കണ്ണൂർ : ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചു. എം.വി ജയരാജനെ സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തെ ശനിയാഴ്‌ച്ച രാവിലെ മുതൽ വൈകിട്ട് വരെ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം പിന്തുുണച്ചു.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് എം.വി ജയരാജന്റെ പേര് നിർദ്ദേശിച്ചത്. ഇതു ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ചതോടെയാണ് എം.വി ജയരാജന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായത്. പി.കെ ശ്രീമതിയുടെ പേര് കണ്ണൂർ പാർലമന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി എൽ.ഡിഎഫ് കൺവീനർ ഇ.പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ചിരുന്നുവെങ്കിലും ജില്ലാ സെക്രട്ടറിയേറ്റിലെ ചർച്ചയിലെ തീരുമാനപ്രകാരം നിലപാട് സ്വീകരിക്കാമെന്ന വാദത്തിൽ സംസ്ഥാന നേതൃത്വം ഉറച്ചുനിൽക്കുകയായിരുന്നു.

എന്നാൽ ശനിയാഴ്‌ച്ച ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പി.കെ ശ്രീമതിക്ക് അനുകൂലമായി വിരലിൽ എണ്ണാവുന്നവർ മാത്രമേ രംഗത്തുവന്നുള്ളു. പുതുമുഖങ്ങളെ മത്സര രംഗത്തിറക്കണമെന്ന വാദം പാർട്ടിയിൽ നേരത്തെ ഉയർന്നിരുന്നുവെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ , കോർപറേഷൻ കൗൺസിലർ എൻ. സുകന്യ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എന്നിവരുടെ പേരുകളാണ് നവാഗത സ്ഥാനാർത്ഥികളുടെ പേരുകളായി സ്ഥാനാർത്ഥിപട്ടികയിൽ ഉയർന്നു വന്നത്.

കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ആർക്കു കൈമാറണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുതിർന്ന നേതാവ് എം. പ്രകാശൻ മാസ്റ്ററെ ജില്ലാ സെക്രട്ടറി സ്ഥാനം ഏൽപ്പിക്കുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. നേരത്തെ എടക്കാട് മണ്ഡലം എംഎ‍ൽഎ യായിരുന്ന എം.വി ജയരാജൻ കണ്ണൂരിലെ പാർട്ടിയിലെ സീനിയർ നേതാക്കളിലൊരാളാണ്. പിന്നീട് കണ്ണൂർ മണ്ഡലത്തിൽ നിന്നും എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ 2006 ൽ നിയമസഭയിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പി.ജയരാജൻ കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ എം.വി ജയരാജൻ കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. കുത്തു പറമ്പ് സമരത്തിന് നേതൃത്വം നൽകിയ എം.വി ജയരാജൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട് കണ്ണൂർ ജില്ലയിലെ പെരളശേരി സ്വദേശിയാണ്.

എ.കെ.ജി ക്ക് ശേഷം പെരളശേരിയിൽ നിന്നും പാർലമെന്റിലേക്ക് മത്സരിക്കുന്ന എം വി ജയരാജൻ പരേതനായ തീയ്യറ വളപ്പിൽ കുമാരൻ- ദേവകി ദമ്പതികളുടെ മകനാണ്. നിയമ ബിരുദധാരിയും ബാൾ ബാഡ് മെന്റൺ കളിക്കാരനുമാണ്. നിർമ്മലഗിരി കോളേജിൽ പഠിക്കുന്ന കാലത്താണ് ഇടതു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ വരുന്നത്.

എം.വി ജയരാജന്റെ ജനകീയതയും സംശുദ്ധ പൊതുജീവിതവും കണ്ണൂരിൽ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. മറുപക്ഷത്ത് കെ.സുധാകരനോ, കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തോ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വന്നാൽ പൊടി പാറിയ മത്സരത്തിന് കണ്ണൂർ പാർലമെന്റ് മണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കും.

മുഖ്യമന്തി പിണറായി വിജയന്റെ അതീവ വിശ്വസ്തരിൽ ഒരാൾ കൂടിയാണ് എം.വി ജയരാജൻ. നിലവിൽ കണ്ണൂരിൽ ഏറ്റവും സീനിയറായ നേതാവായിട്ടും പി.കെ ശ്രീമതിയെ പരിഗണിക്കാത്തത് പാർട്ടിക്കുള്ളിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. ഇപി ജയരാജന്റെ നേതൃത്വത്തിൽ കണ്ണൂരിൽ പി.കെ. ശ്രീമതിയെ മത്സരിപ്പിക്കാൻ അണിയറ നീക്കങ്ങൾ അതിശക്തമായിരുന്നുവെങ്കിലും ജില്ലാ നേതൃത്വത്തിൽ നിന്നും വേണ്ടത്ര പിൻതുണ കിട്ടിയില്ല.

മാസങ്ങൾക്ക് മുൻപെ തന്നെ എംവി ജയരാജനെ പാർട്ടി പരിപാടികൾക്കു പുറത്തുള്ള പരിപാടികളിലും സിപിഎം പങ്കെടുപ്പിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു കണ്ണൂരിൽ മാത്രമല്ല വടകരയിലും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ നേതാവായിട്ടും പി.കെ.ശ്രീമതിക്ക് അവസരം ലഭിച്ചിട്ടില്ല. പാർട്ടിയിൽ ഇപി ജയരാജന്റെ സ്വാധീനം ദുർബലമായതിന്റെ തെളിവായി കൂടി ഇതിനെ വിലയിരുത്തുന്നവരുണ്ട്.