ് അതിക്രമത്തിന് ഇരയായി.
10 വിദ്യാർത്ഥി യുവജന സമരം നയിച്ചതിന്റെ പേരിൽ വിവിധ ഘട്ടങ്ങളിൽ ആയി നൂറോളം ദിവസം ജയിൽവാസം.
11 ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കെ ദേശീയതലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ പൊലീസ് അതിക്രമങ്ങൾക്ക് ഇരയായി.

പി.എ.മുഹമ്മദ് റിയാസിനെ ലക്ഷ്യം വയ്ക്കുന്നവർ ദേശീയതലത്തിലെ ഫാഷിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!.

 

'നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്' എന്ന് റിയാസ് നിയമസഭയിൽ പറഞ്ഞതിനു മറുപടിയായി ആണ് മാനേജ്‌മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആൾക്ക് ആരാണ് അധികാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചത്.ഇതിന് തൊട്ട് പിന്നാലെ തന്നെ പ്രതിപക്ഷ നേതാവിന് മറപടിയും മന്ത്രി നൽകിയിരുന്നു.അര മണിക്കൂർ പോലും ജയിലിൽ കിടന്ന ചരിത്രമില്ലാതെ ഇക്കാലമത്രയും എംഎൽഎ ആയിരുന്ന സതീശന്റെ സർട്ടിഫിക്കറ്റ് തനിക്കു വേണ്ടെന്നായിരുന്നു റിയാസിന്റെ പ്രതികരണം.