മുംബൈ: ആഡംബര കപ്പലായ കോർഡെലിയ ക്രൂയിസിൽ ഒരുക്കിയ ലഹരി പാർട്ടിക്കിടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനൊപ്പം പിടിയിലായവരിൽ ഡൽഹിയിലെ പ്രമുഖ വ്യവസായികളുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. പിടിയിലായ മൂന്ന് പെൺകുട്ടികളും ഡൽഹി സ്വദേശികളാണ്. ഇവർ വ്യവസായികളുടെ മക്കളാണെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ലഹരിപ്പാർട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് കോർഡില ക്രൂസ് കപ്പലിൽനിന്ന് 13 പേരെയാണ് എൻസിബി പിടികൂടിയത്. കോർഡെലിയ ക്രൂയിസിൽ പദ്ധതിയിട്ടിരുന്നത് വമ്പൻ പരിപാടികളാണ്. മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയുടെ ഭാഗമായാണ് കപ്പലിൽ പാർട്ടി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ രണ്ട് മുതൽ നാല് വരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ ബ്രോഷർ ഉൾപ്പെടെയുള്ളവ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.

'ക്രേ ആർക്ക്' എന്ന പേരിൽ ഫാഷൻ ടിവി ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈയിൽ നിന്നും യാത്രതിരിച്ച കപ്പൽ കടലിൽ ചെലവഴിച്ച ശേഷം ഓക്ടോബർ 4ന് രാവിലെ 10 മണിയോടെ തിരിച്ചെത്താനാണ് നിശ്ചയിച്ചിരുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സഹകരണത്തിലാണ് ഫാഷൻ ടിവി പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്.



മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജെ സ്റ്റാൻ കോലെവ്, പ്രമുഖ ഡിജെമാരായ ബുൾസീ, ബ്രൗൺകോട്ട്, ദീപേശ് ശർമ എന്നിവരുടെ സംഗീത പരിപാടിയാണ് ആദ്യദിവസം നിശ്ചയിച്ചിരുന്നത്. രണ്ടാം ദിവസം ഉച്ച ഒരു മണി മുതൽ രാത്രി എട്ട് വരെ അതിഥികൾക്കായി എഫ് ടിവിയുടെ പൂൾ പാർട്ടിയും വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ ഡിജെ കോഹ്റ, മൊറോക്കൻ ഡിജെ കൈസ, ഐവറി കോസ്റ്റിൽ നിന്നുള്ള ഡിജെ റൗൾ എന്നിവരുടെ സംഗീത പരിപാടിയും ഇതിനൊപ്പം പദ്ധതിയിട്ടിരുന്നു. എട്ട് മണി മുതൽ പ്രത്യേക അതിഥികൾക്കായി ഓൾ ബ്ലാക്ക് പാർട്ടിയും നിശ്ചയിച്ചിരുന്നു.

ഇതിനിടെ കപ്പലിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) നടത്തിയ റെയ്ഡിൽ പിടികൂടിയത് എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിമരുന്നുകളാണ്. എം.ഡി.എം.എയ്ക്ക് പുറമേ കൊക്കെയ്ൻ, ഹാഷിഷ് കപ്പലിൽനിന്ന് പിടിച്ചെടുത്തു. അതിനിടെ, ചില യാത്രക്കാരുടെ ലഗേജുകളിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോർഡെലിയ ക്രൂയിസ് സിഇഒ. അറിയിച്ചു. ഇവരെ ഉടൻതന്നെ കപ്പലിൽനിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ സഞ്ചാരം അല്പം വൈകിയെന്നും സിഇഒ. പറഞ്ഞു.

ആര്യന്റെ ഫോൺ പിടിച്ചെടുത്ത എൻസിബി ഉദ്യോഗസ്ഥർ ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അറിയിച്ചു. അതിനിടെ, ആര്യനെ അതിഥിയായിട്ടാണ് പാർട്ടിയിലേക്ക് ക്ഷണിച്ചതെന്ന് റിപ്പോർട്ടുകളും പുറത്തുവന്നു. പാർട്ടിയിൽ പ്രവേശിക്കാൻ ആര്യൻ പണം നൽകിയിട്ടില്ല. തന്റെ പേരുപയോഗിച്ചാണ് സംഘാടകർ മറ്റുള്ളവരെ ഇതിലേക്ക് ക്ഷണിച്ചതെന്ന് ആര്യൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ആര്യന്റെ അടുത്ത സുഹൃത്ത് അബ്രാസ് മെർച്ചന്റിനെയും ചോദ്യം ചെയ്യുന്നുണ്ട്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ഫാഷൻ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട്. ബോളിവുഡ്, ഫാഷൻ, ബിസിനസ് രംഗത്തെ ആളുകളെ ഉൾപ്പെടുത്തി ഒക്ടോബർ രണ്ടു മുതൽ നാലു വരെ 'ക്രേ ആർക്ക്' എന്ന പേരിൽ സംഗീത പരിപാടിയായാണ് ഇത് സംഘടിപ്പിച്ചത്. ക്രേ ആർക്ക് ബൈബിൾ എന്ന പേരിൽ 14 പജുള്ള ഡോക്യുമെന്റ് കപ്പലിൽ പരിപാടിക്ക് എത്തിയവർക്ക് ഫാഷൻ ടിവി അധികൃതർ വിതരണം ചെയ്തിരുന്നു. ഇതിൽ പാർട്ടിയിൽ എന്തൊക്കെ ചെയ്യാം, ചെയ്യാൻ പാടില്ല തുടങ്ങിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ പാർട്ടിയിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികൾ, മറ്റ് ആകർഷണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു വിവരം.



ഇരുപത്തിയഞ്ചോളം താരങ്ങൾ പങ്കെടുക്കുമെന്നാണ് അറിയിപ്പ്. ഇതിൽ ലഹരിയോ മറ്റ് നിരോധിത വസ്തുക്കളോ ഉപയോഗിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ഔദ്യോഗിക മാർഗനിർദ്ദേശമായാണ് ഇത് കണക്കാക്കുന്നത്. കപ്പലിലെ പാർട്ടിയുടെ സംഘാടകരെയും എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഫാഷൻ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ഖാഷിഫ് ഖാനെയും ചോദ്യം ചെയ്യും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വേഷംമാറി എൻസിബി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് യുവതികൾ ഉൾപ്പെടെ 13 പേർ പിടിയിലായത്. കപ്പലിൽനിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തു.