തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ നേതാവിനെതിരെ സിപിഎം നടപടി. തിരുവനന്തപുരം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. 2008 ൽ കൊല്ലപ്പെട്ട സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം. അന്വേഷണ വിധേയമായാണ് രവീന്ദ്രൻ നായരെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. വഞ്ചിയൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. എന്നാൽ ഫണ്ട് തട്ടിപ്പിൽ വിഷ്ണുവിന്റെ കുടുംബം പൊലീസിനെ സമീപിച്ചിട്ടില്ല. പരാതി പാർട്ടിയും പൊലീസിന് കൈമാറിയിട്ടില്ല. 

2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി പാർട്ടി ധനശേഖരണം നടത്തി. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു ടി രവീന്ദ്രൻ നായർ. വിഷ്ണുവിന്റെ കുടുംബത്തിനുള്ള സഹായ ധനം നൽകിയ ശേഷം അഞ്ച് ലക്ഷം കേസ് നടത്തിപ്പിനും മറ്റുമായി മാറ്റിവച്ചിരുന്നു. എന്നാൽ ഈ പണം രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി ഉയർന്നത്. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാർട്ടി നേതാക്കളെ സമീപിക്കുകയായിരുന്നു. പിന്നാലെ നിലവിലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അന്വേഷണ കമ്മീഷനാക്കി പരാതി പാർട്ടി അന്വേഷിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

വിഷ്ണു രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പുറത്തു വരുന്നതും സഹകരണ തട്ടിപ്പാണ്. രക്തസാക്ഷി ഫണ്ട് നിക്ഷേപിച്ചതും ആ പണം തട്ടിയെടുത്തതും ആരോപണ വിധേയനായ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായർ പ്രസിഡന്റായ കൈതമുക്ക് ചുമട്ടു തൊഴിലാളി സർവീസ് സഹകരണ ബാങ്കിലായിരുന്നു. ഇദ്ദേഹം പ്രസിഡന്റായ ശേഷമാണു പണം പിൻവലിച്ചതെന്നാണു ആരോപണം. ജില്ലാ നേതൃത്വത്തിനു വഞ്ചിയൂർ ഏരിയ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ രവീന്ദ്രൻ നായരുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചു സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ പിരിച്ചു എന്നതിനു രേഖകളില്ല. പിരിച്ച തുകയിൽ നിന്നു 11 ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബത്തിനു കൈമാറി. നിയമ സഹായ ഫണ്ട് എന്ന പേരിൽ കൈതമുക്ക് ചുമട്ടു തൊഴിലാളി സഹകരണ സംഘത്തിൽ ബാക്കി പണം പാർട്ടി അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇതിൽ നിന്ന് 5 ലക്ഷം രൂപ രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്കു വക മാറ്റിയെന്നാണ് കണ്ടെത്തൽ എന്ന് മനോരമ വിശദീകരിച്ചിരുന്നു

ഈ പണം അക്കൗണ്ടിലുണ്ടായിരുന്നു എങ്കിൽ പലിശയും ചേർത്ത് 9 ലക്ഷം രൂപയാകുമായിരുന്നുവെന്നു ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള മറ്റൊരു സഹകരണസംഘത്തിൽ ഭാര്യയ്ക്കും ഗവ. പ്രസിൽ മകനും ജോലി നേടിയതു സ്വാധീനം ഉപയോഗിച്ചാണെന്ന സംശയവും ചർച്ചയാകുന്നു. വിഷ്ണു രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തുമ്പോൾ രവീന്ദ്രൻ നായർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കൈതമുക്കിലെ പാർട്ടി പ്രവർത്തകരുടെ വികാരമായിരുന്നു ഒരു കാലത്ത് വിഷ്ണു. എസ് എഫ് ഐയിലുടെ രാഷ്ട്രീയത്തിലെത്തിയ വിഷ്ണു അതിവേഗം ഈ മേഖലയിലെ സിപിഎമ്മിലെ പ്രധാനിയാവുകയായിരുന്നു. വിഷ്ണുവിന്റെ സഹോദരൻ വിവി വിമൽ സിപിഎമ്മിന്റെ നേതാവാണ്. വഞ്ചിയൂർ ഏര്യാ കമ്മറ്റി അംഗമാണ് വിമൽ.

