ബെംഗളൂരു: ബ്രാഹ്മണ യുവതികൾക്ക് വിവാഹ ധനസഹായ പദ്ധതിയുമായി കർണാടക സർക്കാർ. സ്റ്റേറ്റ് ബ്രാഹ്മിൺ ഡെവലപ്‌മെന്റ് ബോർഡാണ് ബ്രാഹ്മണ യുവതികൾക്കായി രണ്ട് പദ്ധതികൾ നടപ്പിലാക്കുന്നത്. അരുന്ധതി, മൈത്രേയി എന്നീ പേരുകളിലാണ് പദ്ധതി ന‌ടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് 25,000 രൂപയാണ് ധനസഹായം. ഈ പദ്ധതിക്ക് അരുന്ധതി എന്നാണ് പേര്. അതേസമയം, പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികൾക്ക് മൂന്ന് ലക്ഷം രൂപ സഹായധനമായി ലഭിക്കും. മൈത്രേയി എന്നാണ് ഈ പദ്ധതിയുടെ പേര്. യെദിയൂരപ്പ സർക്കാർ അധികാരത്തിലേറിയ ശേഷമാണ് സ്റ്റേറ്റ് ബ്രാഹ്മിൺ ഡെവലപ്‌മെന്റ് ബോർഡ് രൂപീകരിച്ചത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമാണ് ധനസഹായമെന്നും ആദ്യവിവാഹത്തിന് മാത്രമായിരിക്കും സഹായമെന്നും ബോർഡ് ചെയർമാൻ എച്ച്എസ് സച്ചിദാനന്ദ മൂർത്തി പറഞ്ഞു. അരുന്ധതി പദ്ധതിക്കായി ഇതുവരെ 500പേരാണ് അർഹരെന്നും മൈത്രേയി പദ്ധതിക്ക് 25പേരാണ് അപേക്ഷകരിൽ നിന്ന് അർഹരെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ പ്രീണനമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിമർശനമുയർന്നു.

നേരത്തെ സന്ധ്യാവന്ദന പൂജക്ക് തയാറാകുന്നവർക്ക് പ്രതിമാസം 500 രൂപ നൽകുന്ന പദ്ധതിയും സർക്കാർ കൊണ്ടുവന്നിരുന്നു. മുന്മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ബ്രാഹ്മിൺ ബോർഡ് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും യെദിയൂരപ്പ അധികാരത്തിലേറിയ ശേഷമാണ് ബോർഡ് രൂപീകരിച്ചത്. അഞ്ച് ശതമാനമാണ് കർണാടക ജനസംഖ്യയിൽ ബ്രാഹ്മണരുടെ പ്രാതിനിധ്യം.