പത്തനംതിട്ട: സ്വകാര്യ ധനകാര്യ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും നിക്ഷേപത്തട്ടിപ്പിന്റെ കാര്യത്തിൽ കടത്തി വെട്ടി മുന്നേറുകയാണ് ജില്ലയിലെ ചില പോസ്റ്റ് ഓഫീസുകൾ. നാരങ്ങാനം, കുളനട എന്നിവയ്ക്ക് പിന്നാലെ ആറന്മുള മണ്ഡലത്തിൽ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് തട്ടിപ്പ് കൂടി വെളിയിൽ വന്നിരിക്കുന്നു. കിടങ്ങന്നൂർ നാൽക്കാലിക്കൽ പോസ്റ്റ് ഓഫീസിലാണ് ഏറ്റവുമൊടുവിലായി ലക്ഷങ്ങൾ തട്ടിയെടുത്തിരിക്കുന്നത്. തട്ടിപ്പിൽ പങ്കുള്ള ജീവനക്കാരെ രക്ഷിക്കാൻ വേണ്ടി യൂണിയൻ നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

തങ്ങൾ നിക്ഷേപിച്ച പണം പാസ് ബുക്കിൽ വരവ് വയ്ക്കുകയും അക്കൗണ്ടിൽ കാണാതെ വരികയും ചെന്നപ്പോഴാണ് നിക്ഷേപകർ പരാതിയുമായി രംഗത്തു വന്നത്. തങ്ങൾക്കൊന്നുമറിയില്ലെന്നും നിങ്ങൾ വേണമെങ്കിൽ ചെങ്ങന്നൂർ ഹെഡ് ഓഫീസിൽ പോയി അന്വേഷിക്കൂ എന്നുമായിരുന്നു ജീവനക്കാരുടെ മറുപടി. ഇവിടെ നേരത്തേയുണ്ടായിരുന്ന ജീവനക്കാരുടെ കാലത്താണ് തട്ടിപ്പ് നടന്നതെന്ന് സംശയിക്കുന്നു. ഇപ്പോഴുള്ളത് പുതിയ ജീവനക്കാരാണ്.

കേന്ദ്ര സർക്കാർ പൂർണ സുരക്ഷിതം എന്ന് അവകാശപ്പെടുന്ന പോസ്റ്റൽ നിക്ഷേപങ്ങളിൽ വലിയ തട്ടിപ്പാണ് ഇതു വരെ പത്തനംതിട്ട ജില്ലയിൽ നടന്നിട്ടുള്ളത്. എവിടെ തട്ടിപ്പ് നടന്നാലും സംഘടനാ പിൻബലത്തിൽ ഒതുക്കി തീർക്കും. പ്രതികൾ രക്ഷപെടുകയും ചെയ്യുന്നു. ഇത് തട്ടിപ്പ് തുടരാൻ പോസ്റ്റൽ ജീവനക്കാർക്കും ആർഡി ഏജന്റുമാർക്കും പ്രേരണയാകുന്നു. തട്ടിപ്പ് നടത്തിയവർക്കെതിരേ ശക്തമായ നടപടി ഇല്ലാത്തത് കാരണം പലയിടത്തും ഇത് ആവർത്തിക്കപ്പെടുന്നു.

സർക്കാർ സുരക്ഷ നൽകുന്ന സ്ഥാപനങ്ങളിലും നിക്ഷേപിക്കാൻ കഴിയാത്ത അവസ്ഥയെന്നാണ് സാധാരണക്കാർ വിലയിരുത്തുന്നത്. നാൽക്കാലിക്കൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ച നൂറിലധികം പേരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ആദ്യ പരാതി എത്തിയെങ്കിലും ഇത് ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഒതുക്കി എന്നാണ് ആക്ഷേപം. പാസ് ബുക്ക് അനുസരിച്ച് 25,000 രൂപ നിക്ഷേപിച്ച ആൾ എത്തിയപ്പോൾ ഓഫീസ് രേഖകൾ പ്രകാരം 2000 രൂപ മാത്രമാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്.