എസ് എം വി സ്‌കൂളിൽ എസ് എഫ് ഐ പ്രവർത്തകനായി തുടങ്ങിയ വിഷ്ണു അതിവേഗം തിരുവനന്തപുരത്തെ സ്വാധീനമുള്ള ഡിവൈഎഫ് ഐ നേതാവാകുകയായിരുന്നു. യുവാക്കളുടെ പ്രിയപ്പെട്ട സഖാവായി വിഷ്ണു മാറി. വിഷ്ണവും സഹോദരൻ വിമലും രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്ന വ്യക്തികളാണ്. മൂത്ത സഹോദരൻ വിനോദും പൊതു രംഗത്തുണ്ടായിരുന്നു. കരാട്ടെ പരിശീലകനായ വിനോദ് ഇന്ത്യൻ ടീമിന്റെ അടക്കം ഭാഗമായ വ്യക്തിയാണ്. സിപിഎമ്മുമായി ഏറെ അടുത്ത് നിൽക്കുന്ന കുടുംബമാണ് ഇപ്പോഴും വിഷ്ണുവിന്റേത്.

2008ൽ തിരുവനന്തപുരം കൈതമുക്കിൽ പാസ്‌പോർട്ട് ഓഫിസിനു മുന്നിൽ വിഷ്ണുവിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 13 പ്രതികളെ കുറ്റക്കാരാണെന്നു തിരുവനന്തപുരം ജില്ലാ കോടതി കണ്ടെത്തിയെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു. വിധി സുപ്രീം കോടതിയും ശരിവച്ചു. കേസ് നടത്തിപ്പിനായാണു ഫണ്ട് സമാഹരണം നടന്നത്. വിഷ്ണു നിയമസഹായ ഫണ്ട് എന്ന പേരിൽ സൂക്ഷിച്ച ബാക്കി പണത്തിൽനിന്ന് 5 ലക്ഷം രൂപ രവീന്ദ്രൻ നായരുടെ മറ്റൊരു അക്കൗണ്ടിലേക്കു വക മാറ്റിയതായി ലോക്കൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഏരിയ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. ഇതാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് എത്തിയത്.

പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ അപേക്ഷ പൂരിപ്പിക്കുന്ന ജോലിയിൽ ഏർപ്പെടുന്ന വ്യക്തിയായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ ചേട്ടൻ കൂടിയായ വിമലിന്റെ പാതയിലാണ് ഈ ജോലിയിൽ എത്തിയത്. ഇത് മനസ്സിലാക്കിയായിരുന്നു വിഷ്ണുവിനെ രാഷ്ട്രീയ എതിരാളികൾ വകവരുത്തിയത്. ജോലിക്ക് എത്തുന്ന വിഷ്ണുവിന്റെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയായിരുന്നു കൊല. വഞ്ചിയൂർ ഏര്യാ കമ്മറ്റിയിൽ വിഷ്ണുവിനെ അനുസ്മരിക്കാതെ പരിപാടികളൊന്നും നടക്കാറില്ല. അങ്ങനെ പ്രവർത്തകർ വികാര പരമായ അടുപ്പം സൂക്ഷിക്കുന്ന രക്തസാക്ഷിയാണ് വിഷ്ണു. ഈ വിഷ്ണുവിന്റെ പേരിലെ ഫണ്ട് തട്ടിപ്പ് അണികൾക്കും തീരാ വേദനയാണ്. ആ സാഹചര്യത്തിലാണ് പാർട്ടി നടപടികളിലേക്ക് കടക്കുന്നത്.

വിഷ്ണു വധക്കേസിൽ കുറ്റാരോപിതരായ 13 ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടിരുന്നു. കീഴ്‌ക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് 13 പേരെയും കുറ്റവിമുക്തരാക്കിയത്. സർക്കാർ വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല. കൈതമുക്ക് പാസ്‌പോർട്ട് ഓഫീസിന് മുന്നിലിട്ടാണ് 2008 ൽ ആർഎസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. ഇവരിൽ 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.

11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷയും നൽകി. എന്നാൽ ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കി.