കൊല്ലം: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും ശശി തരൂർ എംപി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തണമെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു തിരുവനന്തപുരം എംപി.

ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്. രാഷ്ട്രീയ ചടങ്ങിനായി സാംസ്‌കാരിക സമ്മേളനം അടുത്തുണ്ടാകാം. ഹാൾ ഉണ്ടാകും. ദൈവവുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് ക്ഷേത്രം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യമുണ്ടോ എന്ന് അറിയില്ല. ജനങ്ങൾ പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ താത്പര്യങ്ങൾ കൊണ്ടാണെന്നാണ് വിശ്വാസം. ആരും ഒരു സർക്കാർ പറഞ്ഞതുകൊണ്ട് പ്രാർത്ഥിക്കില്ല.

അയോധ്യയിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്ന് ഖാർഗെ വ്യക്തമാക്കിയിരുന്നു. പങ്കെടുക്കണമോ എന്നത് അവരുടെ തീരുമാനമാണ്. 22-ാം തീയതിക്ക് ഇനിയും 15 ദിവസമുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ മധ്യപ്രദേശിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ജനുവരി 22ന് കർണാടകയിൽ കോൺഗ്രസ് വിജയദിവസമായാണ് കൊണ്ടാടുന്നത്. എന്നാൽ, കേരളത്തിലെ നേതാക്കൾ മിണ്ടാത്തതെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രൻ കോൺഗ്രസിനെതിരെ രംഗത്തുവന്നത്.

അവരുടെ ഉന്നത നേതാവ് രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലും മലയാളിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ ഹിന്ദുക്കളുടെ വികാരം കോൺഗ്രസ് അവഗണിക്കുന്നത്? കെ.സി വേണുഗോപാൽ എന്താണ് മിണ്ടാത്തത്? മുസ് ലീംലീഗിനെയാണോ പി.എഫ്.ഐയെയാണോ അതോ സമസ്തയെ ആണോ കോൺഗ്രസ് പേടിക്കുന്നത്? നിലപാട് വ്യക്തമാക്കാൻ കെസി വേണുഗോപാലും കെ. സുധാകരനും വിഡി സതീശനും തയാറാവണം.

കേരളത്തിലെ കോൺഗ്രസിനെ ആരാണ് നിയന്ത്രിക്കുന്നതെന്നറിയാൻ ഈ നാട്ടിലെ ഭൂരിപക്ഷ വിശ്വാസികൾക്ക് താത്പര്യമുണ്ട്. വോട്ട്ബാങ്കിനെ കോൺഗ്രസിന് ഭയമാണ്. മുസ് ലീംലീഗ് പോലും എതിരല്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് എന്തിനാണ് പ്രതിഷ്ഠാ ചടങ്ങിന് പോകുന്നതിനെ ഭയക്കുന്നത്. ബിജെപി വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കും. എല്ലാ ക്ഷേത്ര പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും രാമ ജ്യോതി തെളിയിക്കുകും ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.