തിരുവനന്തപുരം: കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ ബിജെപിക്കായി പ്രവർത്തിക്കണമെങ്കിൽ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനം ചെയ്യാനുള്ള ശക്തിയും വേണം. അയ്യൻകാളിയുടെ മണ്ണിൽ നിന്ന് പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ബിജെപി പട്ടികജാതി മോർച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

രാജ്യത്ത് പതിയെ കോൺഗ്രസ്സ് അപ്രസക്തമാകുകയാണ്. ലോകത്ത് നിന്ന് കമ്മ്യുണിസവും അപ്രത്യക്ഷമാകുന്നു. ഭാരതത്തിൽ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്. കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അമിത് ഷാ പറഞ്ഞു.

2014ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ തന്നെ, ഈ സർക്കാർ രാജ്യത്തെ ദളിതന്റെയും ദരിദ്രന്റെയും പിന്നോക്കക്കാരന്റെയും സർക്കാരാണ് എന്ന് പറഞ്ഞിരുന്നു. തന്റെ വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ചു കൊണ്ട് രാജ്യത്തെ സാധാരണക്കാരനൊപ്പം ചേർന്നു നിന്ന് ബിജെപി സർക്കാരിനെ നയിച്ചു കൊണ്ട് മോദി മുന്നേറുന്നു. മോദി സർക്കാരിന്റെ കാലത്ത് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിൽ നിന്നും നിരവധി മന്ത്രിമാരുണ്ടായി. കോൺഗ്രസിന് ഇതിൽ എന്താണ് പറയാനുള്ളതെന്നും അമിത് ഷാ ചോദിച്ചു.

കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കുന്നു. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ആദ്യമായി അവസരം കിട്ടിയപ്പോൾ മോദി സർക്കാർ തെരഞ്ഞെടുത്തത് പട്ടിക ജാതിക്കാരനായ ആളെയാണ്. രണ്ടാമത് അവസരം കിട്ടിയപ്പോൾ പട്ടിക വർഗത്തിൽ നിന്നും തെരഞ്ഞെടുത്തു.

പട്ടിക ജാതി പട്ടിക വർഗ സമൂഹത്തിന്റെ വികസനത്തിലൂടെയല്ലാതെ രാജ്യത്തിന്റെ സമഗ്ര വികസനം സാദ്ധ്യമല്ല എന്ന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര ഭരണത്തിന് പിന്തുണ നല്കിയപ്പോഴും ആദിവാസി വിഭാഗങ്ങൾക്കായി ഒന്നും ചെയ്തില്ല. മോദി സർക്കാർ കോടി ദരിദ്ര കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകി. 5.5 കോടി പിന്നാക്കവിഭാഗ കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി.

നരേന്ദ്ര മോദി സർക്കാർ എട്ട് വർഷമായി രാജ്യത്ത് അധികാരത്തിൽ ഇരിക്കുന്നു. കോൺഗ്രസ് പാർട്ടി അറുപത് വർഷം രാജ്യം ഭരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തിലെ ചില സംസ്ഥാനങ്ങളിൽ അധികാരം കൈയാളുകയും കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇവരൊക്കെ ദളിതർക്കും പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്കും വേണ്ടി എന്ത് ചെയ്തുവെന്നും അമിത് ഷാ ചോദിച്ചു.

കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ അംബേദ്കറിന് ഭാരത് രത്‌ന നൽകിയില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. മോദി സർക്കാർ രാജ്യത്തെ സുരക്ഷിതമാക്കി. പുൽവമായ്ക്ക് പാക്കിസ്ഥാൻ മണ്ണിൽ ചെന്ന് മറുപടി നൽകി. കോൺഗ്രസ് കാലത്ത് ഒരിക്കലും അങ്ങനെ മറുപടി നൽകിയിരുന്നില്ല. കേരളവും മോദിജിയുടെ യാത്രയ്ക്ക് ഒപ്പം ചേരണമെന്നും അമിത് ഷാ പറഞ്ഞു. മലയാളികൾക്ക് ഓണാശംസകളും അദ്ദേഹം നേർന്നു.

അതേ സമയം ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നേതാക്കളുടെ ജനപ്രീതിയിൽ കാര്യമായ കുറവുണ്ടായെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ കുറവുണ്ടായിട്ടില്ല. കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാണെന്നാണ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ നടത്തിയ സർവേയിലെ കണ്ടെത്തൽ.

വൈകാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സർവേ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തു വന്നത്. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പ്രധാന നേതാക്കൾക്കൊന്നും 25 ശതമാനത്തിലധികം ജനപ്രീതിയില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കാര്യമായി വർദ്ധിച്ചു. സംസ്ഥാന നേതാക്കളേക്കാൾ ജനപ്രീതി പലയിടങ്ങളിലും നരേന്ദ്ര മോദിക്കുണ്ട്.

കേരളത്തിൽ ഏറ്റവും ജനപ്രീതി നടൻ സുരേഷ് ഗോപിക്കാണ്. തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനേക്കാൾ ജനപ്രീതി മോദിക്കുണ്ട്... ഇങ്ങനെയാണ് സർവേയിലെ കണ്ടെത്തലുകൾ. ഈ സാഹചര്യത്തിൽ പ്രാദേശിക നേതാക്കളേക്കാൾ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തന്നെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പുകളെ നേരിടാനാണ് ബിജെപിയുടെ തീരുമാനം.

അതേസമയം സർവേ സംബന്ധിച്ച റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഈ വർഷം അവസാനമാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാൻ , കർണാടക തെലങ്കാന അടക്കം 6 സംസ്ഥാനങ്ങളിൽ അടുത്ത വർഷം ആദ്യവും തെരഞ്ഞെടുപ്പ് നടക്കും.