തിരുവനന്തപുരം: തലസ്ഥാനത്ത് ഗൂണ്ടകളുടെ വിളയാട്ടം തുടരുന്നു. അക്രമം തടയാൻ പൊലീസ് ഓപ്പറേഷൻ കാവൽ പ്രഖ്യാപിച്ചിട്ടും ഗൂണ്ടകൾ അതൊന്നും അറിഞ്ഞ മട്ടില്ല. ഇരയുടെ കാൽ വെട്ടിയെറിഞ്ഞ സുധീഷ് വധക്കേസിന്റെ ഞെട്ടൽ മാറും മുമ്പേയാണ് പോത്തൻകോട് വീണ്ടും ഇന്നലെ രാത്രി ഗുണ്ടാ ആക്രമണം ഉണ്ടായത്. വെഞ്ഞാറാമൂട് സ്വദേശിയായ ഷായ്ക്കും, പതിനേഴുകാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 8.30 ന് പോത്തൻകോട് വച്ചാണ് ഇവരെ നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്.

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗുണ്ടകൾ, അച്ഛനും മകളും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പ്രതികൾ പെൺകുട്ടിയുടെ മുഖത്തടിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. മുടിയിൽ കുത്തി പിടിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഗുണ്ടകൾ തങ്ങളെ മർദ്ദിച്ചതെന്നും, ഇന്നലെ തന്നെ പൊലീസിൽ പരാതി നൽകിയെന്നും ഷാ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഫൈസൽ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അച്ഛനെയും മകളെയും ആക്രമിച്ചത്. പള്ളിപ്പുറത്ത് ജുവലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണം കവർന്നതുൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഫൈസൽ.

കാർ പിന്നോട്ട് എടുക്കാൻ കഴിഞ്ഞില്ല; തുരുതുരാ അടി

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പോത്തൻകോട് കാറിൽ മെയിൻ റോഡിലൂടെ വരികയായിരുന്നു ഷായും മകളും. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗുണ്ടകൾ, വാഹനം തിരിക്കാൻ ശ്രമിക്കുകയായിരുന്നു. ഗൂണ്ടാ സംഘം ഇവരോട് കാർ പിന്നോട്ട് എടുക്കാൻ ആവശ്യപ്പെട്ടു. പിന്നിൽ നിറയെ വാഹനങ്ങൾ ആയിരുന്നതിനാൽ പിന്നോട്ട് എടുക്കാൻ കഴിഞ്ഞില്ല. ഇതോടെ, കലിപ്പിലായ ഗൂണ്ടകൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഇരുവരെയും ആക്രമിക്കുകയായിരുന്നു.

തെറി പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. അച്ഛനെ തല്ലുന്നത് തടയാൻ ശ്രമിച്ച മകൾക്ക് നേരെയും അതിക്രമം ഉണ്ടായി. മകളെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ചുറ്റും നാട്ടുകാർ ഉണ്ടായിരുന്നെങ്കിലും, ഗൂണ്ടകളെ തിരിച്ചറിഞ്ഞ് ആരും ഇടപെട്ടില്ല. 'വാപ്പയെ അടിക്കാൻ തുടങ്ങിയതോടെ ഷോക്കായിപ്പോയി, അവർ ഒത്തിരിമോശമായി സംസാരിച്ചു. വാപ്പയെ അടിക്കല്ലേ എന്നുപറഞ്ഞപ്പോൾ എന്നെയും അടിച്ചു': പെൺകുട്ടി പറഞ്ഞു.

'ഭയങ്കര മോശമായാണ് അവർ സംസാരിച്ചത്. വാപ്പയെ അടിച്ചു. പിന്നീട് എന്റെ സൈഡിലേക്ക് വന്ന് തോളിലും മുടിയിലും പിടിച്ചു. എന്നെ അടിച്ചു. ആ സമയത്തെല്ലാം വാപ്പയെയും അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം നല്ല ട്രാഫിക്കുണ്ടായിരുന്നു. നോർമലായിട്ടാണ് ഞങ്ങൾ റോഡിലൂടെ പോയിരുന്നത്. അവരെ പ്രകോപിപ്പിച്ചിട്ടില്ല. സംഭവത്തിൽ നീതി കിട്ടുന്നത് വരെ മുന്നോട്ടുപോകും': ഷായുടെ മകൾ പറഞ്ഞു.

പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരൻ പറഞ്ഞു. മുഖത്താണ് അടിച്ചത്. മകളെയും മർദ്ദിച്ചു. ഇന്നലെ തന്നെ പൊലീസിനെ അറിയിച്ചു. പരാതി നൽകി. ഇന്ന് പൊലീസ് മകളുടെ അടക്കം മൊഴിയെടുത്തുവെന്നും അദ്ദേഹം വിശദീകരിച്ചു.

'എന്നെ അടിക്കല്ലേയെന്ന് പറഞ്ഞ മകളെയും ഉപദ്രവിച്ചു. എന്നെ അടിക്കല്ലേയെന്ന് മകൾ കരഞ്ഞുപറയുന്നുണ്ടായിരുന്നു. മകളെ ഉപദ്രവിച്ചതാണ് ഏറ്റവും വിഷമമായത്. ഞങ്ങളെ മർദിക്കുന്നതല്ലലോ, നമ്മൾ സംരക്ഷിക്കുന്ന അവരെ മർദിക്കുന്നതാണല്ലോ വിഷമമുണ്ടാക്കുക': ഷായുടെ വാക്കുകൾ ഇങ്ങനെ.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ തിരച്ചിലും ഊർജിതമാക്കി. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു. ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കൾ രണ്ട് പേരെ വെട്ടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങൾ തകർത്തത്. ആക്രമണത്തിൽ കാർ യാത്രക്കാരനായ ജയചന്ദ്രൻ, ബൈക്ക് യാത്രക്കാരിയായ ഷീബാ കുമാരി എന്നിവർക്കും പരിക്കേറ്റിരുന്നു.