തിരുവനന്തപുരം: ഒടുവിൽ ഏഷ്യാനെറ്റിന്റെ ഖേദപ്രകടനം. ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും അക്രമത്തെക്കുറിച്ചുമുള്ള വാർത്തകൾ മനഃപൂർവ്വമാണ് ഏഷ്യാനെറ്റ് ന്യൂസ് നൽകാത്തതെന്ന് ലേഖിക പറഞ്ഞത് വിവാദമായിരുന്നു. ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ സീനിയർ റിപ്പോർട്ടർ പി.ആർ. പ്രവീണയാണ് ഇത്തരത്തിൽ പ്രതികരിച്ചത്. കെപിസിസി സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രമണി പി. നായരുടെ മകളാണ് പ്രവീണ.

ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണിൽ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവർത്തകയുടെ പ്രതികരണത്തിൽ അനാവശ്യവും അപക്വവും ആയ പരാമർശങ്ങൾ കടന്നു കൂടിയതിൽ ഞങ്ങൾ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകരോടുള്ള പെരുമാറ്റത്തിൽ ഇത്തരം വീഴ്ചകൾ വരുത്തുന്നതിനോട് ഒട്ടും വിട്ടുവീഴ്ച പുലർത്താത്ത ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന്, ഒരു കാരണവശാലും ഇത് ആവർത്തിക്കില്ലെന്ന്, ഞങ്ങൾക്ക് ഒപ്പം എന്നും നിന്നിട്ടുള്ള പ്രിയ പ്രേക്ഷക സമൂഹത്തിന് ഉറപ്പ് നൽകുന്നു
എഡിറ്റർ

ഇതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പേജിൽ വന്ന മാപ്പപേക്ഷ.

പ്രവീണയും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഖേദ പ്രകടനം നടത്തി.

സുഹൃത്തുക്കളെ, ബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റ് ഓഫീസിലേക്ക് വരുന്നുണ്ട്. കോവിഡ് ഗുരുതരാവസ്ഥ റിപ്പോർട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികൾക്ക് മറുപടി പറയേണ്ടി വന്നപ്പോൾ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയിട്ടുണ്ട്. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. അതിൽ നിർവ്യാജം ഖേദിക്കുന്നു

ബംഗാളിൽ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാർ അനുയായികളാണ്. ഈ വാർത്തകൾ കൊടുക്കാൻ ചാനലിന് മനസില്ലെന്നാണ് പ്രവീണ ഫോൺസംഭാഷണത്തിൽ വ്യക്തമാക്കിയത്. ബംഗാളിലെ അക്രമങ്ങൾ എന്തുകൊണ്ട് ചാനൽ ചർച്ച ചെയ്യില്ലെന്ന് ചോദിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് വിളിച്ച യുവതിയോടാണ് പ്രവീണ ഇക്കാര്യം പറഞ്ഞത്. യാതൊരുവിധ മാന്യതയുമില്ലാതെയാണ് പ്രവീണ സംസാരിച്ചത്. ഇതാണ് വിവാദമായത്.

കോട്ടയത്തുനിന്നും വിളിച്ച യുവതി എന്തുകൊണ്ടാണ് ബംഗാളിലെ അക്രമ സംഭവങ്ങൾ ഏഷ്യാനെറ്റ് കൊടുക്കാത്തതെന്നാണ് ചോദിച്ചത്. ഇതിനു പ്രവീണ നൽകിയ മറുപടി, ബംഗാളിൽ വല്ലവനുമായ സംഘിക്കാർക്ക് അടികൊണ്ടതിന് നമ്മൾ ഇവിടെ കിടന്ന് ബഹളം കാണിച്ചിട്ട് കാര്യമില്ലലോ?. ഈ മറുപടി കേട്ട യുവതി ബംഗാളിൽ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ, ബംഗാളിലുള്ളവർ ഇന്ത്യയിലല്ല, അവർ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങൾക്ക് ഇപ്പോൾ ഈ വാർത്ത കൊടുക്കാൻ സൗകര്യമില്ലെന്നും വേണമെങ്കിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാൽ മതിയെന്നും പ്രവീണ പറയുന്നു.

ഈ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്. പരിവാറുകാർ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാൻ ആഹ്വാനവും നൽകി. ഇതിന് പിന്നാലെയാണ് ഖേദ പ്രകടനം.