കോട്ടയം: ആറു മാസത്തിനുള്ളിൽ നടക്കാൻ സാധ്യതയുള്ള പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ മകനോ മകളോ? മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നതാണ് കുടുംബത്തിലെ പൊതു വികാരം. അത് കോൺഗ്രസ് നേതൃത്വവും അംഗീകരിക്കും.

കഴിഞ്ഞ 53 വർഷമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മൻ ചാണ്ടിക്ക് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ പിൻഗാമിയെന്ന ചിന്ത തന്നെയാണ് കോൺഗ്രസിൽ സജീവം. മകനും മകളും രാഷ്ട്രീയത്തിൽ സജീവമോ ഭാഗമോ ആയിരുന്നു. ഔദ്യോഗിക പദവികളും വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകും. നേരത്തെ പിടി തോമസിന്റെ തൃക്കാക്കരയിൽ ഭാര്യ ഉമാ തോമസിനെ മത്സരിപ്പിച്ചിരുന്നു. ഇവിടെ വലിയ വിജയമുണ്ടായി. ഈ രീതി പുതുപ്പള്ളിയിലും തുടരും. രാഹുൽ ഗാന്ധി ബ്രിഗേഡിലുള്ള ചാണ്ടി ഉമ്മൻ തന്നെയാകും പകരക്കാരനെന്നാണ് അഭ്യൂഹം. ചാണ്ടി ഉമ്മനെ പാർലമെന്റിലെത്തിക്കണമെന്ന ആഗ്രഹം ദേശീയ നേതൃത്വത്തിനുണ്ട്. എന്നാൽ ചാണ്ടി ഉമ്മന് താൽപ്പര്യം നിയമസഭയാണ്.

നിലവിലെ നിയമസഭയുടെ കാലാവധി രണ്ടര വർഷത്തിലേറെ ശേഷിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗം കൂടി പ്രയോജനപ്പെടുത്തുന്ന സ്ഥാനാർത്ഥി നിർണ്ണയത്തിനാകും കോൺഗ്രസ് പ്രധാന്യം നൽകുക. ഉമ്മൻ ചാണ്ടിയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗം കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ ചാണ്ടി ഉമ്മനൊപ്പം അച്ചു ഉമ്മന്റെയും പേരുകൾ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉയരുന്നുണ്ട്. ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ മകൾ അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ തീരുമാനമാകും നിർണ്ണായകം.

ചാണ്ടി ഉമ്മന് എ.ഐ.സി.സിയുടെ ഉന്നത ചുമതല നൽകി ഡൽഹിയിൽ പ്രവർത്തിപ്പിക്കണമെന്ന ആഗ്രഹം രാഹുൽ ഗാന്ധിയും നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിനോട് സമ്മതം അറിയിച്ചാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് സീറ്റ് നൽകും. പരസ്യമായ അഭിപ്രായപ്രകടനം നടത്തി സ്ഥാനാർത്ഥിത്വത്തിൽ ഭിന്നതയുണ്ടെന്ന ചർച്ചകൾ തിരിച്ചടിയാകരുതെന്നും കോൺഗ്രസിന് നിർബ്ബന്ധമുണ്ട്. കുടുംബത്തിൽ നിന്നും ആരും മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചാൽ യുഡിഎഫ് മറ്റ് പേരുകൾ പരിഗണിക്കും.

പുതുപ്പള്ളിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ യുവനേതാവ് ജെയ്ക് തോമസ് ഉമ്മൻ ചാണ്ടിയോട് പരാജയപ്പെട്ടത് 9044 വോട്ടുകൾക്ക് മാത്രമാണ്. ജെയ്കിനെ തന്നെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുകയാണ് സിപിഎമ്മിന്റെ തന്ത്രം. എന്നാൽ എല്ലാ വശവും പരിശോധിച്ച് മാത്രമേ തീരുമാനം എടുക്കൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാൻ നീക്കമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മന്റെയും ചാണ്ടി ഉമ്മന്റെയും പേര് സജീവമായി പരിഗണിച്ചു. നിലവിലെ സാഹചര്യത്തിൽ ചാണ്ടി ഉമ്മൻ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

