റോം: കഴിഞ്ഞ വേനൽക്കാലത്ത് കോളൺ സർജറിക്ക് മാർപ്പാപ്പ വിധേയനായപ്പോൾ കർദ്ദിനാൾമാർ യോഗം ചേർന്ന് പകരക്കാരനെ കണ്ടെത്താൻ ശ്രമിച്ചുവെന്നും ചിലരൊക്കെ താൻ മരിച്ചുകാണാൻ ആഗ്രഹിക്കുന്നുവെന്നും പോപ്പ് ഫ്രാൻസിസ് തമാശയായി പറഞ്ഞത് ഇപ്പോൾ വൻ വിവാദമാവുകയാണ്. ജെസ്യുട്ട് ജേർണലായ ലാ കിവിൽറ്റ കറ്റോലിക്കയിൽ വന്ന റിപ്പോർട്ടനുസരിച്ച് ഈ മാസം ആദ്യം ബ്രാട്ടിസ്ലേവയിൽ വെച്ച് 84 കാരനായ പോപ്പ് ഇക്കാര്യം തന്റെ സഹപ്രവർത്തകരോടാണ് പറഞ്ഞത്.

സംസാരത്തിനിടയിൽ കൂടെയുണ്ടായിരുന്നവരിൽ ഒരാളുടെ ഇപ്പോൾ സുഖമാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ചിലർ ഞാൻ മരിച്ചുകാണാൻ ആഗ്രഹിച്ചുവെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നായിരുന്നു ഈ ചോദ്യത്തിന് മറുപടിയായി പോപ്പ് പറഞ്ഞതെന്ന് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. പോപ്പിന്റെ നില ഗുരുതരമാണെന്ന് കരുതി ചിലർ പകരക്കാരനെ കണ്ടെത്താനുള്ള കോൺക്ലേവ് നടത്തുവാനുള്ള തയ്യാറെടുപ്പുകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒരു പോപ്പ് മരണമടയുകയോ വിരമിക്കുകയോ ചെയ്യുമ്പോൾ, കർദ്ദിനാൾമാർ രഹസ്യയോഗം കൂടിയാണ് പിൻഗാമിയെ തെരഞ്ഞെടുക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ താൻ തയ്യാറായിരുന്നില്ലെന്നും ഒരു നഴ്സാണ് തന്നെ അതിനു പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രോഗികളുമായി കൂടുതൽ അടുത്ത് സമ്പർക്കം പുലർത്തുന്നതിനാൽ നഴ്സുമാർക്കായിരിക്കും പല കാര്യങ്ങളിലും ഡോക്ടർമാരേക്കാൾ അറിവ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻകുടലിൽ തടസ്സമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ജൂലായ് 4 ന് പോപ്പിന്റെ കോളൺ പകുതിയോളം നീക്കംചെയ്തിരുന്നു. 2013-ൽ പോപ്പ് ആയി ചുമതല ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന ശസ്ത്രക്രിയയായിരുന്നു ഇത്.

താൻ ചികിത്സയിലായിരുന്ന സമയത്ത് പറന്നുനടന്നിരുന്ന കിംവദന്തികളെ കുറിച്ച് ഇതാദ്യമായല്ല മാർപ്പാപ്പ പ്രതികരിക്കുന്നത്. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്നു എന്ന വാർത്തയെ കുറിച്ച് ചോദിച്ച സ്പാനിഷ് പത്രത്തിനോട് കഴിഞ്ഞമാസം അദ്ദേഹം പറഞ്ഞത് അക്കാര്യം ആലോചിച്ചിട്ടില്ല എന്നായിരുന്നു. സ്ലോവാക്യയിലേക്കും ഹംഗറിയിലേക്കുമായുള്ള നാലു ദിവസത്തെ സന്ദർശനത്തിനിടെ ഈ മാസാമാദ്യമാണ് പോപ്പ് ഫ്രാൻസിസ് ബ്രാറ്റിസ്ലാവയിൽ എത്തിയത്.