കോട്ടയം: സ്പീക്കറുടെ ഗണപതി പ്രസ്താവനയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ആവർത്തിച്ചു എൻഎസ്എസ്. പ്രശ്നം വഷളാക്കരുതെന്ന് എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ആവശ്യപ്പെട്ടു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും എൻഎസ്എസ് വ്യക്തമാക്കി.

സ്പീക്കറുടെ വിവാദ പരാമർശത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ നിലപാട് വ്യക്തമാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. എ എൻ ഷംസീറിന്റെ പ്രസ്താവന ഉരുണ്ടു കളിയാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.

സ്പീക്കറുടെ പ്രതികരണത്തിൽ മറ്റ് പ്രതിഷേധങ്ങൾക്ക് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പ്രശ്നം കൂടുതൽ വഷളാക്കാതെ, സർക്കാർ ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി നിയമ മാർഗം തേടാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.

ഡയറക്ടർ ബോർഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷിയുമായ കെ ബി ഗണേശ്‌കുമാർ എംഎൽഎയും യോഗത്തിൽ പങ്കെടുത്തിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ്. പ്രതിനിധി സഭ പിന്നീട് ചേരും. കരയോഗം മുതൽ സംസ്ഥാന നേതൃത്വത്തെ വരെ രംഗത്തിറക്കി പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് എൻഎസ്എസ് നീക്കം.