കൊച്ചി: മുഖ്യമന്ത്രിക്ക് എതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് നേതാവും മുൻ മേയറുമായ ടോണി ചമ്മണി. ബ്രഹ്‌മപുരത്ത് ഉൾപ്പടെ വിവിധയിടങ്ങളിൽ മാലിന്യസംസ്‌കരണത്തിനായി സോണ്ടയുമായി ഒപ്പിട്ട കരാറുകളിലെ അഴിമതിക്ക് പിന്നിൽ മുഖ്യമന്ത്രിയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019ൽ മുഖ്യമന്ത്രി നെതർലൻഡ്‌സ് സന്ദർശിച്ചപ്പോൾ സോണ്ട പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് കമ്പനിയുമായി കരാറൊപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.

സോണ്ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രി. മൂന്ന് ജില്ലകളിൽ കരാർ ഒപ്പിട്ടതിൽ അഴിമതിയുണ്ട്. സോണ്ട പ്രതിനിധികളും മുഖ്യമന്ത്രിയും തമ്മിൽ നെതർലൻഡ്‌സിൽ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ ടോണി ചമ്മണി പുറത്തുവിട്ടു. മെയ് എട്ട് മുതൽ 12 വരെയാണ് ചർച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14ന് സിംഗിൾ ടെണ്ടർ വഴി മൂന്ന് കോർപറേഷനുകളുടെ കരാർ നൽകി. ഇത് നിയമാനുസൃതമായിരുന്നില്ലെന്നും അഴിമതിയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമടക്കമുള്ളവർ സോൺട കമ്പനി മേധാവിമാർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ടോണി ചമ്മിണി പുറത്തുവിട്ടത്.

'2019 മെയ് എട്ട് മുതൽ 12 വരെ മുഖ്യമന്ത്രി നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ സോൺട കമ്പനിയുടെ കൺസോർഷ്യവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സോൺട ഡയറക്ടർ ഡെന്നീസ് ഈപ്പൻ അടക്കമുള്ളവർ ഇതിൽ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ.എസ്ഐ.ഡി.സി. സിംഗിൾ ടെൻഡറായി സോൺടയ്ക്ക് കരാർ കൊടുക്കാൻ തീരുമാനിച്ചത്. ഇതുകൊണ്ടാണ് കഴിഞ്ഞ 13 ദിവസമായി മുഖ്യമന്ത്രി ഒളിച്ചുകളിച്ചത്. പ്രതിപക്ഷ സമ്മർദ്ദത്തെ തുടർന്നാണ് ഇന്ന് സഭയിൽ സംസാരിച്ചത്. അതാണെങ്കിൽ കമ്പനിയെ വെള്ളപൂശുന്ന നിലയിലുമായിരുന്നു. ടെൻഡറിൽ പങ്കെടുക്കുന്ന ഒരു കമ്പനിയുമായി കരാറിന് തൊട്ടുമുമ്പായി കൂടിക്കാഴ്ച നടത്തുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം' ടോണി ചമ്മിണി പറഞ്ഞു.

മെയ് 12-ന് മുഖ്യമന്ത്രി നെതർലൻഡ്സിൽ നിന്ന് തിരിച്ചെത്തി. മെയ് 14ന് കോഴിക്കോട് സോൺട കമ്പനി സിംഗിൾ ടെൻഡറിൽ കരാറായി. പിന്നീട് കൊച്ചിയും കൊല്ലത്തും ഇവർക്ക് കരാറായി. മൂന്ന് ഇടങ്ങളിലും നിയമാനുസൃതമായിട്ടല്ല കരാർ നടത്തിയിട്ടുള്ളത്. പിന്നിലുള്ള ബാഹ്യ ഇടപെടൽ എന്ന് പറയുന്നത് നെതൽഡ്സിലെ കൂടിക്കാഴ്ചയാണ്.

കമ്പനിയുടെ പ്രതിനിധിയായി ഒരു വിദേശ പൗരൻ അടങ്ങിയ സാഹചര്യത്തിൽ ഇതിലൊരു സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു. 'all roads lead to Rome' എന്ന് ഇംഗ്ലീഷിലൊരു പഴഞ്ചൊല്ല് ഉണ്ട്! കേരളത്തിൽ നടക്കുന്ന ഏത് അഴിമതിയും അന്വേഷിച്ചാൽ ചെന്ന് നിൽക്കുക ക്ലിഫ് ഹൗസിലാണെന്നും ചമ്മിണി ആരോപിച്ചു.

അതേസമയം,ബ്രഹ്‌മപുരം ആരോപണവുമായി ബന്ധപ്പെട്ട് ടോണി ചമ്മണിക്കെതിരെ വൈക്കം വിശ്വൻ വക്കീൽ നോട്ടീസയച്ചു. വൈക്കം വിശ്വന്റെ മരുമകൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു തന്റെ കമ്പനിക്ക് ബ്രഹ്‌മപുരത്ത് ബയോ മൈനിങിന് അവകാശം നേടി എന്നായിരുന്നു ആരോപണം.

ആരോപണത്തിനു പിന്നിൽ യാതൊരു അടിസ്ഥാനവുമില്ലെന്നു സത്യവിരുദ്ധമായ സംഗതി മനഃപൂർവം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും കാട്ടിയാണു മാനനഷ്ടക്കേസ്. ഇതു തന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്നും വൈക്കം വിശ്വൻ പറയുന്നു. കുടുംബാംഗങ്ങൾക്കായി ഒരു ഇടപെടലും താൻ ഇതുവരെ നടത്തിയിട്ടില്ലെന്ന് വൈക്കം വിശ്വൻ നേരത്തേ പറഞ്ഞിട്ടുണ്ട്. മുൻ മേയർ തന്നെ വെല്ലുവിളിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.