കാസർകോട്: മുസ്ലിം ലീഗിലെ അബ്ബാസ് ബീഗത്തെ കാസർകോട് നഗരസഭയുടെ ചെയർമാനായി തിരഞ്ഞെടുത്തു. അഡ്വ. ബിഎം മുനീർ രാജിവച്ച് തന്നെ തുടർന്നാണ് പുതിയ ചെയർമാനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ നഗരസഭാ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ അബ്ബാസ് ബീഗത്തിന് 20 വോട്ടും ബിജെപിയിലെ പി രമേശിന് 14 വോട്ടും ലഭിച്ചു. സിപിഎമ്മിന്റെ ഒരു അംഗത്തിന്റെയും സ്വതന്ത്രരായ രണ്ടു കൗൺലിലർമാരുടെയും വോട്ട് അസാധുവായി.

പരമ്പരാഗത മുസ്ലിം വേഷം ധരിച്ചാണ് അബ്ബാസ് കൗൺസിൽ ഹോളിലേക്ക് കടന്നുവന്നത്. പുറത്ത് പ്രവർത്തകർ ക്ഷമയോടെ കാത്തിരുന്നു. വോട്ടിങ് നില പുറത്തുവന്നതോടെ പ്രവർത്തകർ ആവേശത്തിലായി. ആർപ്പുവിളിച്ചും ആഹ്ലാദം പങ്കിട്ടും പ്രവർത്തകർ സന്തോഷം രേഖപ്പെടുത്തി. പുതുമണവാളനെ പോലെ പ്രവർത്തകർക്കിടയിൽ ഇറങ്ങിച്ചെന്ന് അബ്ബാസ് ബീഗം പ്രവർത്തകർ തോളിലേറ്റി ആനന്ദ നൃത്തം ആടി.

കാസർകോട് നഗരസഭക്ക് പുതിയ നായകനെ ലഭിച്ച തോടുകൂടി വികസന പ്രതീക്ഷയിലാണ് നഗരവാസികൾ. അഡ്വക്കേറ്റ് മുനീർ ചെയർമാൻ സ്ഥാനം രാജി വച്ചപ്പോൾ തന്നെ 24-ാം വാർഡിലെ കൗൺസിലർ സ്ഥാനവും രാജിവച്ചിരുന്നു. സ്റ്റാൻഡിങ് കമിറ്റി ചെയർമാനായ ഖാലിദ് പച്ചക്കാട് ആണ് അബ്ബാസ് ബീഗത്തെ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. മമ്മു ചാല പിന്താങ്ങി. ബിജെപിയിലെ പി രമേശിനെ വരപ്രസാദ് നിർദ്ദേശിക്കുകയും ഉമാ കടപ്പുറം പിന്താങ്ങുകയും ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനജർ ആദിൽ മുഹമ്മദ് റിട്ടേണിങ് ഓഫീസറായിരുന്നു. ചെയർമാനായി തെരഞ്ഞെടുത്ത അബ്ബാസ് ബീഗത്തിന് നേതാക്കളും പ്രവർത്തകരും സ്വീകരണം നൽകി.