മലപ്പുറം: സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധവുമായി അണികൾ തെരുവിൽ. പൊന്നാനിയിൽ സിപിഎം പ്രവർത്തകർ നേതൃത്വത്തിനെതിരെ പരസ്യ പ്രകടനവുമായി രം​ഗത്തെത്തി. ടി.എം സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. പി. നന്ദകുമാർ പൊന്നാനിയിൽ സിപിഎം സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അണികൾ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധം. പ്രകടനത്തിൽ സ്ത്രീകളുടേയും സജീവസാന്നിധ്യമുണ്ട്. പാർട്ടി കൊടികളും ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നത്. ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചമ്രവട്ടത്തേക്ക് എത്തിയപ്പോളേയ്ക്കും നൂറു കണക്കിന് ആളുകളാണ് അണി ചേർന്നത്.

പൊന്നാനി മുൻ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം.സിദ്ദീഖ് മത്സരിക്കുമെന്ന ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. സംസ്ഥാന സമിതിയാണ് നന്ദകുമാറിന്റെ പേര് നിർദ്ദേശിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിൽ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇത്തവണ ആദ്യമായിട്ടാണ് ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. ടി.എം.സിദ്ദീഖ് രണ്ടു തവണ ശ്രീരാമകൃഷ്ണന് വേണ്ടി മാറി നിന്നതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന മാനദണ്ഡം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്പീക്കറും സിറ്റിങ് എംഎൽഎയുമായ പി.ശ്രീരാമകൃഷ്ണനെ മാറ്റിനിർത്താൻ തീരുമാനിച്ചത്.