എല്ലാ മാസവും പണം അടക്കുകയും അത് പാസ് ബുക്കിൽ രേഖപ്പെടുത്തി നൽകുകയും ചെയ്തിരുന്നു. തുക തിരികെ എടുക്കാൻ ചെന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യമായത്. ജീവനക്കാരും നിക്ഷേപരും തമ്മിൽ തർക്കം ഉണ്ടാകുന്നതിനിടയിൽ മറ്റൊരു പരിശോധനക്കായി എത്തിയ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ വിവരം എത്തി. അവർ രേഖകൾ പരിശോധിച്ചപ്പോഴാണ് മറ്റുള്ളവർക്കും പണം നഷ്ടമായിട്ടുണ്ടെന്നറിയുന്നത്. സമീപവാസികളായ ഏതാനും പേരെ വിളിച്ചു വരുത്തി പാസ് ബുക്കും ഓഫീസ് രേഖകളും ചേർത്ത് പരിശോധിച്ചപ്പോൾ കൂടുതൽ തട്ടിപ്പ് ബോധ്യപ്പെട്ടു.

സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ പേർ പരാതിയുമായി എത്തി. ഇതിനിടെ ഓഫീസ് പരിശോധനയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന ഹെഡ് ഓഫീസിലെ ജീവനക്കാരൻ ഏതാനും യൂണിയൻ നേതാക്കളുമായി പരാതിക്കാരുടെ വീടുകൾ സന്ദർശിച്ച് ഒത്തു തീർപ്പിന് ശ്രമിച്ചു. തങ്ങൾക്ക് പരാതിയില്ലെന്ന് ഇവർ എഴുതി വാങ്ങുകയും ചെയ്തു. എന്നാൽ ഇതിന് വഴങ്ങാതിരുന്നവർ പരാതിയുമായി മുന്നോട്ട് പോയിരിക്കുകയാണ്. ഇടതു പക്ഷ പഞ്ചായത്ത് അംഗത്തിനും പണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ അന്വേഷണ പരിധിയിൽ വരുന്നവർ ഇതേ സംഘടനാ പ്രവർത്തകർ ആയതിനാൽ കടുത്ത നിലപാടിലേക്ക് ഇവരും നീങ്ങിയിട്ടില്ല. നിക്ഷേപത്തുക നഷ്ടപ്പെട്ടവർ കഴിഞ്ഞ ദിവസം കിടങ്ങന്നൂരിൽ യോഗം ചേർന്ന് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.

ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ആയ കിടങ്ങന്നൂരിൽ സ്ഥിരം ജീവനക്കാരില്ലാത്തതാണ് തട്ടിപ്പിന് കാരണമായതെന്ന് പറയുന്നു. അടുത്ത കാലത്ത് നിരവധി പേർ ഇവിടെ താത്ക്കാലിക ചുമതല വഹിച്ചിരുന്നു. ഇവരിൽ ആരുടെ കാലത്താണ് പണം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് കണ്ടെത്താൻ കഴിയൂ. ബ്രാഞ്ച് ഓഫീസിൽ താത്ക്കാലിക ജീവനക്കാർ ആയിരുന്നെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും പരിശോധനക്ക് എത്തുന്നവർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നും ആരോപണമുണ്ട്. അടുത്തിടെ കുളനട പോസ്റ്റ് ഓഫീസിലും സമാനമായ സംഭവം നടന്നിരുന്നു.

അന്ന് വകുപ്പ് തലത്തിലും പൊലീസും അന്വേഷണങ്ങൾ നടത്തിയെങ്കിലും ഇനിയും നിരവധി പേരുടെ പണം തിരികെ ലഭിക്കാനുണ്ട്. ഒരു കോടി രൂപയുടെ തിരിമറിയാണ് ഇവിടെ നടന്നത്. കേസിൽ ആരോപണ വിധേയയായ ആർഡി ഏജന്റ് ജീവനൊടുക്കുകയും ചെയ്തിരുന്നു. ഇവിടെയും ജീവനക്കാർ നടത്തിയ തട്ടിപ്പ് ഏജന്റിന്റെ തലയിൽ വച്ചു കെട്ടുകയായിരുന്നുവെന്ന് പറയുന്നു.