തിരുവനന്തപുരം : യുവം സമ്മേളത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മതമേലദ്ധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ഒൻപത് സഭകളുടെ പ്രതിനിധികൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ മാസം 24നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

സിറോ മലബാർ, മലങ്കര, ലത്തീൻ, ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമ, , കൽദായ ക്‌നാനായ കത്തോലിക്ക സഭ, ക്‌നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയൻ കൽദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.പ്രധാനമന്ത്രിയുടെ ഓഫീസാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. യുവം പരിപാടിക്കിടെയാണ് കൂടിക്കാഴ്ച നടക്കുക.

തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. മെയ്‌ മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. യുവം സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയും നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവരും യുവം പരിപാടിയിൽ പങ്കെടുക്കും.

24 ന് മധ്യപ്രദേശിൽനിന്ന് വൈകീട്ട് അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം 5.30ന് റോഡ് ഷോയിലും ആറിന് തേവര സേക്രട്ട് ഹാർട്ട് കോളജ് ഗ്രൗണ്ടിൽ ബിജെപി സംഘടിപ്പിക്കുന്ന 'യുവം' കോൺക്ലേവിലും പങ്കെടുക്കും.

തുടർന്ന് രാത്രി എട്ടോടെ താജ് മലബാറിലെത്തി അവിടെ തങ്ങും. 25ന് രാവിലെ 9.10ന് ഹോട്ടലിൽനിന്ന് തിരിക്കുന്ന പ്രധാനമന്ത്രി 9.25ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടും. 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ്മാർഗം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും

വികസനത്തിന് ആക്കം കൂട്ടുമെന്ന് ബിജെപി

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാന വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് കേരള വികസനത്തിനുള്ള കൂട്ടായ്മയാണ് യുവം. എല്ലാ സംഘടനകളിലെയും യുവാക്കൾക്കു അതിൽ പങ്കെടുക്കാമെന്നും തുടർ ചർച്ചകൾക്കു വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നേവൽ ബേസിൽ 24ന് വൈകിട്ട് അഞ്ചിനെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോ നടത്തി തേവര കോളജ് മൈതാനത്തെത്തും. തുടർന്ന് യുവം 2023ൽ പങ്കെടുക്കും. റോഡ് ഷോയിൽ വലിയ ജനപങ്കാളിത്തമുണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് കേരളത്തിനു വികസനത്തിലേക്ക് ഓടിയെത്താൻ സാധിക്കാത്തതെന്നും പ്രവാസി നിക്ഷേപങ്ങൾ കുറയുന്നതും യുവം 2023ൽ ചർച്ചയാകും. കേരള യുവതയുടെ പ്രശ്‌നങ്ങൾ തുടർന്നും ചർച്ചയാക്കും. കോൺഗ്രസും സിപിഎമ്മും നടത്തുന്ന കള്ളപ്രചാരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശന ഭാഗമായി ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. ക്രൈസ്തവ വിശ്വാസികൾക്കിടയിൽ മോദിയാണ് ശരിയെന്ന അഭിപ്രായമുണ്ട്. ഒൻപതു വർഷമായി ഇന്ത്യയിൽ വർഗീയ കലാപങ്ങളില്ല. ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു എന്നത് വ്യാജ പ്രചാരണമാണ്. വന്ദേഭാരതിനെതിരായ ഇടതു വലത് മുന്നണികളുടെ നിലപാട് ദൗർഭാഗ്യകരമാണ്. വികസന കാര്യങ്ങളെ ദുഷ്ടലാക്കോടെ കാണരുതെന്നും സിൽവർ ലൈൻ വരുമെന്നത് വ്യാജ പ്രചാരണമാണെന്നും പറഞ്ഞു.