തൃശ്ശൂർ: കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നീക്കങ്ങൾ ശക്തമായി. കെ മുരളീധരൻ, കെ സുധാകരൻ എന്നിവരാണ് കെപിസിസി അധ്യക്ഷ പദവി മോഹിച്ചു രംഗത്തുള്ളത്. ഇവർക്ക് വേണ്ടി അണികൾ പലയിടങ്ങളിലുമായി പോസ്റ്ററുകളും പതിക്കുന്നുണ്ട്. ഇന്ന് തൃശ്ശൂരിൽ കെ മുരളീധരന് വേണ്ടിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ മുരളീധരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തിലാണ് പോസ്റ്റർ. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്ടും മുരളീധരന് വേണ്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് എതിരായ പരോക്ഷ വിമർശനമാണ് പോപോസ്റ്ററുകളിലുള്ളത്. കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കുവാൻ കരുത്തുറ്റ തീരുമാനമെടുക്കുവാൻ കഴിവുള്ള കെ.മുരളീധരനെ ചുമതലയേൽപ്പിക്കുക എന്നാണ് കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ട ബോർഡിൽ പറയുന്നത്. പാർട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കുവാൻ പ്രവർത്തകർക്ക് ഊർജം പകരുവാൻ നേതൃത്വം മുരളീധരന്റെ കൈകളിൽ വരട്ടെ എന്നും ബോർഡിൽ ആവശ്യപ്പെടുന്നു.

തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം, പ്രചാരണം എന്നിവയിലെല്ലാം കോഴിക്കോട് ജില്ലയിൽ തർക്കങ്ങളുണ്ടായിരുന്നു. അപ്പോഴെല്ലാം കെ. മുരളീധരന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോൺഗ്രസിനുണ്ടായ തിരിച്ചടിയെ തുടർന്ന് നേതൃത്വത്തിനുള്ളിൽ തന്നെ പരസ്പരമുള്ള പഴിചാരലുകളും വിഴിപ്പലക്കലും പരസ്യമായി തന്നെ വരും ദിവസങ്ങളിൽ ഉണ്ടാകും എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് കോഴിക്കോട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡ്.

അതേസമയം 'കെ.മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' പോസ്റ്ററിന് പിന്നാലെ കെ.സുധാകരനെ കോൺഗ്രസ് നേതൃത്വം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടും പോസ്റ്ററുകൾ പ്രത്യക്ഷപപെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ ഉയരുന്ന നേതൃമാറ്റ ആവശ്യത്തിന്റെ തുടർച്ചയായാണ് ഫ്ളക്സ് ബോർഡ്. 'കെ.സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്ന ഫ്ളക്സ് ബോർഡ് കെ.എസ്.യുവിന്റെ പേരിൽ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത് തിരുവനന്തപുരം എംഎ‍ൽഎ ഹോസ്റ്റലിന് മുന്നിലും കെപിസിസി ആസ്ഥാനത്തിന് മുന്നിലുമായിരുന്നു.

ഇനിയും ഒരു പരീക്ഷണത്തിന് സമയമില്ല, കെ.സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ, കേരളത്തിലെ കോൺഗ്രസിന് ഊർജ്ജം പകരാൻ ഊർജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കുക തുടങ്ങിയവയാണ് ഫ്ളക്സ് ബോർഡിലെ വാചകങ്ങൾ. തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുരാഷ്ട്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാഞ്ഞത് നിരാശാജനകമാണെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വീഴ്ചകൾ സംഭവിച്ചുവെന്നും അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം പാർട്ടിക്ക് ഉണ്ടെന്നും കെപിസിസി അദ്ധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇപ്പോൾ നേതൃമാറ്റ ആവശ്യം ഉയരുമ്പോഴും അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. തദ്ദേശത്തിലെ തോൽവിക്ക് കെപിസിസി അധ്യക്ഷനെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും ചെ്ന്നിത്തല പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധിയെ കൂടുതൽ കേരളത്തിൽ സജീവമാക്കാനാണ് കോൺഗ്രസിന്റെ ആലോചന. രാഹുൽ സജീവമാകുന്നതോടെ കോൺഗ്രസിന് ഊർജ്ജമാകുമെന്നും നേതാക്കൾ വിലയിരുത്തുന്നു.

അതേസമയം ഉമ്മൻ ചാണ്ടി കൂടുതൽ സജീവമായി ഇടപെടണം എന്ന ആവശ്യം ശക്തമാണ്. മധ്യ തിരുവിതാംകൂറിലെ തിരിച്ചടിയെ നേരിടാൻ ഉമ്മൻ ചാണ്ടി കൂടുതൽ സജീവമായി തന്നെ ഇടപെടുമെന്ന് നേതാക്കൾ പറയുന്നു.