കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയോടെ സംസ്ഥാന കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ അണികളിൽ തന്നെ രോഷം ശക്തമാവുകയാണ്. ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം തൊട്ട് പരാജയത്തിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും ഏകോപനമില്ലായ്മയാണ് തിരിച്ചടിയുടെ പ്രധാനകാരണമെന്നും പ്രതികരണം ശക്തമായിരുന്നു. നിലവിലെ സ്ഥിതിമാറാൻ നേതൃത്വത്തെ മാറ്റണമെന്നാണ് അണികൾക്ക് ഇടയിൽ തന്നെയുള്ള പൊതു അഭിപ്രായം. ഇതിനായുള്ള പോംവഴികളും അണികൾ തന്നെ മുന്നോട്ടുവെക്കുന്നുണ്ട്. പോസ്റ്ററുകളിലൂടെയാണ് അണികൾ തന്നെ അഭിപ്രായം തുറന്നുപറയുന്നത്. കോൺഗ്രസ്സിനെ രക്ഷിക്കാൻ കെ സുധാകരനെ തിരിതെ വിളിക്കുവെന്നും തലസ്ഥാന നഗരയിലും കോൺഗ്രസ്സിനെ രക്ഷിക്കാൻ ബിന്ദു കൃഷ്ണയെ പുറത്താക്കു എന്ന പോസ്റ്റർ കൊല്ലത്തുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി തിരിച്ചടി നേരിട്ടപ്പോൾ ഏക ആശ്വാസം കണ്ണൂർ കോർപ്പറേഷനിലെ വിജയം മാത്രമായിരുന്നു. അതാകട്ടെ കെ സുധാകരന്റെ നേതൃത്വപാടവം കൊണ്ടാണെന്ന് കോൺഗ്രസ്സ് തന്ന അംഗീകരിക്കുന്നുണ്ട്. ഇ സാഹചര്യത്തിലാണ് കെ സുധാകരനെ തിരികെ വിളിക്കു.. കോൺഗ്രസ്സിനെ രക്ഷിക്കു എന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കെ.എസ്.യുവിന്റെ പേരിലാണ്ഫ്ളക്സ് ബോർഡുകൾ ഇറങ്ങിയിരിക്കുന്നത്.തിരുവനന്തപുരം എംഎ‍ൽഎ ഹോസ്റ്റലിന് മുന്നിലും തിരുവനന്തപുരം കെപിസിസി ഓഫീസിന് മുന്നിലുമാണ് ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.'ഇനിയും ഒരു പരീക്ഷണത്തിന് സമയം ഇല്ല. കെ സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ. കേരളത്തിലെ കോൺഗ്രസിന് ഊർജ്ജം പകരാൻ ഊർജ്ജസ്വലതയുള്ള നേതാവ് കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കുക' എന്നിങ്ങനെ പോകുന്നുഫ്ളക്സ് ബോർഡിലെ വാചകങ്ങൾ.താനായിരുന്നു നേതൃത്വമെങ്കിൽ ഇതായിരിക്കില്ല കോൺഗ്രസ്സിന്റെ സ്ഥിതിയെന്ന് തെരഞ്ഞെടുപ്പ് തിരിച്ചടിക്കു ശേഷം കെ സുധാകരൻ പ്രതികരിച്ചിരുന്നു.

കോൺഗ്രസ്സിനെ രക്ഷിക്കാൻ ബിന്ദുകൃഷ്ണയെ പുറത്താക്കു എന്ന തരത്തിലാണ് കൊല്ലത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ബിന്ദു കൃഷ്ണയെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കണമെന്നാണ് ആവശ്യം. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം.ഡിസിസി ഓഫിസിനു മുന്നിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ ജീവനക്കാർ നീക്കി. കൊല്ലത്തെ ചില യൂത്ത് കോൺഗ്രസ് നേതാക്കളും സമൂഹമാധ്യമങ്ങളിൽ ബിന്ദു കൃഷ്ണയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കൊല്ലം കോർപറേഷനിൽ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതും കോൺഗ്രസിൽ പൊട്ടിത്തെറിക്കു കാരണമായി.

ഇതിനൊപ്പം കെ. മുരളീധരന്റെ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകളും കഴിഞ്ഞ ദിവസം കോഴിക്കോട് പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം നേതൃത്വമാറ്റം വേണ്ടെന്നും തെറ്റുകൾ പരിഹരിക്കുമെന്നുമായിരുന്നു കെ സി വേണുഗോപാൽ പ്രതികരിച്ചത്.