പുതുപ്പള്ളിയെന്നാൽ ഉമ്മൻ ചാണ്ടി... ഉമ്മൻ ചാണ്ടിയെന്നാൽ പുതുപ്പള്ളിയും.... ഒരു രാഷ്ട്രീയ നേതാവിലൂടെ നാട് അറിയപ്പെടുന്നത് അത്യപൂർവ്വം. അത്തരമൊരു അപൂർവ്വതയാണ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയുമായി ഉണ്ടായിരുന്നത്. പുതുപ്പള്ളിക്കാരുടെ എല്ലാമെല്ലാമായിരുന്നു അവരുടെ കുഞ്ഞൂഞ്ഞ്. മത്സരിക്കാൻ ഇറങ്ങിയ ശേഷം അവർ ഒരിക്കൽ പോലും ഉമ്മൻ ചാണ്ടിയെ കൈവിട്ടില്ല. ആ വിശ്വാസം കേരള രാഷ്ട്രീയത്തിലെ അചഞ്ചലതയായി. അങ്ങനെ ഉമ്മൻ ചാണ്ടി കേരളത്തിന്റെ നാഥനായി. രണ്ടു തവണ മുഖ്യമന്ത്രി. ആ കരുതൽ കേരളം തൊട്ടറിഞ്ഞത് പുതുപ്പള്ളിക്കാരുടെ ആശിർവാദത്തിന്റെ ഫലമായിരുന്നു.

സമാനതകളില്ലാത്ത ബന്ധമാണ് ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി നിയോജക മണ്ഡലവും തമ്മിലുള്ളത്. 1970 മുതലിങ്ങോട്ട് ഇന്നേ വരെ ഇവിടെ വേറൊരു എംഎൽഎ ഉണ്ടായിട്ടില്ല. ഉണ്ടാകാൻ അവർ അനുവദിച്ചിട്ടില്ല. കഴിഞ്ഞ 53 വർഷമായി കുഞ്ഞൂഞ്ഞു മാത്രമാണ് അവരുടെ എംഎൽഎ. ഒരേ സ്ഥലത്ത് ഇത്രയും ദീർഘനാൾ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി വേറേ ഉണ്ടായതായി സംശയമുണ്ട്. ഏതായാലും ഇന്ത്യയിൽ ഒരിടത്തൂമില്ല. 12 തവണയാണ് ഓസി ഇവിടെ നിന്നു തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിന്റെ ഓസി.. പുതുപ്പള്ളിക്കാർക്ക് അവരുടെ കുഞ്ഞൂഞ്ഞായിരുന്നു. തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി എന്ന പേരു തന്നെ തന്നെ ഉമ്മൻ ചാണ്ടി നൽകി.

1970ൽ ഇരുപത്തിയേഴാം വയസിലാണ് ഉമ്മൻ ചാണ്ടി കന്നിയങ്കം കുറിച്ചത്. സിറ്റിങ് എംഎൽഎ സിപിഎമ്മിലെ ഇ.എം.ജോർജിനെ തോൽപിച്ച് തുടങ്ങിയ ജൈത്രയാത്ര ചരിത്രം കുറിച്ചു. 53 വർഷം ഒരേ മണ്ഡലത്തിന്റെ പ്രതിനിധിയെന്ന അത്യപൂർവ ചരിത്രം. 1980ൽ ഇന്ദിരാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടി ഇടതുപക്ഷത്തോട് ചേർന്ന് മൽസരിക്കുമ്പോൾ അന്ന് തിരഞ്ഞെടുപ്പ് ചുമതലക്കാരൻ സിപിഎം നേതാവ് വി.എൻ.വാസവനായിരുന്നു. പിന്നീട് വാസവനടക്കം തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ എതിരാളിയായി. ഒരുകാലത്തും പുതുപ്പള്ളി ഉമ്മൻ ചാണ്ടിയെ കൈവിട്ടില്ല.

കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൽപ്പെട്ട വാകത്താനം എന്ന പഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ് പുതുപ്പള്ളി. മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പിസി ചെറിയാൻ ആയിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. 1960 ലും അദ്ദേഹത്തിനൊപ്പം തന്നെയായിരുന്നു വിജയം. പിസി ചെറിയാൻ അടക്കിവാണിരുന്ന പുതപ്പള്ളി 65 ലും 67 ലും സിപിഎമ്മിലെ ഇഎം ജോർജ്ജ് പിടിച്ചടക്കിയതോടെയാണ് മണ്ഡലം തിരിച്ചു പിടിക്കാൻ ഉമ്മൻ ചാണ്ടിയെന്ന യുവ നേതാവിനെ അന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത്. അന്ന് 7288 വോട്ടിനായിരുന്നു ഉമ്മൻ ചാണ്ടി ഇവിടെ നിന്ന് ജയിച്ച് കയറിയത്.

പിന്നീട് സിപിഎം, ബിഎൽഡി, എൻഡിപി, ഐഎൻസി-എസ്, ഇടതു സ്വതന്ത്രൻ അടക്കമുള്ളവർ മത്സരിച്ചുവെങ്കിലും ഉമ്മൻ ചാണ്ടിയെന്ന വന്മരത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പോലും അവർക്കൊന്നും സാധിച്ചില്ല. 2011ൽ സിപിഎമ്മിന്റെ സൂജ സൂസൻ ജോർജിനെ പരാജയപ്പെടുത്തി റെക്കോഡ് ഭൂരിപക്ഷത്തിലായരുന്നു പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ജയിച്ചത്.33,225 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 2016 ൽ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്ക് സി തോമസായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത്. അക്കുറിയും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ 2021ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. വലിയ ഇടതു തംരഗത്തിന്റെ പ്രതിഫലനമായിരുന്നു അത്. ഇതിനൊപ്പം കേരളാ കോൺഗ്രസ് മാണി വിഭാഗവും ഇടതുപക്ഷത്തായിരുന്നു. ഈ പ്രതികൂല അവസ്ഥയിലും പുതുപ്പള്ളിക്കാർ കുഞ്ഞൂഞ്ഞിനെ കൈവിട്ടില്ല.

1970നും 2021നുമിടയിലെ തെരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികൾ മാറി മാറി വന്നിട്ടും ഉമ്മൻ ചാണ്ടിയല്ലാതൊരു പേര് അന്നാട്ടുകാരുടെ മനസ്സിലെത്തിയില്ല. പുതുപ്പള്ളിയല്ലാതൊരു മണ്ഡലത്തെ കുറിച്ച് ഉമ്മൻ ചാണ്ടിയുടെ ആലോചനയിൽ തന്നെ ഉണ്ടായിരുന്നില്ല. നേമത്തേക്ക് മാറണമെന്ന് ചില കോൺഗ്രസുകാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആശയം മുന്നോട്ട് വച്ചു. മത്സരിക്കുന്നുവെങ്കിൽ പുതുപ്പള്ളി മാത്രം. പുതുപ്പള്ളിയെ വിട്ട് മറ്റൊരു മത്സരമില്ല-ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്.

ഏതു സമയത്തും എന്താവശ്യത്തിനും പുതുപ്പള്ളിക്കാർക്ക് അദ്ദേഹത്തിനരികിലെത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച കാരോട്ട് വള്ളക്കാലിലെ വീട്ടിൽ അദ്ദേഹമുണ്ടാവുമെന്നും ചേർത്തുപിടിച്ച് എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്നും അവർ ഉറച്ചു വിശ്വസിച്ചു. തിരുവനന്തപുരത്ത് വീട് വെച്ചപ്പോഴും അതിന് അദ്ദേഹം നൽകിയ പേര് 'പുതുപ്പള്ളി ഹൗസ്' എന്നായിരുന്നു. മുഖ്യമന്ത്രിയായപ്പോഴും ഞായറാഴ്ചകളിൽ തറവാട്ടിലെത്തിയായിരുന്നു പ്രവർത്തനങ്ങൾ.