ചണ്ഡിഗഡ്: പഞ്ചാബിൽ നവ്‌ജ്യോത് സിങ് സിദ്ദു പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചതോടെ ഏവരും പഴിച്ചത് ഗാന്ധി കുടുംബത്തെയാണ്. വിശേഷിച്ചത് പ്രിയങ്കയെ. കാരണം പ്രിയങ്ക മുൻകൈയെടുത്താണ് സിദ്ദുവിനെ കോൺഗ്രസിന്റെ മുന്നണി പോരാളി ആക്കിയതും, സംസ്ഥാനത്ത് അമരീന്ദർ സിങ്ങിന്റെ പുറത്താകൽ അടക്കമുള്ള സംഭവങ്ങളിലേക്ക് വഴി തെളിച്ചതും. അടുത്ത വർഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ദുവിന്റെ പ്രഖ്യാപനം ഹൈക്കമാൻഡിന് വലിയ തലവേദന ആയിരുന്നു.

ഏതായാലും, ശനിയാഴ്ചത്തെ സിദ്ദുവിന്റെ ട്വീറ്റ് ഗാന്ധി കുടുംബത്തിന് ആശ്വാസം പകരുന്നതാണ്. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി ..ഞാൻ രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും ഒപ്പം ഉറച്ച് നിൽക്കും, സിദ്ദു ട്വീറ്റ് ചെയ്തു. ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും ആദർശങ്ങൾ ഉയർത്തി പിടിക്കുമെന്നും കോൺഗ്രസിന്റെ വിജയം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിലോമ ശക്തികളും...എന്നെ തോൽപ്പിക്കാൻ ശ്രമിക്കട്ടെ...എന്നാലും പോസിറ്റീവ് ഊർജ്ജം കൈമുതലാക്കി പഞ്ചാബിനെ ജയിപ്പിക്കും... പഞ്ചാബിയത്തും(ആഗോള സൗഹൃദം) മുഴുവൻ പഞ്ചാബികളും വിജയിക്കും-സിദ്ദു ട്വീറ്റ് ചെയ്തു.

സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം പാർട്ടി വക്താവ് വ്യക്തമാക്കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിറകെയാണ് സിദ്ദു സ്ഥാനത്തു തന്നെ തുടരാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്. മന്ത്രിസഭാ പുനഃസംഘടനയിലടക്കം സിദ്ദു ഉന്നയിച്ച പ്രശ്നങ്ങൾ പ്രത്യേക സമിതി രൂപീകരിച്ച് ചർച്ച ചെയ്യാമെന്ന് ചരൺജിത്ത് അറിയിച്ചിരുന്നു. ഇതിനു പിറകെയാണ് സിദ്ദു അനുനയത്തിന് തയാറായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിദ്ദു അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പാർട്ടി നേതൃത്വം ഏറ്റെടുത്ത് വെറും 75 ദിവസം പിന്നിടുമ്പോഴായിരുന്നു രാജി. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള അമരീന്ദർ സിങ്ങിന്റെ രാജിക്കു പിറകെയായിരുന്നു സിദ്ദുവിന്റെ നീക്കവും. ഇത് കോൺഗ്രസ് ക്യാംപിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.