തിരുവനന്തപുരം: മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശിപാർശ പൂർണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ബുധൻ രാവിലെ 11ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. സച്ചാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ നാമമാത്രമായി നടപ്പാക്കിയ ചില പദ്ധതികളാവട്ടെ നുണപ്രചാരണത്തിലൂടെ നിലച്ച അവസ്ഥയിലാണെന്നും, മുസ്ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ട പദ്ധതികൾ പൂർണ്ണമായും അടിയന്തരമായി നടപ്പാക്കണമെന്നുമാണ് ആവശ്യം.

മാർച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഇ.എം അബ്ദുൽ റഹിമാൻ മാർച്ച് ഉദ്ഘാടനം ചെയ്യും. സച്ചാർ - പാലോളി കമ്മിറ്റികളുടെ ശിപാർശ പ്രകാരമുള്ള സ്‌കോളർഷിപ്പുകളും ക്ഷേമപദ്ധതികളും ബജറ്റ് വിഹിതവും നൂറു ശതമാനവും മുസ്ലിംകൾക്ക് മാത്രമായി ഉറപ്പുവരുത്തണം. 2016 ലും 2021 ലും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത പാലോളി കമ്മറ്റി ശിപാർശകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കി സർക്കാർ വാഗ്ദാനം പാലിക്കണം.

മുസ്ലിം വിഭാഗം നേരിടുന്ന പിന്നാക്കാവസ്ഥയും അവഗണയും പരിഹരിക്കുന്നതു വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അറിയിച്ചു.