ബാഗ്ദാദ്: അശാന്തിയുടെ അഗ്‌നിജ്വാലകൾ ഇനിയും അണയാത്ത ഭൂമിയിലൂടെ കാരുണ്യത്തിന്റെ സന്ദേശവുമായി അജപാലകനെത്തി. യുദ്ധക്കെടുതിയിൽ ജീവിതം വഴിമുട്ടിയപ്പോൾ അന്നം തേടി യൂറോപ്പിലേക്കുള്ള യാത്രമദ്ധ്യേ കടലിൽ മുങ്ങിമരിച്ച ആറുവയസ്സുകാരന്റെ പിതാവിനെ കണ്ട് ആശ്വസിപ്പിച്ചു പോപ്പ് ഫ്രാൻസിസ്. ഇറാഖിലെ കുർദ്ദിഷ് നഗരമായ എർബിലിൽ കുർബാനയ്ക്ക് ശേഷമാണ്‌പോപ്പ് അലൻ കുർദ്ദിയുടെ പിതാവ് അബ്ദുള്ളാ കുർദ്ദിയെ കണ്ടതും സംസാരിച്ചതും.

അതിനു മുമ്പായി കേവലം നാലുവർഷം മുൻപ് റോമിനെ കീഴടക്കുമെന്ന വെല്ലുവിളിയോടെ ഐസിസിലെ തീവ്രവാദികൾ അരങ്ങുവാണിരുന്ന മൊസോളിൽ മാർപാപ്പ എത്തി. മരണത്തിന്റെ മൂകത തളം കെട്ടിനിൽക്കുന്ന യുദ്ധാവശിഷ്ടങ്ങൾക്കിടയിലൂടെ ശാന്തത കൈവിടാതെയാണ് പോപ്പ് സഞ്ചരിച്ചത്. യുദ്ധത്തിൽ തകർന്നടിഞ്ഞ പള്ളിക്ക് മുൻപിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്തുകൊണ്ട് മാർപാപ്പ, യുദ്ധത്തിൽ മരണമടഞ്ഞവർക്കായി പ്രാർത്ഥിച്ചു. അതിനു ശേഷമായിരുന്നു അലൻ കുർദ്ദിയുടെ പിതാവുമായുള്ള കൂടിക്കാഴ്‌ച്ച.

അതിജീവനത്തിനുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ശ്രമത്തിന്റെ അവസാനമായിട്ടായിരുന്നു തീരത്തണഞ്ഞ ആ കുഞ്ഞ് മൃതദേഹത്തിന്റെ ചിത്രം ലോകത്തെ കരയിച്ചത്. മരിക്കാതിരിക്കാൻ, ജീവിതം ജീവിച്ചു തീർക്കാൻ, ജന്മം നൽകിയ കുഞ്ഞുങ്ങൾ ആയുസ്സെത്താതെ മരിക്കാതിരിക്കാൻ, അത്രയൊക്കെയെ ആഗ്രഹിച്ചുള്ള കുർദ്ദി, യൂറോപ്പിലേക്ക് കള്ളബോട്ട് കയറുമ്പോൾ. പക്ഷെ ബോട്ടുമറിഞ്ഞ് അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടായായിരുന്നു കുഞ്ഞ് അലന്റെ വിധി.

നാലുവർഷം മുൻപ് റോമിനെ കീഴടക്കുമെന്ന് ഭീകരൻ അബു ബക്കർ അൽ ബാഗ്ദാദി വീമ്പിളക്കിയ അതേ സ്ഥലത്ത്, ആയിരങ്ങളുടെ മനസ്സ് കീഴക്കികൊണ്ട് റോമിന്റെ അധിപൻ എത്തി. ആയുധങ്ങളേക്കാൾ ശക്തി സ്നേഹത്തിനുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ. സ്ത്രീകൾ ആവേശത്തിൽ കുരവയിട്ടപ്പോൾ ഒരു വെളുത്ത പ്രാവിനെ ആകാശത്തിലേക്ക് പറത്തി, യുദ്ധമല്ല, സമാധാനമാണ് ലോകം ആഗ്രഹിക്കുന്നതെന്ന് പോപ്പ് ശക്തമായി സൂചിപ്പിച്ചു. യുദ്ധത്തിലും തീവ്രവാദ ആക്രമങ്ങളിലും മരണപ്പെട്ടവർക്കുള്ള ഒരു സ്മാരകവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

''മണ്ണിൽ ജീവന്റെ നാഥൻ ദൈവമാണെങ്കിൽ, അത് അങ്ങനെത്തന്നെയാണ്, അവന്റെ പേരിൽ മറ്റുള്ളവരെ കൊന്നൊടുക്കുന്നത് പാപമാണ്. മണ്ണിൽ സമാധാനം കൊണ്ടുവരുന്നത് ദൈവമാണെങ്കിൽ, അത് അങ്ങനെത്തന്നെയാണ്, അവന്റെ പേരിൽ യുദ്ധം ചെയ്യുന്നത് പാപമാണ്.'' അറബിയിലെക്ക് പരിഭാഷപ്പെടുത്തിയ മാർപ്പാപ്പയുടെ വാക്കുകൾ നേരിട്ടു കയറിയത് അവിടെ സന്നിഹിതരായിരുന്ന ആയിരക്കണക്കിന് ആളുകളുടെ മനസ്സുകളിലേക്കായിരുന്നു. ആയുസ്സൊടുങ്ങാതെ ആയിരങ്ങളെ കൊന്നുവീഴ്‌ത്തിയവർ ഈശ്വരന്റെ കരുണയിൽ പശ്ചാത്തപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 2014- ൽ ആയിരുന്നു ഐസിസ് മൊസോൾ ആക്രമിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്.

ഐസിസ് എന്ന ഭീകരസംഘടനയുടെ ആസ്ഥാനമായി മാറിയ മൊസോൾ അവരുടെ പ്രവർത്തനങ്ങളിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുൾപ്പടെനിരവധി രാജ്യങ്ങളിൽ നിന്നും ആടുമെയ്‌ക്കാൻ പോയവർ തോക്കുകളേന്തി കാവൽ നിന്ന നഗരത്തെ പിന്നീറ്റ് ഒമ്പത് മാസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ 2017-ൽ മോചിപ്പിക്കുകയായിരുന്നു. പിന്നീറ്റ് 2019-ൽ സിറിയയിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ അൽ ബാഗ്ദാദി കൊല്ലപ്പെടുകയും ചെയ്തു. ഏകദേശം പതിനായിരത്തോളം സാധാരണക്കാർ ഈ യുദ്ധത്തിൽ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇനി ഇവിടെനിന്നും നിനെവേയിലെ ഖരാഖോഷ് കൃസ്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുവാനായി പോപ്പ് ഹെലികോപ്റ്ററിൽ യാത്രയാകും. 2014- ലെ ഐസിസ് ആക്രമങ്ങളെ നേരിടാനാകാതെ അമേരിക്കയിലേക്ക് പലായനം ചെയ്ത ഈ വിഭാഗത്തിൽ പെട്ട വളരെകുറച്ചുപേർ മാത്രമെ ഇപ്പോൾ ഇവിടെയുള്ളു.