തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കുള്ളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മുൻ ആർഎസ്എസ് നേതാവ് പിപി മുകുന്ദൻ. സംഭവത്തിൽ ദേശീയ നേതൃത്വം അന്വേഷിക്കണം. സംസ്ഥാന ബിജെപി നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ കണ്ടെത്തി പാർട്ടിക്കുള്ളിൽ അഗ്‌നിശുദ്ധി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലാണ് പിപി മുകുന്ദന്റെ പ്രതികരണം.

സംഭവം നടന്നിട്ടുണ്ടെങ്കിൽ രാജ്യദ്രോഹക്കുറ്റമാണ്. ബിജെപിയുടെ പഴയ കാലത്തെയും പുതിയ കാലത്തെയും പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണിത്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. ഇതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ബിജെപിയുടെ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയെടുക്കണം, പിണറായിയുടെ പൊലീസാണല്ലോ അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അതെ സമയം കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുത്തേയ്ക്കും. പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ മൊഴി എടുക്കുന്നത്.