കണ്ണൂർ: കണ്ണൂരിൽ പാർട്ടി പരിപാടികൾക്ക് പുറമേ സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാകുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് എം.വി ജയരാജൻ പൊതുവേദികളിൽ സജീവമായത്.

സാധാരണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി.പി. എം നേതാക്കൾ പാർട്ടി പരിപാടികൾക്കു പുറമേ പൊതുചടങ്ങുകളിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സജീവമാകാറുണ്ട്. നേരത്തെ കെ.കെ രാഗേഷ്, പി.കെ ശ്രീമതി തുടങ്ങിയ നേതാക്കൾ മത്സരിക്കുന്നതിനു മുൻപായി പാർട്ടി പരിപാടികൾക്കു പുറമേ പൊതുപരിപാടികളിലും സജീവമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കണ്ണൂരിലെ സ്ഥാനാർത്ഥിയാരെന്ന ചോദ്യത്തിന് ഉത്തരം പോലെചെറുതും വലുതുമായ പരിപാടികളിൽ എം.വി ജയരാജൻ പങ്കെടുത്തുവരുന്നത്.

എന്നാൽ ഇക്കാര്യം സി.പി. എം വൃത്തങ്ങൾ ഇതുവരെ സ്ഥികരീച്ചിട്ടില്ല. കണ്ണൂർ ലോക്സഭാ മണ്ഡലം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനായി സി.പി. എം ഉന്നത നേതാവിനെ തന്നെ കളത്തിലിറക്കുമെന്നത് സുനിശ്ചിതമാണ്. എന്നാൽ അതു എം.വി ജയരാജനോ, പി.കെ ശ്രീമതിയോ, കെ.കെ ശൈലജയോ രംഗത്തിറങ്ങുമോയെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസം കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് എരിപുരം തടത്ത് മുൻ എംഎൽ എയെന്ന രീതിയിൽ എം വി ജയരാജനാണ് നിർവഹിച്ചത്. കഴിഞ്ഞ ഒരുമാസമായി ഇതുവരെയുള്ള നിരവധി പരിപാടികളിൽ എം.വി ജയരാജൻ പങ്കെടുത്തിട്ടുണ്ട്. എന്നാൽ പാർട്ടി പരിപാടികളിൽ കണ്ണൂർ ജില്ലാസെക്രട്ടറി പങ്കെടുക്കുന്നതിനെക്കാൾ പൊതുപരിപാടികൾ പങ്കെടുക്കുന്നതാണ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെടുത്തി ചർച്ചയാകുന്നത്.

നേരത്തെ ധർമടം മണ്ഡലത്തിൽ എംഎൽഎയായിരുന്ന ജയരാജൻ അതിനു ശേഷം കണ്ണൂർ നിയോജകമണ്ഡലത്തിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനു ശേഷം എം.വി ജയരാജൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഈയൊരു ഇടവേള കൂടിയുള്ളതിനാലാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ എം.വി ജയരാജൻ മത്സരിക്കുമെന്ന സൂചനകൾ പുറത്തുവന്നത്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ പി.ജയരാജൻ മത്സരിച്ചത് പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനം രാജിവെച്ചുകൊണ്ടാണ്. വ്യക്തിപൂജയാരോപണം നേരിട്ട പി.ജെയെ പാർട്ടിക്കുള്ളിൽ ഒതുക്കാനാണ് കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വടകരയിൽ മത്സരിപ്പിച്ചതെന്ന ആരോപണം അന്നുയർന്നിരുന്നു. എന്നാൽ പിന്നീട് വടകരയിൽ കെ..മുരളീധരനോട് ദയനീയമായി പരാജയപ്പെട്ട പി.ജെയ്ക്കു പിന്നീട് ജില്ലാസെക്രട്ടറി സ്ഥാനം തിരിച്ചു നൽകിയതുമില്ല. ഇതിനു ശേഷമാണ് എം.വി ജയരാജൻ കേരളത്തിലെ സി.പി. എമ്മിന്റെ ഏറ്റവും ശക്തമായജില്ലാ ഘടകമായ കണ്ണൂരിൽ ജില്ലാസെക്രട്ടറിയായത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ഭരണതലത്തിൽ പങ്കാളിയാവുന്നതിനിടെയാണ് ജയരാജൻ കണ്ണൂരിലേക്ക് വരുന്നത്. എന്നാൽ മത്സരിച്ചു ജയിച്ചില്ലെങ്കിൽ എം.വി ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനത്തു തുടരുമെന്നാണ് വിവരം. പി.ജെ നേരിടുന്ന പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് എം.വി ജയരാജനില്ലാത്തതാണ് ഇക്കാര്യത്തിൽ വ്യത്യസ്തമാകുന്നത്. കണ്ണൂരിൽ സി.പി. എമ്മിന് നിർത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാർത്ഥിയാണ് എം.വി ജയരാജൻ. പാർട്ടിക്കുപുറത്തും സൗഹൃദങ്ങളുമുള്ള എം.വി ജയരാജന് പൊതുസ്വീകാര്യതയുമുണ്ട്.